പ്രകൃതിരഹസ്യം

June 6, 2013 ഗുരുവാരം,പാദപൂജ

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

എല്ലാ വസ്തുക്കളും ത്രിഗുണസ്വരൂപമായതുകൊണ്ട് സ്വഭാവസാമ്യത നിലനില്ക്കുന്നു. എന്നാല്‍ ജീവാത്മാവിന്റെ കര്‍മാനുസൃത വൈവിധ്യങ്ങള്‍ ഇവയോടനുബന്ധമായി സൃഷ്ടിക്കുന്ന പ്രത്യേകതകളാണ് വസ്തുവൈവിധ്യമുണ്ടാക്കിത്തരുന്നത്. ഒരേ വസ്തുവിനെ പലതരത്തില്‍ കാണുന്നത് ലോകത്തിന്റെ സാധാരണത്വമാണ്. ഈ സാധാരണത്വം വസ്തുവിനും മനസ്സിനും തമ്മിലുള്ള  ബന്ധത്തില്‍ നിന്നുണ്ടാകുന്നതുമാണ്. കലാകാരന്റെ ദൃഷ്ടി, കവിയുടെ ദൃഷ്ടി, ശാസ്ത്രജ്ഞന്റെ ദൃഷ്ടി, മൂഢാത്മാവിന്റെ ദൃഷ്ടി ഇങ്ങനെ പലര്‍ക്കും ഓരോ വസ്തുവെപ്പറ്റിയുണ്ടാകുന്ന അഭിപ്രായങ്ങള്‍ പലതാണ്. വസ്തുവിനുണ്ടായ മാറ്റമല്ലഇതിനുകാരണം. അവനവന്റെ ജീവനില്‍ സ്പഷ്ടമായി കണ്ടരൂപങ്ങള്‍ മനസ്സായി രൂപ്പപെടുകയും ആ മനസ്സിന്റെ ഗുണരൂപം വസ്തുവില്‍ കണ്ടെത്തുകയുമാണ് ചെയ്യുന്നത്. ഇവിടെ വസ്തുവിന് മാറ്റംസംഭവിക്കാതെ മനസ്സിന്റെ വാസനാജന്യമായ സന്ദര്‍ഭങ്ങളാണ് മാറ്റമായി അനുഭവപ്പെട്ടത്.

കാണപ്പെട്ട വസ്തുവിന് കാണുന്നവനില്‍ നിന്നന്യമായിട്ടുള്ള ഗുണവിശേഷങ്ങളുണ്ട്. അതായത് ഓരോ വസ്തുവിലും അതാതിന്റെ കര്‍മപരിണാമസ്വഭാവം ഉണ്ടെന്നുവേണം ചിന്തിക്കുവാന്‍. ത്രിഗുണങ്ങളൊന്നിചേര്‍ന്ന് അവ്യക്തമായിത്തീരുമ്പോള്‍ അവിടെ ഒരേകത്വം നിലനില്ക്കുന്നു. എന്നാല്‍ ത്രിഗുണങ്ങളെപ്പറ്റിയുള്ള പൂര്‍വഭാവനയാണ് വസ്തുവിനെപ്പറ്റിയുള്ള വിവിധാഭിപ്രായങ്ങളായി രൂപപ്പെട്ടത്. ഇത് തന്നെയാണ് ലോകത്ത് ഭിന്നരുചിസൃഷ്ടിക്കുവാനും വൈവിധ്യങ്ങളും നിരൂപണങ്ങളും നിലനിര്‍ത്തുവാനും കാരണമായ സത്യം. ഈ പറഞ്ഞ ആശയം പ്രകൃതിരഹസ്യത്തെയും ആത്മരഹസ്യത്തെയും വ്യക്തമാക്കുന്നതാണ്. പ്രകൃതിയുടെ പരിണാമഘട്ടങ്ങളെ ഏകത്വത്തിന്റെ (അവ്യക്തം) ദൃശ്യങ്ങളായും ദൃശ്യവസ്തുക്കളായിത്തീരുന്നതിനുള്ള പരിണാമഘട്ടമായും വിലയിരുത്തുമ്പോള്‍ മോഷണമായാലും, പൂജയായാലും സംഭവിക്കുന്നതെല്ലാം ഒരേ ജീവന്റെ വാസനാസ്വരൂപങ്ങളാണെന്ന് വ്യക്തമാകും.

സ്വാമിജിയെപ്പോലുള്ള മഹാത്മാക്കള്‍ക്ക് പ്രകൃതിരഹസ്യം കരതലാമലകംപോലെ കൈക്കുള്ളിലായിരിക്കുമ്പോള്‍ മോഷ്ടിക്കുന്നവനും പൂജിക്കുന്നവനും കര്‍മത്തിന്റെ വിവിധഘട്ടങ്ങളില്‍ എത്തി നില്ക്കുന്ന സംഭവങ്ങളായിട്ടേ കാണാനാകൂ. ശിക്ഷയും രക്ഷയും ഒരേസമയം നല്കുന്ന അനേകസംഭവങ്ങള്‍ സ്വാമിജിയുടെ ജീവിതത്തിലുണ്ടായിട്ടുള്ളത് ഇവിടെ പ്രത്യേകരമണീയമത്രേ. ”പരിണാമൈകത്വാദ് വസ്തുതത്ത്വം” -‘പരിണാമങ്ങളുടെ ഏകത്വംകൊണ്ടാണ് വസ്തുക്കള്‍ക്കും ഏകത്വം’ . – എന്ന് ആചാര്യന്‍ വസ്തുതത്ത്വ രഹസ്യം വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷാര്‍ഹമായ പല പ്രവൃത്തികളും കര്‍മത്തിന്റെ ദോഷവശങ്ങളെ ഇല്ലാതാക്കുന്ന ശിക്ഷയായും തന്മൂലം തെറ്റില്‍നിന്നുമുക്തമായ രക്ഷയായും പരിണമിക്കുന്നത് രാമസങ്കല്പത്തിലും സ്വാമിജിയിലെ ആത്മാരാമസങ്കല്പത്തിലും ഒരേ പോലെ ദൃശ്യമാണ്.

സ്വാമിജിയുടെ ജീവിതത്തിലെ സംഭവങ്ങളുടെ ഒരു വലിയ പരമ്പര തന്നെ പ്രപഞ്ചസംഗ്രഹത്തിനും ആത്മമസംഗ്രഹത്തിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കികൊണ്ട് ഭക്തജനങ്ങള്‍ക്ക് ഇന്നും അനുഗ്രഹത്തെ നല്കുന്നു. അവയില്‍ ചിലത് താഴെ പ്രസ്താവിക്കാം. ശ്രീമാന്‍ ചന്ദ്രശേഖരപിള്ള ചെറുപ്പുംമുതലേ അറിയപ്പെടുന്ന ഒരു പുരാണപാരായണക്കാരനാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അദ്ദേഹം അശ്രമത്തിലെ മിക്ക വിശേഷദിവസങ്ങളിലും ആശ്രമത്തിലെത്തി രാമായണം വായിക്കാറുണ്ടായിരുന്നു. ആശ്രമത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമുള്ളപ്പോഴൊക്കെ അദ്ദേഹം വീട്ടിലോ മറ്റെവിടെയോ ആണെങ്കിലും ”ഉടന്‍ ആശ്രമത്തിലെത്തണം” എന്ന സ്വാമിജിയുടെ നിര്‍ദ്ദേശം അനുഭവപ്പെടാറുണ്ടെന്ന് അദ്ദേഹം ഭക്തിപുരസ്സരം അനുസ്മരിക്കാറുണ്ട്. പതിവുപോലെ ഒരു വിശേഷദിവസം ശ്രീമാന്‍ ചന്ദ്രശേഖരപിള്ള അശ്രമത്തിലെത്തി, അന്നത്തെ രാമായണവായനയും കഴിഞ്ഞ് പിറ്റേന്ന് വീട്ടിലേക്ക് പോകാനായി സ്വാമിജിയോട് അനുവാദവും അനുഗ്രഹവും ചോദിച്ചു കൊണ്ട് തിരുസന്നധിയിലെത്തി. ശ്രീമാന്‍ കരിമ്പുവിള സോമശേഖരന്‍ നായര്‍ ഈ സമയം അവിടെ ഉണ്ടായിരുന്നു. സ്വാതന്ത്ര്യം കൊണ്ട് തിരുസന്നിധിയിലെത്തി. ശ്രീമാന്‍ സോമശേഖരന്‍നായര്‍ സ്വാമിജിയോട് ”ചന്ദ്രശേഖരപിള്ളയ്ക്ക് പോകണ്ടേ, വണ്ടിക്കൂലിയൊന്നുമില്ലെന്നാണ് തോന്നുന്നത്. വല്ലതും കൊടടുക്കണ്ടേ” എന്നിങ്ങനെ ചോദിച്ചു. അപ്പോള്‍ ഗുരുനാഥന്‍ പറഞ്ഞ മറുപടി യോഗനിഷ്ഠയുടെ സിദ്ധിവൈഭവത്തെ അരക്കിട്ടുറപ്പിക്കാന്‍ പോന്നവയാണ്. ”അവന്‍ വായനക്കാരനാണെടോ, അവന് കാശുവേണ്ടപ്പോ കിട്ടിക്കൊള്ളും. പോത്തന്‍കോടുവരെ എത്താനുള്ള കാശ് അവന്റെ കൈയില്‍ കാണഉം. പോത്തന്‍കോട്ട് ഇവനേയും കാത്ത് ഇരുപത് രൂപയുംകൊണ്ട് ഒരാള്‍ നില്പുണ്ട്. അടുത്ത ദിവസത്തെ വായനയ്ക്ക് വിളിക്കാന്‍ വേണ്ടി.” ഇത്രയും പറഞ്ഞ് ഗുരുനാഥന്‍ ചന്ദ്രശേഖരപിള്ളക്ക് വിഭൂതിയും നല്കി യാത്രയയച്ചു. ശ്രീമാന്‍ ചന്ദ്രശേഖരപിള്ള പോത്തന്‍കോട്ടെത്തി ഒരു കടയില്‍ കയറിയപ്പോള്‍ ഒരാള്‍ കുറേ സമയമായി കാത്തിരിക്കുന്നുണ്ടായിരുന്നു. സ്വാമിജി പറഞ്ഞതുപോലെ ഇരുപത് രൂപയുംവച്ച് അടുത്ത ദിവസത്തെ വായനയ്ക്ക് ക്ഷണിക്കുവാന്‍വേണ്ടി വന്നിരിക്കുകയായിരുന്നു അയാള്‍. വളരെ അകലെനില്‍ക്കുന്ന ഒരുവന്റെ കൈയിലുള്ള രൂപയുടെ കണക്കറിയുവാനും അയാളുടെ ചിന്ത എന്താണെന്ന്കണ്ടുപിടിക്കാനും ആ ചിന്ത ആരോട് അഥവാ എന്തിനോട് ബന്ധപ്പെട്ടിരിക്കുന്നുവെന്നറിയാനും കഴിയുന്ന അതിമഹത്തായ സിദ്ധിവിശേഷം നേരത്തേതന്നെ ചര്‍ച്ചയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം