വിവരാവകാശ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ; എതിര്‍പ്പുമായി സിപിഎമ്മും സിപിഐയും രംഗത്തെത്തി

June 4, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ കൊണ്ടുവരുന്നതില്‍ സിപിഎമ്മിനും സിപിഐക്കും എതിര്‍പ്പ്. വിവരാവകാശത്തിന്റെ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാല്‍ സ്വതന്ത്ര പ്രവര്‍ത്തനത്തിന് തടസമാകും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കണമെന്നും ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടുകളുടെ വിവരങ്ങള്‍ നല്‍കുന്നതില്‍ ഇരു പാര്‍ട്ടികള്‍ക്കും എതിര്‍പ്പില്ല. ആരൊക്കെ ഫണ്ട് നല്‍കുന്നു എന്ന് എല്ലാ പാര്‍ട്ടികളും വ്യക്തമാക്കണം. എന്നാല്‍ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളെക്കുറിച്ചോ കമ്മിറ്റികളില്‍ നേതാക്കള്‍ പറയുന്ന അഭിപ്രായങ്ങളോ പുറത്തുപറയാന്‍ കഴിയില്ലെന്നാണ് ഇരു പാര്‍ട്ടികളുടെയും നിലപാട്. അത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് പാര്‍ട്ടികളുടെ നിലനില്‍പ്പിനെ ബാധിക്കും. ഇക്കാര്യം വിവരാവകാശ കമ്മീഷന് മുന്‍പ് നല്‍കിയ സത്യവാംഗ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നതാണ്. ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. നടപടി അംഗീകരിക്കാനാകില്ലെന്നു സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വ്യക്തമാക്കി. എങ്ങനെ ഇതിനെ മറികടക്കുമെന്നതു സംബന്ധിച്ച ഭാവി നിലപാടിനെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്‍ക്കാര്യങ്ങളെക്കുറിച്ച് അറിയിക്കണമെന്ന് ആവശ്യപ്പെട്ടു നിരവധി അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വിവിധ കക്ഷികളുടെ അഭിപ്രായം തേടിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍