ഹരിത കേരളം : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

June 3, 2013 കേരളം

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പും, പരിസ്ഥിതി കാലാവസ്ഥാവ്യതിയാന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം സര്‍വ്വോദയ സ്‌കൂളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. കെ.മുരളീധരന്‍ എം.എല്‍.എ. ആദ്ധ്യക്ഷ്യം വഹിക്കും.

2012-ലെ സംസ്ഥാന വനമിത്ര പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി സമ്മാനിക്കും. വൃക്ഷവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പുമായി സഹകരിക്കുന്ന ഗ്രീന്‍ പാര്‍ട്ട്‌ണേഴ്‌സിനെ കേന്ദ്ര മാനവ വികസന സഹമന്ത്രി ശശിതരൂര്‍ ആദരിക്കും. സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കുള്ള വൃക്ഷത്തൈ വിതരണം വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബും, പഞ്ചായത്തുകള്‍ക്കുള്ള വൃക്ഷത്തൈ വിതരണം പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പുമന്ത്രി എം.കെ.മുനീറും ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ വനമിത്ര പുരസ്‌കാരവും, വാവ സുരേഷിനുള്ള അവാര്‍ഡും മേയര്‍ അഡ്വ.കെ.ചന്ദ്രിക വിതരണം ചെയ്യും. ഹരിതകേരളം 2013-ന്റെ ഭാഗമായി തയ്യാറാക്കിയ വിശേഷ തപാല്‍ കവറിന്റെ പ്രകാശനം ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ നിര്‍വ്വഹിക്കും. സുഗതകുമാരി വൃക്ഷത്തൈകള്‍ ഏറ്റുവാങ്ങും.

പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.രാജരാജവര്‍മ്മ, പരിസ്ഥിതി കാലാവസ്ഥാവ്യതിയാന വകുപ്പ് ഡയറക്ടര്‍ പി.ശ്രീകണ്ഠന്‍ നായര്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഉമ്മന്‍ വി.ഉമ്മന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എ.ഷാജഹാന്‍, നഗരസഭാ പ്രതിപക്ഷ നേതാവ് ജോണ്‍സണ്‍ ജോസഫ്, സര്‍വ്വോദയ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ജോര്‍ജ്ജ് മാത്യു കരൂര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സാമൂഹ്യവനവത്കരണം) ബി.എസ്.കോറി തുടങ്ങിയവര്‍ സംബന്ധിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം