ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കില്ല

June 3, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ലെന്ന് ഉറപ്പായി. ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനോട് ഹൈക്കമാന്‍ഡിന് താത്പര്യമില്ല. ഈ സാഹചര്യത്തില്‍ ചെന്നിത്തലയുടെ കാര്യത്തില്‍ അനുകൂല നിലപാട് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഉണ്ടാകില്ല. ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇതുസംബന്ധിച്ച് സൂചന പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ലഭിച്ചെന്നാണ് വിവരം. കോണ്‍ഗ്രസ് മറ്റുപാര്‍ട്ടികളുമായി ചേര്‍ന്നു ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഘടകകക്ഷികളാണ് ഉപമുഖ്യമന്ത്രിപദം വഹിക്കുന്നത്. കോണ്‍ഗ്രസ് ഒറ്റയ്ക്കു ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയില്‍ നിന്നുതന്നെ ഒരാളെ ഉപമുഖ്യമന്ത്രിയാക്കുന്ന പതിവില്ല. രണ്ട് അധികാര സ്ഥാനങ്ങള്‍ ഉണ്ടാകുന്നതിനോട് പാര്‍ട്ടി നേതൃത്വത്തിന് താല്‍പര്യമില്ല. അതേസമയം, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ലെന്ന സൂചന കിട്ടിയതിനാല്‍ ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രി സോണിയാ ഗാന്ധിയോട് അനുമതി തേടിയതായാണ് വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നാണ് സൂചന. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് വയലാര്‍ രവി, അഹമ്മദ് പട്ടേല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍