മലമ്പനിയും എലിപ്പനിയും പടരാനുള്ള സാധ്യത കൂടുതലെന്ന് ഐഎംഎ റിസര്‍ച്ച് വിഭാഗം

June 8, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്തു ഡെങ്കിപ്പനിയുടെ തീവ്രത കുറയുമെന്നും എന്നാല്‍ മഴക്കാലമെത്തുന്നതോടെ എലിപ്പനിയും മലേറിയയും പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടുതലാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിസര്‍ച്ച് വിഭാഗം മുന്നറിയിപ്പു നല്‍കി.  അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന കെട്ടിടനിര്‍മാണ കമ്പനികളുടെ ലേബര്‍ ക്യാമ്പുകളിലാണ് മലേറിയ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയുള്ളത്. അതിനാല്‍ ഈ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചു മലേറിയ ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. പനിമൂലം ആശുപത്രികളില്‍ ചികിത്സ വേണ്ടിവന്ന രോഗികളുടെ രോഗാവസ്ഥയുടെ വിശദാംശങ്ങളെക്കുറിച്ചു ഐഎംഎയുടെ റിസര്‍ച്ചു സെന്റര്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണു ഈ മുന്നറിയിപ്പ് .

പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 330 രോഗികളുടെ വിശദാംശങ്ങളാണു 11 ആശുപത്രികളില്‍ നിന്നുമുള്ള 16 വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചത്.  തലവേദനയും ശരിരവേദനയുമാണു പനി ബാധിച്ചെത്തുന്നവരില്‍ ഭൂരിഭാഗവും കാണുന്ന ലക്ഷണങ്ങള്‍. 71 ശതമാനം പേര്‍ക്കു ശരീര വേദനയും 49 ശതമാനം പേര്‍ക്കു തലവേദനയും 25 ശതമാനം പേര്‍ക്കു ഛര്‍ദിയും ഉള്ളതായാണു കണ്െടത്തിയത്. ഈ ലക്ഷണങ്ങള്‍ ഡെങ്കിപ്പനിയായി മാറാനുള്ള സാഹചര്യം ഇല്ലെന്നാണു ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. പനി ബാധിച്ചെത്തുന്നവരില്‍ ചെറിയൊരു ശതമാനത്തിനു മാത്രമാണു ഡെങ്കിപ്പനി പിടിപെടുന്നത്. ഉദരസംബന്ധമായ രോഗങ്ങള്‍ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് ഉണ്ടാകുമെന്നതു ശരിയല്ല. എന്നാല്‍, അമിതമായ രക്തസ്രാവം ഉണ്ടാകുന്നത് അപകടമാണെന്നും പഠനത്തില്‍ കണ്െടത്തിയിട്ടുണ്ട്. രക്തത്തില്‍ പ്ളേറ്റലെറ്റിന്റെ കുറവുണ്ടാകുന്നതു കൊണ്ടു ഭയപ്പെടേണ്ടതില്ലെന്നും ക്രമേണ ഇതു പഴയ രൂപത്തിലേക്കു മാറുന്നുണ്െടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡെങ്കിപ്പനി പടര്‍ത്തുന്ന വൈറസുകള്‍ക്കു ജനിതകമാറ്റം സംഭവിക്കുന്നൂവെന്ന കാര്യം പ്രാഥമിക പരിശോധനയില്‍ കണ്െടത്താന്‍ സാധിച്ചിട്ടില്ലെന്നാണു ഐഎംഎ വ്യക്തമാക്കുന്നത്. പനിമൂലമുള്ള ഗുരുതരാവസ്ഥയും മരണവും ഒരു ചെറിയ ശതമാനം പേരില്‍ മാത്രമേ കാണപ്പെടുന്നുള്ളുവെന്നും പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന് ആനുപാതികമായി മാത്രമാണു ഗുരുതരാവസ്ഥയുടെ തോതു വര്‍ധിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പനി ബാധിതരുടെ എണ്ണം കുറയ്ക്കുന്നതിനു പനി പരത്തുന്ന ജീവികളെ തുരത്തേണ്ടതുണ്ട്. അതുകൊണ്ടു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ ഗുരുതരമായ അവസ്ഥയാണു സംജാതമാകാന്‍ പോകുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്തു ഡോക്ടര്‍മാര്‍ക്കു ഐഎംഎ പ്രത്യേക പരിശീനവും നല്‍കി. പരിശീലന പരിപാടിക്കു ഡോക്ടര്‍മാരായ ശ്രീജിത്ത് എന്‍. കുമാര്‍, ലളിതാ കൈലാസ്, ശ്രീധരന്‍, ടി.കെ. സുമ എന്നിവര്‍ നേതൃത്വം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം