ഗോവര്‍ദ്ധനമാഹാത്മ്യം

June 6, 2013 സനാതനം

ചെങ്കല്‍ സുധാകരന്‍

27. ഗോവര്‍ദ്ധനമാഹാത്മ്യം

ഗോവര്‍ധനമാഹാത്മ്യകഥ ഗര്‍ഗ്ഗഭാഗവതത്തിലേ ഉള്ളൂ. ഗോവര്‍ദ്ധനോദ്ധാരകഥ മാത്രമേ വ്യാസന്‍ വിവരിച്ചിട്ടുള്ളൂ. ശ്രീഗര്‍ഗ്ഗനാകട്ടെ, ഗോവര്‍ദ്ധനോദ്ഭവവും അത് വൃന്ദാവനത്തിലെത്തിയ കഥയും വിശദമാക്കിയിട്ടുണ്ട്. മാത്രമല്ല, പ്രസ്തുത പര്‍വ്വതം ഒരു സാധാരണ ഗിരിയല്ലെന്നും ദര്‍ശനപുണ്യം പ്രദാനം ചെയ്യുന്ന തീര്‍ഥഘട്ടമാണെന്നും വിശദമാക്കുന്നു. ഈ സത്യം വിശദമാക്കാനുതകുന്ന ഒരു കഥയാണ് ഗോവര്‍ധനമാഹാത്മ്യമായി (ഗിരിരാജമാഹാത്മ്യം) ഗര്‍ഗ്ഗാചാര്യര്‍ വിശദീകരിക്കുന്നത്.

ഗോമതീനദീപ്രാന്തത്തില്‍ ഒരു ബ്രാഹ്മണന്‍ പാര്‍ത്തിരുന്നു. വിജയന്‍ എന്ന പേരില്‍. പിതൃകടം വീട്ടാനായി അയാള്‍ മഥുരയിലെത്തി. ഗോവര്‍ദ്ധനഗിരിപ്രാന്തത്തിലൂടെയായിരുന്നു അയാളുടെ മടക്കയാത്ര. ഗിരിരാജസമീപം കണ്ട ഒരു ഉരുളന്‍കല്ല് അയാളെ ഹഠാദാകര്‍ഷിച്ചു. അതും കൈയിലെടുത്തുകൊണ്ട് അയാള്‍ മുന്നോട്ടുനടന്നു. ആകസ്മികമായി ഒരു ഘോരരൂപിയായ അസുരന്‍ മുന്നില്‍! കാലുകള്‍ മൂന്ന്; കൈകള്‍ ആറ്; ഉയര്‍ന്ന് തടിച്ച മൂക്ക്! അയാളെ കാണുകതന്നെ ഭീതിദം! ബ്രാഹ്മണന്‍ ഭയസ്തബ്ധനായിപ്പോയി. ഓടിയകലാന്‍പോലും അയാള്‍ക്കായില്ല. അപ്പോള്‍, ആ രാക്ഷസന്‍ അലറിക്കൊണ്ടടുത്തു. ബ്രാഹ്മണന്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിപ്പോയി. പെട്ടെന്ന് തന്റെ കൈയിലിരുന്ന ഉരുളന്‍കല്ലുകൊണ്ട ആ ഘോരാസുരന്റെ മൂക്കിലിടിച്ചു. അദ്ഭുതം! ആ വികൃതരൂപം മാറി. രക്ഷോരൂപമുപേക്ഷിച്ച് കാമസമാനനായൊരു സിദ്ധര്‍ പ്രതൃക്ഷപ്പെട്ടു. അവനാകട്ടെ,

പദ്മപത്രവിശാലക്ഷ,
ശ്യാമസുന്ദര വിഗ്രഹഃ
വനമാലീ പീതവാസഃ
മകുടീ കുണ്ഡലാന്വിതഃ
(പദ്മദലാക്ഷനും ശ്യാമസുന്ദരനും വനമാലിയും പീതവസനനും കിരീടകുണ്ഡലധാരിയുമായിരുന്നു.) കൈയില്‍ ഓടക്കുഴലും ചൂരല്‍വടിയും ധരിച്ചും കാണപ്പെട്ടു.

ബ്രാഹ്മണന് അദ്ഭുതമായി. ‘ആരാണങ്ങ്?’ അയാള്‍ ചോദിച്ചു. ആ സുന്ദരനായ സിദ്ധന്‍, തൊഴുകൈയോടെ ബ്രാഹ്ണനോടു പറഞ്ഞു:
‘ധന്യസ്ത്വം ബ്രാഹ്മണശ്രേഷ്ഠ

പരത്രാണപരായണ!
ത്വയാ വിമോചിതോfഹം വൈ
രാക്ഷസത്വാത് മഹാമതേ
(അങ്ങെന്നെ രാക്ഷസത്വത്തില്‍ നിന്നും മോചിപ്പിച്ചു. പരരക്ഷണനിഷ്ഠനായ അങ്ങ് ധന്യനാണ്.) ‘അവിടുന്ന് ഈ ദിവ്യമായ കല്ലുകൊണ്ട് സ്പര്‍ശിച്ചതിനാല്‍ എനിക്കു മോചനമുണ്ടായി. മറ്റാര്‍ക്കും എന്നെ രക്ഷിക്കുവാന്‍ കഴിയുമായിരുന്നില്ല.’ എന്നിപ്രകാരം.

തനിക്കു ആ ദിവ്യശിലയെപ്പറ്റി യാതൊന്നുമറിഞ്ഞുകൂടെന്നും അതിന്റെ ദിവ്യസ്പര്‍ശം ഉണ്ടാക്കിയ പരിണതി എങ്ങനെ സംഭവിച്ചതാണെന്നറിയില്ലെന്നും ബ്രാഹ്മണന്‍ പറഞ്ഞു. അതുകേട്ട് മംഗളസ്വരൂപനായ ആ സിദ്ധന്‍ ഗോവര്‍ദ്ധനത്തിന്റെ മഹിമ വാഴ്ത്താന്‍ തുടങ്ങി.
‘ഗിരിരാജോ ഹരേ രൂപം

ശ്രീമാന്‍ ഗോവര്‍ദ്ധനോ ഗിരിഃ
തസ്യദര്‍ശനമാത്രേണ
നരോയാതി കൃതാര്‍ഥവാന്‍’
(ഈ ഗോവര്‍ദ്ധപര്‍വ്വതം ശ്രീഭഗവാന്‍ തന്നെയാണ്. അതിനെ കണ്ടാല്‍ത്തന്നെ മനുഷ്യന്‍ ചരിതാര്‍ത്ഥനായിത്തീരുന്നു.) മറ്റേതൊരു തീര്‍ത്ഥാടനത്തില്‍നിന്നു നേടുന്നതിലുമധികം പുണ്യം ഗോവര്‍ദ്ധന ദര്‍ശനത്താലുണ്ടാകും. ഗന്ധമാദനപര്‍വ്വതയാത്ര നല്‍കുന്നതിന്റെ ശതകോടി ഗുണിതപുണ്യമാണ് ഗോവര്‍ദ്ധനദര്‍ശനത്താലുണ്ടാകുന്നത്. ഈ ഗിരിരാജദര്‍ശനത്തോളം പുണ്യം മറ്റൊരു തീര്‍ത്ഥാടനം കൊണ്ടും നേടാനാവില്ല.
സിദ്ധന്‍ ഗോവര്‍ദ്ധനമാഹാത്മ്യം വര്‍ണ്ണിച്ചതുകേട്ട് ബ്രാഹ്മണന്‍ ഭക്തിവിവശനായി. ദിവ്യരൂപം പൂണ്ട ആ മഹാത്മാവ് ആരെന്നറിയാന്‍ ബ്രാഹ്മണന് താത്പര്യമുണ്ടായി. അദ്ദേഹം സിദ്ധനോട് ചോദിച്ചു.

‘പുരാജന്മനി കസ്ത്വം ഭോ-
സ്ത്വയാ കിം കലുഷം കൃതം
സര്‍വം വദ മഹാഭാഗ
ദ്വം സാക്ഷാദ്ദിവ്യദര്‍ശനഃ‘(ഹേ, മഹാഭാഗ, അങ്ങ്, മുജ്ജന്മത്തിലാരായിരുന്നു? ഏതൊരു കൊടിയ പാപമാണങ്ങ് ചെയ്തത്? ദയവായി പറഞ്ഞാലും). സിദ്ധന്‍ പറയാന്‍ തുടങ്ങി. ‘ഞാന്‍ ധനാഢ്യനായൊരു വൈശ്യന്റെ പുത്രനായിരുന്നു. ചെറുപ്പത്തില്‍തന്നെ ചൂതുകളിയിലും സ്ത്രീവിഷയത്തിലും മുഴുകി. മദ്യപനും ദുര്‍മ്മാര്‍ഗിയുമായിരുന്നു!’

‘മാംസക്കൊതികൊണ്ട് മൃഗങ്ങളെ വേട്ടയാടി. അതിനിടയില്‍, കാട്ടില്‍വച്ച് ഒരു ഘോരസര്‍പ്പം ദംശിച്ചു. കൊടുംവിഷമേറ്റ് ഞാന്‍ മരണമടഞ്ഞു. യമകിങ്കരന്മാര്‍ കഠിനശിക്ഷയേല്പ്പിച്ച് നരകത്തിലിട്ടു. പലതരം നരകങ്ങളില്‍ അനേകലക്ഷം വര്‍ഷം കഴിയേണ്ടിവന്നു. മനുഷ്യേതരജന്മങ്ങളില്‍ പനനി, പുലി, ഒട്ടകം, പോത്ത്, സര്‍പ്പം എന്നീ രൂപങ്ങളില്‍ പലതവണ ജനിക്കേണ്ടി വന്നു. ഏതോ വാസനാബലത്താലാകാം, അവസാനം ഭാരതത്തില്‍ വന്നു പിറന്നു; വികലാംഗനായ ഒരു രാക്ഷസനായി. മഹാത്മാവേ, കഴിഞ്ഞ പതിനായിരം വര്‍ഷം കൊണ്ട് രാക്ഷസരൂപിയായ ഞാന്‍ ഈ നിര്‍ജ്ജനഭൂമിയില്‍ കഴിയുകയായിരുന്നു. അസഹ്യമായ വിശപ്പു ശമിപ്പിക്കാന്‍, അങ്ങയെ ഭക്ഷിക്കാനായിട്ടാണ് ഞാന്‍ ആര്‍ത്തണഞ്ഞത്. മഹാഭാഗ്യം, അങ്ങെന്നെ ഗിരിരാജശില കൊണ്ടടിച്ചു. ശ്രീകൃഷ്ണകൃപയാല്‍ ഞാന്‍ ആ നീചജന്മത്തില്‍നിന്നു മോചിതനായി!’.

സിദ്ധന്‍ ഈ വിധം പറഞ്ഞുനില്‍ക്കുമ്പോള്‍തന്നെ, കൃഷ്ണപാര്‍ഷദന്മാര്‍ പൊന്മയമായ രഥയുമായി ഗോലോകത്തുനിന്നെത്തി. വിസ്മിതരായ ബ്രാഹ്ണനും സിദ്ധനും ആ ദിവ്യരഥത്തെ പ്രദക്ഷിണം ചെയ്ത് നമസ്‌ക്കരിച്ചു. നാരായണഭൃത്യന്മാര്‍ സിദ്ധനെ തേരിലേറ്റി ഗോലോകത്തേക്കു പോയി. ഭക്തനായ ബ്രാഹ്ണന്‍ രോമാഞ്ചകഞ്ചുകമണിഞ്ഞ്, കൂപ്പുകൈയുമായി ശ്രീകൃഷ്ണപരമാത്മാവിനെ സ്മരിച്ച് നിര്‍വൃതിയിലാണ്ടു.
പുരാണേതിഹാസങ്ങളിലെ അര്‍ത്ഥതലങ്ങള്‍ അന്വേഷിച്ചു തുടങ്ങിയാല്‍ അദ്ഭുതകരങ്ങളായ അര്‍ത്ഥങ്ങള്‍ കണ്ടെത്താനാകും. നിസ്സാരമെന്നു തോന്നുന്ന പല കഥകളിലും തിളക്കമാര്‍ന്ന സൂക്ഷ്മതലങ്ങളുണ്ട്. ഗോവര്‍ദ്ധനമാഹാത്മ്യകഥയിലും അങ്ങനെയൊരര്‍ത്ഥം കാണാം.

പിതൃകടം വീട്ടാന്‍ തീര്‍ത്ഥാടനം നടത്തിയ ബ്രാഹ്മണനാണല്ലോ കഥാകേന്ദ്രം. ഈയാളുടെ തീര്‍ത്ഥാടനം ഒരന്വേഷണമാണ്. ശ്രേഷ്ഠരായ വ്യക്തികള്‍മാത്രം ചെയ്യുന്നതാണ് ഈ അന്വേഷണം. ജിജ്ഞാസു, തന്റെ പൂര്‍വ്വികത അന്വേഷിക്കുന്നു എന്ന അര്‍ഥം ഇവിടെ വായിച്ചെടുക്കാം. തീര്‍ഥഘട്ടങ്ങള്‍ മനഃകുളിര്‍മയുണ്ടാക്കുന്ന പുണ്യസ്ഥലങ്ങളാമ്. അവിടങ്ങളിലെ അടനം – സഞ്ചാരം – ജിജ്ഞാസുവിന്റെ ഉത്കണ്ഠ ശമിപ്പിക്കുന്നു. ബ്രാഹ്മണന്‍, യഥാര്‍ത്ഥ ബ്രഹ്മജ്ഞാനിയോ ബ്രഹ്മജിജ്ഞാസുവെങ്കിലുമോ ആണ്. അങ്ങനെയുള്ളൊരാളേ പൈതൃകം അന്വേഷിക്കുകയുള്ളൂ. തന്റെ പാരമ്പര്യത്തിന് യോജിച്ച ജ്ഞാനസത്തയുള്‍ക്കൊള്ളാനുള്ള യാത്രയാണത്. പല തീര്‍ത്ഥങ്ങളുമാടിയ ശേഷമാണ് ബ്രാഹ്മണന്‍ ഗോവര്‍ദ്ധനപ്രാന്തത്തിലെത്തിയത്. മഹാമതികളായ ഋഷിമാരെ ദര്‍ശിച്ച് നേടിയജ്ഞാനവുമായാണ് ഈ ബ്രഹ്മ ജിജ്ഞാസുമടങ്ങിയതെന്ന് ഊഹിക്കാം. ജ്ഞാനനിഷ്ഠന്‍ മനനധ്യാനങ്ങളിലൂടെ വിവേകമതിയായി മാറുന്നു. ഗോവര്‍ദ്ധനാദ്രിയുടെ സമീപത്തുനിന്നും ലഭിച്ച ഉരുളന്‍കല്ല് ഈ വിവേകത്തിന്റെ പ്രതീകമാണ്. വെറുമൊരുകല്ല് എന്ന നിലയിലല്ല, ഗര്‍ഗ്ഗാചാര്യര്‍ ഇതിനെ പരാമര്‍ശിച്ചിരിക്കുന്നത്. ഉരുണ്ടകല്ല് എന്നാണ്. ‘വര്ത്തുളം തത്രപാഷാണം’ എന്ന്. ഈ വര്‍ത്തുളപാഷണം സമദര്‍ശിതയുടെ പ്രതീകമാണ്. ഉരുണ്ടകല്ല് ഒരു വശത്തേക്കും ഉന്തി നില്‍ക്കുന്നില്ല. ‘സമഃ ശത്രൗ ച മിത്രേ ച’ എന്നമട്ടില്‍ സമതയാര്‍ന്ന വിവേകമാണത്.

ഈ കഥയിലെ നായകന്‍ വിജയനാണ്. അന്വര്‍ത്ഥമാണ് ആ നാമം, ജയശീലനാണയാള്‍! ഏറ്റവും മികച്ച, വിശേഷപ്പെട്ട വിജയം നേടുന്നവന്‍! ഏതാണ് ഏറ്റവും വലിയ വിജയം? സംസാരജയംതന്നെയാണത്. ഏതേതുരംഗത്ത് വിജയം വരിച്ചാലും മനുഷ്യന്‍ പരാജയപ്പെടുന്നത് സംസാരവുമായി ഏറ്റുമുട്ടുമ്പോഴാണ്. അവിടെ മമതാബന്ധങ്ങള്‍ പലപ്പോഴും വ്യക്തിയെ ദുര്‍ബലനാക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നു.

ബ്രഹ്മജിജ്ഞാസു സത്യം തേടിയലഞ്ഞ് ധ്യാനമനനാദികളിലൂടെ വിവേകിയായി മാറുമ്പോള്‍, അവന്റെ മുന്നില്‍ തടസ്സമായി വന്നെത്തുന്ന ഭീകരരൂപം സംസാരമാണ്. വിവേകികള്‍ക്കേ ഈ ദുര്‍ഭൂതത്തെ മനസ്സിലാവുകയുള്ളൂ. മറ്റുള്ളവര്‍ ആ ‘പൂതന’യുടെ ലളിതാരൂപത്തില്‍ മയങ്ങിപ്പോകും. വിജയന് ആ പരാജയമുണ്ടായില്ല. തന്റെ മുന്നില്‍ നില്‍ക്കുന്ന ഘോരാസുരനെ – സംസാരമെന്ന രാക്ഷസനെ – അയാള്‍ തിരിച്ചറിഞ്ഞു. ആ ഘോരരൂപത്തെ നമുക്കൊന്നു ശ്രദ്ധിക്കാം. അയാള്‍ക്കു മുഖം മാറിലാണ്. കാലുകള്‍ മൂന്ന്, കൈകള്‍ ആറ് ! ഉയര്‍ന്നു തടിച്ച മൂക്ക്! കുക്ഷിപൂരണംമാത്രം ലക്ഷ്യമായ ഭീകരതയാണത്. സ്വാര്‍ത്ഥമെന്ന ആസുരത! കിട്ടുന്നതെന്തും തന്റെ കുക്ഷിയിലാക്കുക എന്നത് ഏറ്റവും വലിയ ദൗഷ്ട്യമാണ്. അയാളുടെ മൂന്നുകാലുകല്‍ കുറേക്കൂടി അര്‍ത്ഥസ്പഷ്ടത ഉളവാക്കുന്ന പ്രതീകമാണ്. സാധാരണ ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളായ പുരുഷാര്‍ത്ഥങ്ങളെ സുപരിചതനായ വ്യക്തിയുടെ പാദങ്ങളായി ചിത്രൂകരിക്കാറുണ്ട്. ഈ പുരുഷാര്‍ത്ഥങ്ങളിലധിഷ്ഠിതമായിരിക്കും അത്തരം വ്യക്തികളുടെ പ്രവര്‍ത്തനം. അതേസമയം, സംസാരാസാക്തനായ വ്യക്തിക്ക് മേല്‍പ്പറഞ്ഞവയില്‍ ഒരു കാല് കുറവായിരിക്കും. ധര്‍മ്മം എന്ന കാല്! അതിനാല്‍ത്തന്നെ, അര്‍ത്ഥകാമമോക്ഷങ്ങളാകുന്ന കാലുകള്‍ സത്യപഥചാരിയാകുന്ന അയാള്‍ അര്‍ഥകാമമോക്ഷാര്‍ജ്ജനത്തിന് ദുര്‍മ്മാര്‍ഗ സഞ്ചാരം ചെയ്യുന്നു. ‘സത്യം വദ ധര്‍മ്മം ചര’ എന്ന മട്ട് അയാള്‍ക്ക് കഴിയാതെ വരുന്നു. സത്യധര്‍മ്മാദികള്‍ വെടിഞ്ഞു സഞ്ചരിക്കുന്നയാള്‍ ഐന്ദ്ര്യപ്രാധാന്യത്തോടെ രാക്ഷസീയസ്വഭാവം പ്രകടിപ്പിക്കുന്നു. അതേ സമയം അയാള്‍ക്ക് ധര്‍മ്മമെന്ന പാദംകൂടിയുണ്ടായിരുന്നെങ്കില്‍ മറ്റു പുരുഷാര്‍ത്ഥങ്ങള്‍ക്കും മാറ്റം വരുമായിരുന്നു. അവ ധര്‍മ്മാധിഷ്ഠിതമായിരിക്കും. അര്‍ത്ഥകാമങ്ങളും, മോക്ഷവും നിസ്വാര്‍ത്ഥമാര്‍ഗത്തിലൂടെ ആര്‍ജ്ജിക്കാനേ സുചിന്തിതനായ വ്യക്തി ശ്രമിക്കുകയുള്ളൂ.

മൂന്നു കാലുകളുള്ള അസുരന്‍ മറ്റൊരാര്‍ത്തേക്കൂടി പ്രതിനിധീകരിക്കുന്നു. അത് ത്രൈഗുണ്യവിഷയമായ വ്യക്തിത്വത്തെയാണ്. നിര്‍ഗുണത്വം പ്രാപിക്കാത്ത പുരുഷന്‍ ഗുണൈകപ്രേരണയാല്‍ സന്മാര്‍ഗ്ഗം വിട്ട് സഞ്ചരിക്കാണിടയുള്ളത്. അവിടെ നാലാമതൊരു കാലു കൂടിയുണ്ടാകണം. നിര്‍ഗുണത്വമെന്ന കാല്!
ആറു കൈകളാണ് ആ ഭീകരാസുരനുള്ളത്. ഈ കൈകള്‍ ആറും ഷഡ്വികാരങ്ങളും പ്രതീകങ്ങളാണ്. കൈകളാല്‍ ഭോഗ്യങ്ങള്‍ തേടിയുണ്ണുന്നവനാണല്ലോ മനുഷ്യന്‍! സംസാരാസക്തനായ വ്യക്തി മിക്കവാറും ആറുതരം വികാരങ്ങള്‍ക്കടിമയാണ്. അവ കാമം, ക്രോധം, ലോഭം, മോഹം, മദം ദംഭം എന്നിവയാണ്. ഈ നീണ്ടുരുണ്ടു ബലിഷ്ഠങ്ങളായ കരങ്ങള്‍ സംസാരിയെ ദുര്‍മ്മാര്‍ഗചാരിയാക്കുന്നതില്‍ കൂടുതല്‍ സഹായിക്കുന്നു. ഓരോ വികാരവും ത്രിഗുണങ്ങളില്‍ പ്രധാനമായ ഗുണവുമായി ബന്ധപ്പെട്ട് സ്വശക്തി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും. ഉദാഹരണത്തിന്, സാത്വകിന്റെ കാമമല്ല രാജസന്റെ കാമം. അതുരണ്ടുമായിരിക്കില്ല താമസന്റേത്. ഗുണപ്രാധാന്യമനുസരിച്ച് ഷഡ്വികാരങ്ങല്‍ക്ക് ബലം മാറി വരുന്നു. ഈ വികാരങ്ങള്‍ക്കടിമയാകുന്ന സംസാരി സജ്ജനോപദ്രവം മുതലായ ദുര്‍വൃത്തികളില്‍ മുഴുകുന്നു. ഇന്ദ്രിയാസക്തരാകുന്നു. സാധുക്കള്‍ക്കുപോലും സംസാരമഗ്നതയുണ്ടാകുന്നു. മസഹാസമുദ്രത്തില്‍വച്ച് ജലയാനം തകര്‍ന്ന നാവികനെപ്പോലെ സംസാരി ഉഴന്നുപോകുന്നു. ബ്രഹ്മജിജ്ഞാസുപോലും ഈ സംസാരാസുരന്റെ മുമ്പില്‍ ഇതികര്‍ത്തവ്യതാമൗഢ്യം പ്രാപിച്ചുപോകുന്നു. അസുരനെ കണ്ട് സ്തബ്ധനായ വിജയനെ ഈ തലത്തില്‍ വേണം നിറുത്താന്‍.

ഗോവര്‍ദ്ധനശില കൈയിലുണ്ടായിരുന്ന ബ്രാഹ്മണന്‍, മേല്‍ക്കാണിച്ച പ്രകാരം വിലക്ഷണമനായ അസുരനെ ജയിക്കുകതന്നെ ചെയ്തു. അതാകട്ടെ, തന്റെ കൈയിലുണ്ടായിരുന്ന ഗോവര്‍ദ്ധനശിലകൊണ്ട് ആ അസരുന്റെ ഉയര്‍ന്നുതടിച്ച മൂക്കിലിടിച്ചിട്ട്. ആ വിശേഷപ്പെട്ട മൂക്ക് വ്യക്തികളുടെ ഇന്ദ്രിയാസക്തിയെയാണ് വിശദമാക്കുന്നത്. ഇന്ദ്രിയസുഖം തേടി, ഷഡ്വികാരലോലനായി, അധര്‍മ്മമാര്‍ഗ്ഗചാരിയായി, സ്വാര്‍ത്ഥിയായി നടക്കുന്ന അസമീക്ഷ്യകാരിയായ മനുഷ്യനാണ് ഈ കഥയിലെ അസുരന്‍. അജ്ഞാനനിഷ്ഠനായ വ്യക്തി കണ്ടതുപോലെ ജീവിച്ച്, വിഷയാസക്തനായി കേവലം ദുഷ്ടമായ ജീവിതത്തിലാണ്ടു പോകുന്നു.

അജ്ഞാനതിമിരാന്ധനായ വ്യക്തിക്ക് ജ്ഞാനശലാകയാലുള്ള സ്പര്‍ശം ചക്ഷുരുന്മീലന സാമര്‍ത്ഥ്യമുണ്ടാക്കുന്നു. കണ്‍തുറന്നുനോക്കുമ്പോള്‍ ആസുരത നീങ്ങി സുന്ദരകളേബരനായി നില്‍ക്കുന്ന സിദ്ധനെ കാണാന്‍ കഴിയുന്നു. ഗോവര്‍ദ്ധനശിലകൊണ്ടുള്ള ഇടിയേറ്റതിനാലാണ് അസുരന് സുന്ദരനായി രൂപാന്തരമുണ്ടായത്. ഗോവര്‍ദ്ധനം ജ്ഞാനത്തിന്റെ/വിവേകത്തിന്റെ പ്രതീകമാണ്. ജ്ഞാന പ്രഭാപ്രസരത്താല്‍ സ്വകീയസത്ത മനസ്സിലാക്കിയ വ്യക്തിയാണ് സിദ്ധന്‍! ആ സ്പര്‍ശമേല്‍ക്കുന്നതുവരെ വിവേകരഹിതനായ ദുര്‍മ്മാര്‍ഗചാരിയായിരുന്നു. അച്ഛനെ വിഷം കൊടുത്തുകൊല്ലുകയും ഭാര്യയെ ഗളച്ഛേദം ചെയ്യുകയും നൂറുകണക്കിനാളുകളെ കൊന്നൊലുക്കുകയും ചെയ്തിരുന്ന മഹാപാപിയായിരുന്ന ആ അസുരന്‍! അസുരന്‍മാര്‍ അങ്ങനെയാണ്. ഐന്ദ്ര്യസുഖംമാത്രമേ അവര്‍ കാണൂ. അതുസാധിക്കാന്‍ ഏതു ഹീനകര്‍മ്മമനുഷ്ഠിക്കാനും അവര്‍ക്കു പ്രയാസമില്ല. അച്ഛനെ വിഷം കൊടുത്തു കൊന്നുവത്രേ! ദുഷ്ടജീവിതംകൊണ്ട് സജ്ജനപാരമ്പര്യത്തെ തീര്‍ത്തും നശിപ്പിച്ചു  എന്നു സാരം! ഭാര്യ സഹധര്‍മ്മിണിയാണ്. സദുപദേശം ചെയ്യുന്ന ഭാര്യയെ – ധര്‍മ്മചിന്തയെ – ശിരച്ഛേദം ചെയ്തു ! ധര്‍മ്മം വെടിഞ്ഞ് ജീവിതം നയിച്ചു എന്നാണര്‍ത്ഥം. അനേകമാളുകളെ വധിച്ചു എന്നു പറഞ്ഞിരിക്കുന്നത്, സജ്ജനനിന്ദ നടത്തി എന്നതിനു പകരമാണ്. നിന്ദിക്കുന്നത് വധിക്കുന്നതിനു സമമാണെന്നു അര്‍ജ്ജുനനോട് ശ്രീകൃഷ്ണന്‍ പറഞ്ഞിട്ടുള്ളത് (മഹാഭാരതം – കര്‍ണ്ണപര്‍വം) ഇവിടെ പ്രമാണമാക്കാം. ചോരണം ചെയ്ത ധനം വേശ്യകള്‍ക്കു നല്‍കി എന്ന പരാമര്‍ശവുമുണ്ട്. സംസാരമഗ്നനായ മനുഷ്യന്‍ അധാര്‍മ്മികമായി ധനം സമ്പാദിച്ച് ഇന്ദ്രിയപോഷണം നടത്തി എന്നുസാരം! സ്വേച്ഛാചാരികളായ ഇന്ദ്രിയങ്ങളെയാണ് സൈ്വരിണികളായി കല്പിച്ചിരിക്കുന്നത്. എത്രയും ദുഷ്ടാചാരനിരതനായിട്ടും അവന് സാധുവിന്റെ വിവേകസഹിതമായ ഉപദേശം നേര്‍വഴി കാട്ടിക്കൊടുത്തു. ജ്ഞാനപ്രഭാവം ഇന്ദ്രിയമദത്തെ നശിപ്പിച്ചു. അത്തരം വ്യക്തികളെ ഹരി സ്വധാമത്തിലേക്കുയര്‍ത്തിക്കൊണ്ടു പോവുകയും ചെയ്യുന്നു. സത്യദര്‍ശനം നേടിയ വ്യക്തി ഉദാത്തചരിതനായി, സദാ ഹരിസ്മരണയോടെ കഴിഞ്ഞു എന്ന് സാരം!

സത്യജ്ഞാനിക്കുണ്ടാകുന്ന ഹരിപദപ്രാപ്തിയും ഈ കഥയുടെ മറ്റൊരു പൊരുളായി കാണാം. ശ്രീകൃഷ്ണസ്പര്‍ശത്താല്‍ പവിത്രമായ ഗോവര്‍ദ്ധനം സര്‍വാംഗം പരിശുദ്ധമാണ്. അതിലെ ഓരോ അണുവും പാപാപഹമാണ്. ഗോവര്‍ദ്ധനം ഹരിസ്വരൂപംതന്നെയാണെന്നും ശ്രീഗര്‍ഗ്ഗന്‍ വിശേഷിപ്പിക്കുന്നു. അതിനാല്‍, വിജയബ്രാഹ്മണന്‍ ഗിരിജാശിലാഖണ്ഡംകൊണ്ടു സ്പര്‍ശിച്ചപ്പോള്‍ അസുരന്‍ സുന്ദരനായ സിദ്ധനായി മാറി. ഹരിപാര്‍ഷദന്മാര്‍ അയാളെ ഗോലോകത്തേക്കു കൊണ്ടുപോയി. ശ്രീകൃഷ്ണഭക്തിയും ഗോവര്‍ദ്ധനമഹിമയും പ്രകീര്‍ത്തിക്കുന്ന ഒരു കഥയാണ് ഗോവര്‍ദ്ധനമാഹാത്മ്യം!
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013,

മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: malubenpublications@gmail.com

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം