കബഡിയില്‍ സ്വര്‍ണനേട്ടം;പ്രീജാ ശ്രീധരനു വെള്ളി

November 26, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ഗ്വാങ്‌ചൗ: ഏഷ്യന്‍ ഗെയിംസ്‌ 5000 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും വെങ്കലവും ഇന്ത്യയ്‌ക്ക്‌. മലയാളി താരം പ്രീജാ ശ്രീധരനു വെള്ളി. കവിതാ റാവത്തിനു വെങ്കലം. കബഡിയില്‍ ഇരട്ട സ്വര്‍ണനേട്ടം. വനിതാ വിഭാഗം കബഡിയില്‍ സ്വര്‍ണനേട്ടം കൈവരിച്ചതിനു തൊട്ടു പിന്നാലെയാണ്‌ പുരുഷവിഭാഗം കബഡിയിലും തുടര്‍ച്ചയായ ആറാംതവണ സ്വര്‍ണം നേടി ഇന്ത്യ ആധിപത്യമുറപ്പിച്ചത്‌.
ആവേശകരമായ 5000 മീറ്റര്‍ ഓട്ടമത്സരത്തില്‍ ബഹ്‌റൈന്റെ എത്യോപ്യന്‍ വംശജയായ മിമിയാണ്‌ സ്വര്‍ണം സ്വന്തമാക്കിയത്‌. സമയം 15.15 മിനിട്ട്‌. പതിനായിരം മീറ്ററിലെ സ്വര്‍ണ മെഡല്‍ ജേതാവായ പ്രീജ കരിയറിലെ മികച്ച പ്രകടനത്തോടെയാണ്‌ വെള്ളി മെഡല്‍ സ്വന്തമാക്കിയത്‌. കവിതാ റാവത്തും കരിയറിലെ മികച്ച പ്രകടനമാണ്‌ കാഴ്‌ച വച്ചത്‌.
കബഡിയില്‍ തായ്‌ലന്‍ഡിനെ അടിയറവു പറയിപ്പിച്ചാണ്‌ ഇന്ത്യന്‍ വനിതകള്‍ കന്നി സ്വര്‍ണം സ്വന്തമാക്കിയത്‌. സ്‌കോര്‍ 28-14. കബഡിയില്‍ ഇന്ത്യയുടെ പുരുഷതാരങ്ങള്‍ ഇറാനെയാണ്‌ തോല്‍പിച്ചത്‌. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്കു പന്ത്രണ്ടു സ്വര്‍ണമായി. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ പത്തു സ്വര്‍ണമായിരുന്നു ഇന്ത്യ നേടിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം