സൗരോര്‍ജ്ജ ഉത്പാദനം കാര്യക്ഷമമാക്കണം -മന്ത്രി കെ.എം. മാണി

June 8, 2013 കേരളം

കോട്ടയം: ഗാര്‍ഹിക വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും വീടുകളില്‍ സൗരോര്‍ജ്ജ ഉത്പാദനം കാര്യക്ഷമമാക്കുകയും ചെയ്യണമെന്ന് ധനകാര്യ മന്ത്രി കെ.എം മാണി പറഞ്ഞു. കൊല്ലപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ വേണ്ടതുണ്ട്. അതിന് വൈദ്യുതിലഭ്യത പരമപ്രധാനമാണ്. അതുകൊണ്ടുതന്നെ വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും വൈദ്യുതി പാഴാക്കാതിരിക്കുകയുംവേണം-അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വൈദ്യുതി സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ ജനങ്ങള്‍ സര്‍ക്കാരിനെ സഹായിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഉപഭോക്താക്കളുടെ ബാഹുല്യം കണക്കിലെടുത്ത് രാമപുരം, ഭരണങ്ങാനം വൈദ്യുതി സെക്ഷനുകള്‍ വിഭജിച്ചാണ് കൊല്ലപ്പള്ളി സെക്ഷന്‍ രൂപീകരിച്ചത്. മേഖലയിലെ ആളുകള്‍ക്ക് വൈദ്യു ചാര്‍ജ്ജ് അടയ്ക്കുന്നതിന് സൗകര്യമൊരുക്കുക, പുതിയ കണക്ഷനുകള്‍ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഈ നടപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ ഐസക്, ജില്ലാ പഞ്ചായത്തംഗങ്ങളായ സജി മഞ്ഞക്കടമ്പില്‍, ബിജു പുന്നത്താനം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജിജി തമ്പി (കടനാട്), ജോര്‍ജ് നടയത്ത് (കരൂര്‍), ലിസി മാമ്മന്‍ (ഭരണങ്ങാനം), ടോമി ഉശാംപറമ്പില്‍ (രാമപുരം), കടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അപ്പച്ചന്‍ മൈലയ്ക്കല്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍പ്പിച്ചു. പാലാ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സുജാത ഗോപാലന്‍ റിപ്പോര്‍ട്ട് അവതരപ്പിച്ചു. കെ.എസ്.ഇ.ബി മധ്യമേഖലാ വിതരണവിഭാഗം ചീഫ് എന്‍ജിനീയര്‍ വി.വി. സത്യരാജന്‍ സ്വാഗതവും പാലാ ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ജോണ്‍ തോമസ് നന്ദിയും പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം