പവന്‍കുമാര്‍ ബന്‍സലിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

June 4, 2013 ദേശീയം

ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ രാജിവെച്ച മുന്‍ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ഇതിനായി ബന്‍സലിനോട് ഹാജരാകാന്‍ സിബിഐ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍വേ ബോര്‍ഡംഗമായ മഹേഷ്കുമാറിന് ഇലക്ട്രിക്കല്‍ വിഭാഗത്തിലേക്ക് മാറ്റം നല്‍കാനായി ബന്‍സലിന്റെ അനന്തരവന്‍ വിജയ് സിംഗ്ളയാണ് 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. ഇടപാടില്‍ ബന്‍സലിന്റെയും റെയില്‍വേ മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരുടെയും പങ്കാണ് സിബിഐയ്ക്ക് പ്രധാനമായും അറിയേണ്ടത്. മഹേഷ്കുമാറും പവന്‍കുമാര്‍ ബന്‍സലും മുംബൈയില്‍ ഏപ്രില്‍ 16 ന് നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും സിബിഐ തേടും. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മഹേഷ്കുമാറിന് ബോര്‍ഡംഗമായി സ്ഥാനക്കയറ്റം നല്‍കിയത്. കൂടിക്കാഴ്ചയുടെ തെളിവുകള്‍ സിബിഐയുടെ പക്കലുണ്ട്. വിജയ് സിംഗ്ളയും മഹേഷ്കുമാറും ഇടപാടില്‍ പങ്കുളള മറ്റുള്ളവരും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയ സിബിഐ പണം നല്‍കുന്നതിനിടെ ഇവരെ പിടികൂടുകയായിരുന്നു. ഈ ഫോണ്‍ സംഭാഷണങ്ങളില്‍ സംശയമുളള കാര്യങ്ങളും സിബിഐ ബന്‍സലിനോട് ആരായും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം