പൂജപ്പുര ജയിലില്‍ നിന്നും റിപ്പര്‍ ജയാനന്ദന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ തടവുചാടി

June 10, 2013 കേരളം

Ripper jayanandanതിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ ജയില്‍ ചാടി. ഇയാള്‍ക്കൊപ്പം അബ്കാരി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന ഓച്ചിറ തങ്കയത്ത്മുക്ക് പിറ്റി ഭവനില്‍ ഊപ്പന്‍ പ്രകാശ് എന്ന പ്രകാശും ജയില്‍ ചാടിയിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ നാലരയ്ക്ക് വാര്‍ഡന്‍മാര്‍ സെല്ലില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തടവുകാര്‍ ജയില്‍ ചാടിയ വിവരം അറിഞ്ഞത്. പൊലീസ് ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. സി.ബി.സി.ഐ.ഡി ഡി.വൈ.എസ്.പി കെ.ഇ ബൈജു, ട്രാഫിക് കണ്‍ട്രോള്‍ സി.ഐ പ്രമോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന്‍ നിയമിച്ചു. സെല്ലിന്റെ പൂട്ടു തകര്‍ത്താണ് തടവുകാര്‍ പുറത്തുകടന്നത്. സംശയം തോന്നാതിരിക്കാന്‍ തലയിണയും കിടക്കയും ഉപയോഗിച്ച് സെല്ലില്‍ ഡമ്മി ഉണ്ടാക്കിവച്ച ശേഷമായിരുന്നു രക്ഷപ്പെട്ടത്.

ജയാനന്ദന്‍ മുന്‍പ് പലതവണയും ജയില്‍ ചാടിയിട്ടുള്ളയാളാണ്. ജയാനന്ദനും പ്രകാശും മാത്രമാണ് ഒരു സെല്ലില്‍ ഉണ്ടായിരുന്നത്. പുത്തന്‍വേലിക്കര നെടുമ്പിള്ളി രാമകൃഷ്ണന്റെ ഭാര്യ ബേബിയെ (ദേവകി, 51) 2006 ഒക്ടോബര്‍ ഒന്നിനു പുലര്‍ച്ചെ ഒരു മണിക്കു കൊലപ്പെടുത്തിയ കേസിലാണു മാള പള്ളിപ്പുറം ചെന്തുരുത്തി കുറുപ്പുംപറമ്പില്‍ ജയാനന്ദന്‍ (റിപ്പര്‍ ജയന്‍) വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ വിചാരണ നടക്കുന്നതിനിടയില്‍ ജയില്‍ ചാടിയെങ്കിലും പിന്നീട് ഊട്ടിയില്‍ പിടിയിലായിരുന്നു. മറ്റൊരു കേസില്‍ 20 വര്‍ഷം പരോളില്ലാത്ത കഠിന തടവ് ഉറപ്പാക്കുന്ന ജീവപര്യന്തം ശിക്ഷ കൂടി അനുഭവിച്ചു വരികയായിരുന്നു ജയാനന്ദന്‍. 2007 ല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴും ജയാനന്ദന്‍ സെല്ലില്‍നിന്നു പുറത്തേക്കു തുരങ്കമുണ്ടാക്കാന്‍ ശ്രമിച്ചതു കണ്െടത്തിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന ജയാനന്ദനെ തിരുവനന്തപുരത്തേയ്ക്ക് മാറ്റുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം