നെല്‍സണ്‍ മണ്ടേലയുടെ നില ഗുരുതരമെന്ന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍

June 9, 2013 പ്രധാന വാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

nelson_mandelaജോഹന്നാസ്ബര്‍ഗ്: ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദക്ഷിണാഫ്രിക്കന്‍ വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ ആരോഗ്യനില ഗുരുതരമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച്ച പുലര്‍ച്ചെയാണ് 94കാരനായ മണ്ടേലയെ പ്രിട്ടോറിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മണ്ടേല കുറച്ച് ദിവസങ്ങളായി രോഗബാധിതനാണെന്നും ശനിയാഴ്ച്ച അസുഖം അധികമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പ്രസിഡന്റ് ജേക്കബ് സുമയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മണ്ടേലയ്ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതും അദ്ദേഹത്തിന്റെ രോഗം ഭേദമാക്കാന്‍ ഡോക്ടര്‍മാര്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു മണ്ടേല. രണ്ട് വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഏപ്രിലില്‍ ന്യുമോണിയ പിടിപ്പെട്ടതിനെ തുടര്‍ന്ന് മണ്ടേല പത്ത് ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍