അയ്യങ്കാവ് ക്ഷേത്രത്തിലെ മോഷണശ്രമം: പ്രതി അറസ്റില്‍

June 3, 2013 കേരളം

കോതമംഗലം: അയ്യങ്കാവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വാതിലുകള്‍ തകര്‍ത്തു മോഷണം നടത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റില്‍. ഇടുക്കി തങ്കമണി മരിയപുരം നിരവത്ത് മഹേഷ് (സന്തോഷ്-32) ആണ് അറസ്റിലായത്. ചെറുതോണി ബസ് സ്റാന്‍ഡ് പരിസരത്തുനിന്നാണ് ഇന്നലെ പ്രതിയെ പിടികൂടിയത്. പത്തോളം മോഷണക്കേസില്‍ പ്രതിയായി നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അയ്യങ്കാവ് ക്ഷേത്രത്തില്‍നിന്നു കിട്ടിയ പ്രതിയുടെ വിരലടയാളം വച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണു മഹേഷ് പിടിയിലായത്.

ഏപ്രില്‍ 26നാണു കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്ര പരിസരത്തു കിടന്ന കല്ലെടുത്തു ശ്രീകോവിലിന്റെ വാതില്‍ തകര്‍ത്തു മോഷണം നടത്താനായിരുന്നു പ്രതിയുടെ ശ്രമം. കല്ലെടുത്തു വാതിലിലേക്ക് എറിഞ്ഞ സമയം സമീപവീട്ടിലെ ഒരു യുവാവ് റോഡില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുന്നതു മഹേഷ് കണ്ടു. കല്ലെറിഞ്ഞ ശബ്ദം കേട്ടു വിവരം പോലീസിനെ അറിയിക്കുകയാണെന്നു തെറ്റിദ്ധരിച്ച് പ്രതി കൃത്യത്തില്‍നിന്നു പിന്തിരിയുകയായിരുന്നു. ഇതിനിടയില്‍ ക്ഷേത്ര ഓഫീസിന്റെ ഗ്രില്ലിനിടയില്‍കൂടി മേശ വലിപ്പ് തുറന്നു ഫയലുകള്‍ വലിച്ചുവാരിയിട്ടു മോഷണം നടത്താനും ശ്രമിച്ചിരുന്നു. ക്ഷേത്രത്തില്‍നിന്നു തിരുവാഭരണങ്ങളോ പണമോ മറ്റു വിലപിടിച്ചവയൊന്നും നഷ്ടപ്പെട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. റോഡില്‍ ആളെ കണ്ടു സമീപത്തെ ചായക്കടയുടെ തട്ടിനടിയില്‍ ഒളിച്ചശേഷം പുലര്‍ച്ചയോടെ ബസില്‍ കയറി അടിമാലിക്കു പോയി. പിന്നീടു പല സ്ഥലങ്ങളിലായി കഴിയുകയായിരുന്നു. പൊതുസ്ഥലത്ത് ആള്‍ക്കൂട്ടത്തില്‍ അപസ്മാര രോഗിയായി അഭിനയിച്ചു പണം തട്ടുന്നതില്‍ ഇയാള്‍ കുപ്രസിദ്ധനാണ്.

പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കാലടി, അടിമാലി, തൊടുപുഴ, കരിങ്കുന്നം, തിരുവനന്തപുരം തുടങ്ങിയ സ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. 2010ല്‍ മന്ത്രി പി.ജെ. ജോസഫിന്റെ സഹോദരിയുടെ വീട്ടില്‍നിന്ന് 1.85 ലക്ഷം രൂപയും 11 പവനും മോഷ്ടിച്ച കേസിലെ പ്രതിയാണു മഹേഷ്. പതിനൊന്നാം വയസില്‍ അയല്‍പക്കത്തെ വീടിനു തീയിട്ടതിനെ തുടര്‍ന്നു ദുര്‍ഗുണ പരിഹാര പാഠശാലയില്‍ മൂന്നുവര്‍ഷം ശിക്ഷ ലഭിച്ചു. ഇതിനിടെ, അവിടെനിന്നു ചാടിപ്പോയി. പെരുമ്പാവൂരിനു സമീപം ഒക്കലിലെ സ്കൂളില്‍ കംപ്യൂട്ടര്‍ മോഷ്ടിച്ച് അവിടെയിരുന്നു ടിവി കണ്ടുകൊണ്ടിരിക്കെ ഉറങ്ങിപ്പോയതിനെ തുടര്‍ന്നു പോലീസിന്റെ പിടിയിലായിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെ പ്രതിയെ അയ്യങ്കാവ് ക്ഷേത്രത്തിലെത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതിയുടെ പേരിലുള്ള മറ്റു കുറ്റകൃത്യങ്ങളില്‍ കൂടി തെളിവെടുപ്പു നടത്തിയശേഷം കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു. കേസ് അന്വേഷണത്തിനു കോതമംഗലം സിഐ കെ.പി. ജോസ്, എസ്ഐമാരായ ലൈജുമോന്‍, വി.കെ. മോഹനന്‍, സിപിഒമാരായ കെ.കെ. മണില്‍, മാര്‍ട്ടിന്‍ ജോസഫ്, പി.കെ. വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം