കോണ്‍ഗ്രസ് മോഡിയെ ഭയക്കുന്നു: ഷാനവാസ്‌ ഹുസൈന്‍

June 9, 2013 ദേശീയം

പനാ‍ജി: കോണ്‍ഗ്രസ്‌ നരേന്ദ്രമോഡിയെ ഭയക്കുകയാണെന്ന്‌ ബിജെപി നേതാവും പാര്‍ട്ടി വക്താവുമായ ഷാനവാസ്‌ ഹുസൈന്‍. മോഡി കരുത്തുറ്റ നേതാവാണെന്നു കോണ്‍ഗ്രസ് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലെ കാര്യങ്ങള്‍ വിശദീകരിക്കാനായിരുന്നു വാര്‍ത്താസമ്മേളനം. നാലു വര്‍ഷം രാജ്യത്തെ ഇരുട്ടിലേക്കു തള്ളുന്ന ഭരണമാണു യുപിഎ കാഴ്ച വച്ചത്. ബിജെപിയില്‍ മാത്രമാണു രാജ്യത്തെ ജനങ്ങള്‍ക്കു പ്രതീക്ഷയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നാലാം വാര്‍ഷികം ആഘോഷിക്കാന്‍ യുപിഎ സര്‍ക്കാരിനു ധാര്‍മികമായി അവകാശമില്ല. ദുര്‍ഭരണത്തിന്‍റെ പേരില്‍ ജനങ്ങളോടു മാപ്പു പറയുകയാണു വേണ്ടത്. സര്‍ക്കാരില്‍ രണ്ടു ഭരണകേന്ദ്രങ്ങളാണുള്ളത്. സോണിയ ഗാന്ധിയുടെയും മന്‍മോഹന്‍ സിങ്ങിന്‍റെയും നേതൃത്വത്തില്‍. ബിജെപിയില്‍ നിന്നു ജനങ്ങള്‍ ഒട്ടേറെ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു.

സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരേ ജൂണ്‍ 17 മുതല്‍ 22 വരെ ജയില്‍ നിറയ്ക്കല്‍ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നിര്‍വാഹക സമിതി യോഗത്തിനു ശേഷം നല്ല വാര്‍ത്ത കേള്‍ക്കാമെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം