യുവജനങ്ങളുടെ തൊഴില്‍സംരംഭം: ധാരണാപത്രം ഒപ്പിട്ടു

June 5, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാന യുവജനനയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി യുവജനങ്ങളുടെ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുളള ധാരണാപത്രം ഒപ്പിട്ടു. യുവജനകാര്യവകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയുടെ സാന്നിദ്ധ്യത്തില്‍ ദേശീയ സ്ഥാപനമായ എന്‍ട്രപ്രെണര്‍ ഡെവലപ്മെന്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ഡോ. ദിനേശ് അവസ്തിയും യുവജനക്ഷേമബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ആര്‍. ലീലാമ്മയുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

സംസ്ഥാനത്ത് മൂന്ന് വര്‍ഷം കൊണ്ട് 2100 പുതിയ തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്തും പ്രവര്‍ത്തപരിചയമുളള ദേശീയ സ്ഥാപനത്തിന്റെ സഹകരണം സംരംഭകത്വവികസനരംഗത്ത് വലിയ മാറ്റത്തിന് വഴി തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. യുവജനങ്ങളില്‍ സംരംഭകത്വബോധം വളര്‍ത്തുക, ആവശ്യമായ പരിശീലനം നല്‍കുക, അനുയോജ്യമായ സംരംഭങ്ങള്‍ കണ്ടെത്തുന്നതിനും ആവശ്യമായ മൂലധനം സ്വരൂപിക്കുന്നതിനും സഹായിക്കുക, ലാഭകരമാകുന്നതുവരെ മാര്‍ഗ്ഗിര്‍ദ്ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് ധാരണാപത്രപ്രകാരം ഉദ്ദേശിക്കുന്നതെന്ന് യുവജനക്ഷേമബോഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് പറഞ്ഞു. തൊഴില്‍അന്വേഷകര്‍ എന്ന നിലയില്‍ നിന്ന് തൊഴില്‍ ദാതാക്കളായി യുവജനങ്ങളെ മാറ്റുക എന്ന ലക്ഷ്യത്തിലേയ്ക്കുളള ഒരു ചുവടുവയ്പാണിത്. ആദ്യവര്‍ഷം 450, രണ്ടാം വര്‍ഷം 600, മൂന്നാം വര്‍ഷം 1050, എന്ന പ്രകാരം ആകെ 2100 സംരംഭകരെയാണ് ലക്ഷ്യമിടുന്നത്. ഒന്നാം വര്‍ഷത്തെ ധാരണാപത്രമാണ് ഒപ്പുവച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം