നവാസ് ഷെരീഫ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

June 5, 2013 രാഷ്ട്രാന്തരീയം

ഇസ്ളാമാബാദ്: നവാസ് ഷെരീഫ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാം വട്ടമാണ് അദ്ദേഹം പ്രധാനമന്ത്രിയാകുന്നത്. 63 വയസുകാരനായ ഷെരീഫിന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പട്ടാള അട്ടിമറിയിലൂടെ അധികാരം നഷ്ടപ്പെടുകയും പിന്നീട് നാടു കടത്തപ്പെടുകയും ചെയ്തതിനു ശേഷം മടങ്ങിയെത്തിയ ഷെരീഫ് വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് ചുവടു വയ്ക്കുന്നതോടെ ഒരു രാഷ്ട്രീയ വൃത്തം പൂര്‍ണമാവുകയാണ്. പാക്കിസ്ഥാന്റെ 27ാമതു പ്രധാനമന്ത്രിയാണ്. ആദ്യമായാണ് പാക്കിസ്ഥാനില്‍ ഒരാള്‍ മൂന്നാമതും പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 1990-1993ലും 1997-1999ലുമാണ് ഇതിനു മുന്‍പ് ഷെരീഫ് പ്രധാനമന്ത്രിയാകുന്നത്. രണ്ടുവട്ടവും അദ്ദേഹത്തിന് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യവട്ടം അഴിമതി ആരോപണത്തെ തുടര്‍ന്നും രണ്ടാംവട്ടം പര്‍വേസ് മുഷാറഫിന്റെ നേതൃത്വത്തില്‍ നടന്ന പട്ടാള അട്ടിമറിയുമാണ് ഷെരീഫിന് വിനയായത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം