കോട്ടയത്ത് കാലാവസ്ഥാ ഗവേഷണകേന്ദ്രം സ്ഥാപിക്കും: മന്ത്രി തിരുവഞ്ചൂര്‍

June 8, 2013 കേരളം

കോട്ടയം: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു പഠിക്കാനുള്ള ഗവേഷണകേന്ദ്രം കോട്ടയത്ത് സ്ഥാപിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കഴിഞ്ഞ ബജറ്റില്‍ പത്തുകോടി രൂപ അനുവദിച്ച പദ്ധതിയുടെ ശിലാസ്ഥാപനം ഉടന്‍ നടക്കും. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍സിനായി വടവാതൂരില്‍ കണ്െടത്തിയ സ്ഥലത്താകും പുതിയ ഗവേഷണകേന്ദ്രം സ്ഥാപിക്കുകയെന്നും മന്ത്രി പറഞ്ഞു.

ഐഐഎംസിക്ക് പത്ത് ഏക്കര്‍ സ്ഥലം ആവശ്യമാണ്. വടവാതൂരില്‍ ഇത്രയും സ്ഥലം കണ്െടത്തുക അസാധ്യമാണ്. ഐഐഎംസി പാമ്പാടി ആര്‍ഐടി കോളജ് കാമ്പസിലേക്കു മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. ഇവിടെ മാത്രമേ, ഇതിനാവശ്യമായ സ്ഥലം ലഭ്യമാകൂ.

ജില്ലാ പോലീസ് കാര്യാലയത്തിന്റെ ശിലാസ്ഥാപനം 16ന് ഉച്ചകഴിഞ്ഞു മൂന്നിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിനു പുറമേ, പോലീസിന്റെ ഇതരവിഭാഗങ്ങളുടെയും ഓഫീസ് ഇതോടെ ഒരു കെട്ടിടത്തിലാകും. മാത്രമല്ല, കളക്ടറേറ്റ് കെട്ടിടത്തില്‍നിന്നു പോലീസ് ഓഫീസുകള്‍ മാറുന്നതോടെ തിരക്കും കുറയുമെന്നു മന്ത്രി പറഞ്ഞു.

ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കേണ്ട പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തതായി മന്ത്രി പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ ആവശ്യമായ അഞ്ചു നഴ്സുമാരുടെയും നാലു ക്ളീനിംഗ് സ്റാഫിന്റെയും അഞ്ച് ലാബ് അസിസ്റന്റുമാരുടെയും ഒഴിവ് താത്കാലികമായി നികത്തും. പരിശോധനയുമായി ബന്ധപ്പെട്ട കിറ്റ് ഉടന്‍ അനുവദിക്കും. രക്തപരിശോധനയ്ക്കുള്ള കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

അറുപതു കോടി മുടക്കി നിര്‍മിക്കുന്ന പടിഞ്ഞാറന്‍ ബൈപാസിന്റെ ശിലാസ്ഥാപനം നാളെ വൈകുന്നേരം മുഖ്യമന്ത്രി നിര്‍വഹിക്കും. പരുത്തുംപാറയില്‍ തുടങ്ങി ഇല്ലിക്കലില്‍ അവസാനിക്കുന്ന വിധമാണു പുതിയ ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്.

പരുത്തുംപാറയില്‍ തുടങ്ങി നാട്ടകം സിമന്റ് കവല, 15ല്‍ ചിറ, തിരുവാതുക്കല്‍ വഴി ഇല്ലിക്കല്‍ അവസാനിക്കുന്ന റോഡ് കോട്ടയത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള പോംവഴിയാണ്. മാത്രമല്ല, ചങ്ങനാശേരി ഭാഗത്തുനിന്നു വരുന്നവര്‍ക്ക് നഗരത്തില്‍ പ്രവേശിക്കാതെ പടിഞ്ഞാറന്‍ മേഖലയിലേക്കും തിരികെയും പോകാനാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം