വാറ്റ് രജിസ്‌ട്രേഷന്‍, ആംനസ്റ്റി സ്‌കീം : സംസ്ഥാനതല ഉദ്ഘാടനം നാളെ

June 8, 2013 കേരളം

തിരുവനന്തപുരം: വാണിജ്യ നികുതി വകുപ്പ് നടപ്പാക്കുന്ന വാറ്റ് രജിസ്‌ട്രേഷന്‍ ഒറ്റത്തവണ പ്രോത്സാഹന പദ്ധതി, വില്പന നികുതി കുടിശിക അടച്ചു തീര്‍ക്കുന്നതിനുള്ള ആംനസ്റ്റി സ്‌കീം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ(ജൂണ്‍ 10) വൈകുന്നേരം നാലിന് വി.ജെ.ടി ഹാളില്‍ ധന-നിയമ-ഭവനമന്ത്രി കെ.എം.മാണി നിര്‍വഹിക്കും.

ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേന്ദ്ര മാനവവിഭവശേഷി വികസന സഹമന്ത്രി ഡോ. ശശി തരൂര്‍ മുഖ്യാതിഥിയാവും. മേയര്‍ കെ. ചന്ദ്രിക, നികുതി വകുപ്പ് സെക്രട്ടറി എ. അജിത്കുമാര്‍, നഗരസഭാ കൗണ്‍സിലര്‍ പാളയം രാജന്‍, ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് ബിജു രമേശ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റ്റി. നസറുദ്ദീന്‍, കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബന്നി ഇമ്മട്ടി, കേരള ടാക്‌സ് പ്രാക്ടീഷ്‌നേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിജയന്‍ ആചാരി, വാണിജ്യ നികുതി കമ്മീഷണര്‍ രബിന്ദ്രകുമാര്‍ അഗര്‍വാള്‍, ഡപ്യൂട്ടി കമ്മീഷണര്‍ ബി. പ്രഭാകരന്‍ എന്നിവര്‍ പങ്കെടുക്കും.

വാറ്റ് രജിസ്‌ട്രേഷന്‍ എടുക്കുന്നതിനുള്ള വാര്‍ഷിക വിറ്റുവരവ് അഞ്ച് ലക്ഷത്തില്‍ നിന്നും പത്ത് ലക്ഷമായി ഉയര്‍ത്തണമെന്ന ചെറുകിട വ്യാപാരികളുടേയും വ്യാപാരി സംഘടനകളുടെയും ദീര്‍ഘനാളത്തെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ ഇനിയും രജിസ്‌ട്രേഷന്‍ എടുത്തിട്ടില്ലാത്ത വ്യാപാരികള്‍ക്ക് മുന്‍കാല നികുതി ബാധ്യതകള്‍ ഒഴിവാക്കി രജിസ്‌ട്രേഷന്‍ എടുക്കാന്‍ അവസരം നല്കുന്നതാണ് ഒറ്റത്തവണ പ്രോത്സാഹന പദ്ധതി. 2013 സെപ്റ്റംബര്‍ 30 വരെയാണ് ഇതിന്റെ കാലാവധി. അതോടൊപ്പം 2005-ന് മുമ്പുള്ള പൊതുവില്പനനികുതി കുടിശിക ഡിസംബര്‍ 31-ന് മുമ്പ് അടച്ചു തീര്‍ക്കുന്നവര്‍ക്ക് നികുതിതുക, പലിശ, പിഴപ്പലിശ എന്നിവയില്‍ വന്‍ ഇളവ് നല്‍കുന്ന പദ്ധതിയാണ് ആംനസ്റ്റി സ്‌കീം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം