വ്യാസന്റെ നീതിപീഠത്തിനു മുന്നില്‍ – കാറ്റുവിതച്ച വിന

June 2, 2013 സനാതനം

ഡോ.അദിതി
ഇഷ്വാകുവംശത്തിലെ ഒരു രാജാവായ മഹാഭിഷന്‍ ആയിരം അശ്വമേധയാഗങ്ങളും നൂറു രാജസൂയ യാഗങ്ങളും നടത്തി. അതുമൂലം അദ്ദേഹം ഇന്ദ്രന്റെ സുഹൃത്തെന്ന പദവിയിലേക്കുയരുകയും സ്വര്‍ഗ്ഗത്തിലെ നിത്യസന്ദര്‍ശകനായിത്തീരുകയും ചെയ്തു. ഒരിക്കല്‍ ദേവന്‍മാരും രാജര്‍ഷികളും ബ്രഹ്മദേവനെ പ്രകീര്‍ത്തിക്കുകയായിരുന്നു. മഹാഭിഷനും അവിടെ സന്നിഹിതനായിരുന്നു. അത്യാകര്‍ഷകമായ സൗന്ദര്യത്തിന്റെ ഉറവിടമായ ഗംഗാദേവിയും അവിടെ വന്നുചേര്‍ന്നു. ആ സമയത്ത് അവിചാരിതമായി വീശിയടിച്ച വായു ഗംഗാദേവിയുടെ വസ്ത്രങ്ങളെ പറത്തി അവളെ നഗ്നയാക്കി. ഇതു കണ്ടു ലജ്ജിച്ച ദേവന്മാര്‍ തലകുനിച്ചു. എന്നാല്‍ മഹാഭിഷനാകട്ടെ ഒരു കൂസലുംകൂടാതെ ഗംഗയുടെ നഗ്നതയെ നോക്കിനിന്നു. മഹാഭിഷന്റെ ഈ പ്രവൃത്തി ബ്രഹ്മാവിന് സഹിച്ചില്ല. കോപാക്രാന്തനായ അദ്ദേഹം മഹാഭിഷനെ ശപിച്ചു. ‘മഹാഭിഷാ, നീ കാമസംതൃപ്തി അടഞ്ഞിട്ടുമതി ഈ സ്വര്‍ഗ്ഗവാതില്‍ കടക്കാന്‍. നിന്നെ കാമാന്ധനാക്കിയ ഈ ഗംഗ ഭൂമിയില്‍ നിന്റെ ഭാര്യയായിത്തീരും. നീ അവളോട് അരോചകമായി പെരുമാറുന്നകാലംവരെ അവള്‍ നിന്റെ ഭാര്യാപദവിയില്‍ തുടരും.’ തന്നോട് ആസക്തി പ്രകടിപ്പിച്ച മഹാഭിഷനെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് ഗംഗാദേവി സ്ഥലം വിട്ടു.

ഗംഗ അവിചാരിതമായാണ് ബ്രഹ്മദേവന്റെ മുന്നില്‍ എത്തിയത്. ചുഴറ്റിയടിച്ച വായുവിന്റെ വേഗതയാണ് അവളെ നഗ്നയാക്കിയത്. ആരാണിവിടെ കുറ്റവാളി? വിശദമായി അതിലേക്ക് കടക്കുംമുമ്പേ ഇതില്‍ ഭാഗഭാക്കായവര്‍ ആരെന്നു പരിശോധിക്കാം. അവര്‍ വായുവും ഗംഗയും, മഹാഭിഷനും, ബ്രഹ്മദേവനുമാണ്. ഗംഗയുടെ ഉടുവസ്ത്രം അവിചാരിതമായ കാറ്റുകൊണ്ട് പൊങ്ങിപ്പോയത് ഗംഗയുടെ കുറ്റമാണോ? ഗംഗയ്ക്കത് ഒഴിവാക്കാന്‍ പറ്റുമായിരുന്നോ? ഇല്ല. കുസൃതിക്കാരനായ കാറ്റ് അപ്രതീക്ഷിതമായാണ് ശക്തമായി വീശിയത്. എന്നാല്‍ നമുക്ക് കാറ്റിനെ കുറ്റം പറയാമോ? വായുവിന്റെ ഗുരുത്വം കെട്ട ആ പ്രവൃത്തിയാണല്ലോ ഇവിടെ നാണക്കേടുണ്ടാക്കിയത്! അതുകൊണ്ട് ഈ സംഭവത്തിലെ മുഖ്യപ്രതി വായുതന്നെ. അതുകൊണ്ട് ബ്രഹ്മദേവന്‍ മഹാഭിഷനെയോ ഗംഗയേയോ അല്ല ശപിക്കേണ്ടിയിരുന്നത്; വായുവിനേയായിരുന്നു. മഹാന്മാരിരിക്കുന്ന സഭയില്‍ വായു ചെയ്ത ഈ കുറ്റം ആരു സഹിക്കും? മഹാന്മാരെന്നുള്ളതുപോകട്ടെ സാക്ഷാല്‍ ബ്രഹ്മദേവന്‍തന്നെ അവിടെ ഇരിക്കുകയായിരുന്നില്ലേ? ദേശം, കാലം, പരിതഃസ്ഥിതി എന്നിവ കണക്കിലെടുക്കുമ്പോള്‍ വായു കാണിച്ചത് മഹാ അപരാധംതന്നെ പിന്നെന്തേ വായുവിനെ ശപിക്കാത്തത്? ഏതാണിവിടത്തെ തെറ്റ്, അല്ലെങ്കില്‍ പാപം? ഒരു കുലാംഗനയെ വസ്ത്രാക്ഷേപം ചെയ്യുന്ന തരത്തില്‍ ഒരുവന്‍ പ്രവര്‍ത്തിച്ചതാണോ കുറ്റം, അതോ ആ വസ്ത്രരഹിതയെ നോക്കിയതാണോ കുറ്റം? സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും വായുതന്നെയാണ് കുറ്റക്കാരന്‍ എന്ന്. എന്നാല്‍ ആ വായുവിനെ കുറ്റക്കാരനായിക്കണ്ട് ശിക്ഷയായ ശാപം കൊടുത്തിട്ടില്ല. അയാളെ പൂര്‍ണ്ണമായും കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഒരുപക്ഷേ മഹാഭിഷനിലോ മറ്റോ സാമാന്യബുദ്ധി മാത്രമുള്ള ഒരാള്‍ കുറ്റം ആരോപിച്ചേക്കാം. എന്നാല്‍ മുഖ്യപ്രതിയായ വായുവിനെ ശിക്ഷയില്‍നിന്നു പൂര്‍ണ്ണമായി വിമുക്തനാക്കിയിട്ട് മറ്റുള്ളവരെ ശിക്ഷിക്കുന്നത് പൂര്‍ണ്ണമായ നിലയിലുള്ള നീതി നടപ്പിലാക്കല്‍ അല്ല. അതുകൊണ്ട് ഈ സംഭവത്തില്‍ ആരെയെങ്കിലും ശിക്ഷിക്കണമെങ്കില്‍ അത് വായുവിനെത്തന്നെ വേണം. മഹാഭിഷനെയോ ഗംഗയേയോ അല്ല. പ്രകൃതത്തിലെ ശാപം അന്യായംതന്നെ. മുഖ്യകുറ്റവാളിയെ വെറുതെവിട്ടിരിക്കുന്നു; രണ്ടും മൂന്നും പ്രതികളെ ശിക്ഷിക്കുകയും ചെയ്തിരിക്കുന്നു.

ഈ വസ്തുത ഇവിടെ നില്‍ക്കട്ടെ. രണ്ടുംമൂന്നും പ്രതികള്‍ കുറ്റം ചെയ്‌തോ ഇല്ലയോ എന്നു പരിശോധിക്കാം. ഒരു കുറ്റവാളിയെ ശിക്ഷിക്കാതെ വിട്ടാലും നിരപരാധിയെ ശിക്ഷിക്കാന്‍ പാടില്ല. അതുകൊണ്ട് ഇവിടെ ശിക്ഷിക്കപ്പെട്ട ഗംഗയും മഹാഭിഷനും കുറ്റം ചെയ്‌തോ ഇല്ലയോ എന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഒരുവനെ ശിക്ഷിക്കാതെ വിട്ടു എന്നത് കുറ്റം ചെയ്ത മറ്റുള്ളവരെ ശിക്ഷിക്കുന്നതിനു ബാധയല്ല. സത്യം പുറത്തുകൊണ്ടുവരാന്‍വേണ്ടി സംഭവം അരങ്ങേറിയ പശ്ചാത്തലവും പ്രതികളുടെ മാനസികാവസ്ഥയും മറ്റും പരിശോധിക്കേണ്ടിയിരിക്കുന്നു. വായുവിന്റെ ഈ ദുഷ്പ്രവൃത്തി നടന്നിരുന്ന സ്ഥലത്ത് കുറേ ദേവന്‍മാരും ഋഷികളും ഉണ്ടായിരുന്നു. അവരാരും ശപിക്കപ്പെട്ടില്ല. എന്തുകൊണ്ട്? അവര്‍ നഗ്നയായ ഗംഗയെ നോക്കിയില്ലേ? നാണം കൊണ്ട് ദേവന്‍മാരും ഋഷികളും തലകുനിച്ചു എന്നു നേരത്തെ പറഞ്ഞുവല്ലോ. ഈ നാണക്കേട് എങ്ങനെയാണ് അവരില്‍ ഉണ്ടായത്? സത്യസന്ധമായി പറഞ്ഞാല്‍ അവരും ഗംഗയെ നോക്കി. അവരതില്‍ കൗതുകമുള്‍ക്കൊണ്ടോ? അവരും കൗതുകമുള്‍ക്കൊണ്ടു എന്നു ധരിക്കേണ്ടിയിരിക്കുന്നു. ദേവന്‍മാര്‍ നാണംകൊണ്ട് ദേവന്മാരും ഋഷികളും തലകുനിച്ചു എന്നു നേരത്തെ പറഞ്ഞുവല്ലോ. ഈ നാണക്കേട് എങ്ങനെയാണ് അവരില്‍ ഉണ്ടായത്? സത്യസന്ധമായി പറഞ്ഞാല്‍ അവരും ഗംഗയെനോക്കി. അവരതില്‍ കൗതുകമുള്‍ക്കൊണ്ടോ? അവരും കൗതുകമുള്‍ക്കൊണ്ടു എന്നു ധരിക്കേണ്ടിയിരിക്കുന്നു. ദേവന്‍മാര്‍ നാണം കൊണ്ട് തലകുനിച്ചു എന്നാണ് പറഞ്ഞത്. അല്ലാതെ അവര്‍ ധര്‍മ്മബോധംകൊണ്ട് തല വെട്ടിത്തിരിച്ചു എന്നല്ല. ദേവന്‍മാര്‍ പുഞ്ചിരിച്ചുകൊണ്ട് തലകുനിച്ചപ്പോള്‍ പ്രകൃത സംഭവത്തില്‍ വേദനിച്ചില്ല എന്നത് ഊഹിക്കാമല്ലോ? ഈ നിലയില്‍ നോക്കുമ്പോള്‍ ദേവന്‍മാരും മഹാഭിഷനും ഗംഗയെ നോക്കിയെന്ന കാര്യത്തില്‍ വ്യത്യാസമില്ല. ഗംഗയുടെ നഗ്നാവസ്ഥയില്‍ അവളില്‍ കണ്ണോടിച്ചത് ഒരു കുറ്റമാണെങ്കില്‍ മഹാഭിഷനും ഗംഗയെ നോക്കിയെന്ന കാര്യത്തില്‍ വ്യത്യാസമില്ല. ഗംഗയുടെ നഗ്നാവസ്ഥയില്‍ അവളില്‍ കണ്ണോടിച്ചത് ഒരു കുറ്റമാണെങ്കില്‍ മഹാഭിഷനും ദേവന്‍മാരും ചേര്‍ന്നുചെയ്തത് ഒരേ കുറ്റമല്ലേ? ഇവിടെ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ സംഭവത്തെപ്പറ്റിയുള്ള മഹാഭിഷന്റെയും ദേവന്‍മാരുടെയും പ്രവര്‍ത്തനത്തില്‍ വ്യത്യാസം കണ്ടെത്താം. ദേവന്‍മാര്‍ നാണംപ്രകടിപ്പിച്ചു. മഹാഭിഷന്‍ ഗംഗയെ നോക്കിനിന്നു. നോക്കിനിന്നതുകൊണ്ടാണ് മഹാഭിഷനു ശിക്ഷകൊടുത്തത് എന്നവാദമുഖം നിലനില്‍ക്കുമോ? നിലനില്‍ക്കത്തക്കതല്ല. ഒരു കാര്യത്തില്‍ നാണം തോന്നുന്നതും തോന്നാത്തതുമെല്ലാം ഓരോരുത്തരുടേയും മാനസികാവസ്ഥ അനുസരിച്ചാണ്. ഒരുവന് നാണക്കേടു തോന്നിയാലും അയാളതു പ്രകടിപ്പിച്ചു എന്നു വരികയില്ല. വേറൊരുവന് നാണക്കേടു തോന്നിയില്ലെങ്കിലും അയാള്‍ നാണം പ്രകടിപ്പിച്ചെന്നുവരാം. അതുകൊണ്ട് മഹാഭിഷന്‍ നാണം പ്രകടിപ്പിക്കാത്തതാണ് ശിക്ഷയ്ക്കുള്ള കാരണമെങ്കില്‍ ആ ശിക്ഷ അന്യായവും അനുചിതവുമാണ്.

ഏതൊരു അസ്വാഭാവികതയും ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും. മനോഹരമായ ഒന്നായാലും ശരി, വൃത്തികെട്ടതായാലും ശരി, ഒരുവന്റെ മുന്നിലുള്ളതിനെ അവന്‍ നോക്കിപ്പോകും. ഔചിത്യത്തിന്റെ തത്ത്വസംഹിതകളും വ്യക്തിപ്രഭാവത്തിന്റെ പട്ടികകളുമൊന്നും ഇവിടെ കാര്യകാരി അല്ല. അതുകൊണ്ട് നഗ്നയായ ഗംഗയെ നോക്കിപ്പോയത് അന്തസ്സിനു യോജിച്ചതല്ലെന്നോ ഗുരുതരമായ തെറ്റാണെന്നോ വിലയിരുത്താന്‍ പറ്റിയതല്ല. എന്നാല്‍ ഈ വാദമുഖവും മഹാഭിഷനെ ശാപത്തിന്റെ പരിധിയില്‍നിന്നു മോചിപ്പിക്കാന്‍ പര്യാപ്തമല്ല.

ഗംഗയെ വസ്ത്രരഹിതയാക്കുന്നതില്‍ വായു വിജയിച്ചു. എന്നാലിതില്‍ ഗംഗയ്ക്ക് പരാതിയില്ല. ഒരു നാണവും തോന്നാതെയാണ് മഹാഭിഷന്‍ ആ കാഴ്ച കണ്ടത്. പിന്നെ എന്തിനാണ് ബ്രഹ്മാവ് ഇവിടെ ഇടപെട്ടത്? പരാതിയില്ലാതെ ശിക്ഷിക്കാമോ? ഗംഗയ്ക്ക് പരാതിയില്ലല്ലോ? കുറ്റവാളിയെ ശിക്ഷിക്കാന്‍ പരാതി വേണമെന്നുള്ളത് ഒരു സാമാന്യനിയമം. പരാതിയില്ലെങ്കിലും ഇത്തരം സംഭവങ്ങളില്‍ നിയമവും ധാര്‍മ്മിതയും തമ്മില്‍ ഒരു പോരാട്ടമുണ്ട്. നീതിന്യായം നടത്തുന്നത് നിയമത്തില്‍ മാത്രം ശ്രദ്ധിച്ചുപോരാ. സാമൂഹികവശങ്ങളെക്കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. ഈ നിലയില്‍ നോക്കുമ്പോള്‍ പ്രസ്തുത വിഷയത്തിലേക്കുള്ള ബ്രഹ്മാവിന്റെ ഇടപെടല്‍ സാമൂഹിക നീതിയിലുള്ള വിഷയമായതുകൊണ്ട് അത്യാവശ്യമായിരുന്നു. മഹാഭിഷന്റെ പ്രവൃത്തി സാമൂഹ്യ വിരുദ്ധമായിരുന്നോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

സാമൂഹികനീതിയുടെ ആഴവും പരപ്പും ഒന്നും ഒരു കോലുകൊണ്ട് അളന്നു കണക്കാക്കാന്‍ പറ്റുകയില്ല. ഇവിടെ ബ്രഹ്മാവുപോലും ഒരു നിമിഷത്തേക്കെങ്കിലും വായുവിന്റെ കയ്യാങ്കളിക്കു വിധേയയായ ഗംഗയെ കണ്ടുകാണും. അതൊരു പാപമല്ലയ, സ്വാഭാവിക പ്രതിഫലനംമാത്രം. ഇവിടെ കാമാര്‍ത്തനായി നോക്കിയോ എന്നതാണ് വിഷയം. മഹാഭിഷന്‍ ഗംഗയെ നോക്കിയത് കാമാര്‍ത്തനായിട്ടാണ്. ബ്രഹ്മാവ് നോക്കിയത് യാദൃശ്ചികം. ദേവന്മാര്‍ നോക്കിയെങ്കിലും അവര്‍ സാമൂഹികധര്‍മ്മം വെടിഞ്ഞില്ല. ബ്രഹ്മാവിനോടുള്ള ബഹുമാനംകൊണ്ടെങ്കിലും അവര്‍ തലതാഴ്ത്തി. മഹാഭിഷനാകട്ടെ ബ്രഹ്മാവിന്റെ സാന്നിദ്ധ്യം വകവയ്ക്കാതെ ഗംഗയെ നോക്കിനിന്നത് ബ്രഹ്മദേവനോടുള്ള അവഹേളനമായി. അതുകൊണ്ട് മഹാഭഷനുള്ള ബ്രഹ്മദേവന്റെ ശാപം അസ്ഥാനത്തല്ല. സ്വകാര്യമായി ഒരുവന്‍ ചെയ്യാനുള്ള കാര്യങ്ങള്‍ അന്യര്‍ നോക്കിനില്‍ക്കെ ചെയ്യുകയില്ലല്ലോ? വായുവിനെ ശിക്ഷിക്കാതെ വിട്ടു എന്നത് നീതിന്യായത്തിലെ ഒരു പിശകുതന്നെ. ബ്രഹ്മാവിന്റെ സാന്നിധ്യം വകവെച്ച ദേവന്മാര്‍ നാണംകൊണ്ടു തലകുനിച്ചതോടുകൂടി സാമൂഹികനീതിയ്‌ക്കൊത്ത് ഉയര്‍ന്നു കഴിഞ്ഞു. അതിനാല്‍ അവര്‍ക്ക് ശിക്ഷയില്ല. ദേവന്‍മാര്‍ കാണിച്ച ഔചിത്യം മഹാഭിഷന്‍ കാണിച്ചില്ല. അതിനാല്‍ ആ ശിക്ഷയോഗ്യം തന്നെ.

ഗംഗ കുറ്റക്കാരിയാണോ? കുറ്റക്കാരി എന്നു പറയേണ്ടിയിരിക്കുന്നു. അവിചാരിതമായി ഉണ്ടായിപ്പോകാവുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു തൂണിന്റെ മറവിലോ, അതുമല്ലെങ്കില്‍ ബ്രഹ്മദേവന്റെ പുറകിലോ ഓടി ഒളിക്കാമായിരുന്നു. കുറഞ്ഞപക്ഷം കരങ്ങള്‍കൊണ്ട് നഗ്നത മറയ്ക്കാന്‍ ശ്രമിക്കാമായിരുന്നു. അവളുടെ നിലകണ്ടാല്‍ വസ്ത്രാക്ഷേപത്തിന് അവള്‍ വായുവിനെ അനുവദിച്ചപോലെതോന്നും. ഈ പ്രവൃത്തി ബ്രഹ്മാവിനോടും സമൂഹത്തോടുമുള്ള ഗംഗയുടെ ബഹുമാനം ഇല്ലായ്മ വ്യക്തമാക്കി. അതുകൊണ്ട് മഹാഭിഷനും ഗംഗയും ശപിക്കപ്പെടാന്‍ യോഗ്യര്‍തന്നെ. എന്തായാലും ശാപത്തില്‍നിന്ന് വായുവിനെ ഒഴിവാക്കിയ വ്യാസനീതിയോട് യോജിക്കാന്‍ വയ്യാ. വീശിയടിക്കുക എന്നത് വായുവിന്റെ സഹജമായ സ്വഭാവമല്ലേ എന്നു ചിലര്‍ വാദിച്ചേക്കാം. ആളും തരവും പരിതഃസ്ഥിതിയും ഇവിടെ ശ്രദ്ധിക്കപ്പെട്ടിട്ടില്ല എന്നത് മേല്‍പറഞ്ഞ വാദമുഖത്തെ ദുര്‍ബലമാക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം