നിയമസഭയുടെ ആദരവുമായി സ്പീക്കര്‍ ജസ്റ്റിസ് കൃഷ്ണയ്യരെ സന്ദര്‍ശിച്ചു

June 6, 2013 കേരളം

കൊച്ചി: 125-ാം വാര്‍ഷികം ആഘോഷിക്കുന്ന കേരളനിയമസഭയുടെ ആദരം നേരിട്ട് സമര്‍പ്പിക്കാന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരെ സന്ദര്‍ശിച്ചു. ഐക്യകേരളത്തിലെ ആദ്യനിയമസഭയില്‍ അംഗമായിരു ജീവിച്ചിരിക്കുന്ന ഏഴുപേരില്‍ ഒരാളാണ് ജസ്റ്റിസ്.

പൊന്നാടയും ഫലകവും സ്പീക്കറില്‍ നിന്നേറ്റുവാങ്ങിയ കൃഷ്ണയ്യര്‍ ഈ ബഹുമതി വാങ്ങാന്‍ കഴിഞ്ഞതിലെ ചാരിതാര്‍ഥ്യം മറച്ചുവച്ചില്ല. നിയമസഭ 125 വര്‍ഷം ആഘോഷിക്കുകയാണെന്നും ആദ്യസഭയിലെ ജീവിച്ചിരിക്കുന്ന ഏഴു പേരെ ആദരിക്കുകയാണെന്നും സ്പീക്കര്‍ ആമുഖമായി പറഞ്ഞു. 100 വയസു പൂര്‍ത്തിയാക്കിയ റോസമ്മ പുന്നൂസിനെ ഇതിനകം ആദരിച്ചതായും പറഞ്ഞപ്പോള്‍ തനിക്ക് 99 വയസായെന്ന കാര്യം ജസ്റ്റിസും ധരിപ്പിച്ചു.

ഇവരെ കൂടാതെ കെ.ആര്‍.ഗൗരിയമ്മ, ചന്ദ്രശേഖരന്‍നായര്‍, മാലേത്ത് ചന്ദ്രശേഖരന്‍, വെളിയം ഭാര്‍ഗവന്‍, കാട്ടാക്കട ആര്‍.ബാലകൃഷ്ണപിള്ള എന്നിവരെയും താമസിയാതെ ആദരിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. ഈ ബഹുമതി താന്‍ പൂര്‍ണമനസോടെ ഏറ്റുവാങ്ങുമെന്നറിയിച്ച കൃഷ്ണയ്യര്‍ നിയമസഭയുടെ മാസിക ഇപ്പോഴും ഇറങ്ങുന്നില്ലേയന്നാരാഞ്ഞു. ഉണ്ടെന്ന മറുപടിക്കിടെ താന്‍ സോഷ്യലിസത്തെക്കുറിച്ച് എഴുതിയ ലേഖനം അയച്ചുതരുന്നുണ്ടെന്നും പ്രസിദ്ധീകരിക്കണമെന്നും പറഞ്ഞു. തീര്‍ച്ചയായും എന്നതിനൊപ്പം ഒപ്പമുണ്ടായിരുന്ന ഹൈബി ഈഡന്‍ എം.എല്‍.എ.യെ ചൂണ്ടി ഇവരൊക്കെ വായിച്ചുപഠിക്കട്ടെയെന്നും സ്പീക്കര്‍ പറഞ്ഞു.

ഇരിങ്ങാലക്കുടയില്‍ അന്തരിച്ച ലോനപ്പന്‍ നമ്പാടന്‍ മാസ്റ്റര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പോയിവരും വഴിയാണ് സ്പീക്കര്‍ ജസ്റ്റിസിനെ കാണാനെത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം