പത്തനംതിട്ടയില്‍ വിഷക്കള്ളു കുടിച്ച 10 പേര്‍ ആശുപത്രിയില്‍

June 10, 2013 കേരളം

പത്തനംതിട്ട: വള്ളിക്കോട്ട് കള്ളുഷാപ്പില്‍ നിന്ന് കഴിഞ്ഞ ദിവസം മദ്യപിച്ച പത്തുപേരെ അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായെന്ന് കണ്ടതിനെ തുടര്‍ന്ന് ഇതില്‍ എട്ടുപേരെ രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എല്ലാവരും അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

വള്ളിക്കോട് ചെമ്പകപ്പാലത്തിന് സമീപത്തെ ഷാപ്പില്‍ നിന്ന് ഇന്നലെ രാത്രി എട്ടുമണിയോടെ കള്ളുകുടിച്ചവര്‍ക്കാണ് ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടത്. ഇവരെ രാത്രി പതിനൊന്ന് മണിയോടെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നും നില വഷളാകുന്നുവെന്ന് കണ്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോവുകയായിരുന്നു.

അങ്ങാടിക്കല്‍ മൈലംകുഴി ഹരിക്കുട്ടന്‍, പണിക്കന്‍ തറയില്‍ രാജേഷ്, സജി, വാസുദേവന്‍നായര്‍, അനീഷ്, തിരുവനന്തപുരം സ്വദേശി രാജേഷ് തുടങ്ങിയവര്‍ ഇപ്പോള്‍ അപകടനില പൂര്‍ണമായും തരണം ചെയ്തു. ജി.ഹരീഷിന്റെ ലൈസന്‍സിലുള്ള ഷാപ്പ് പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൂട്ടി മുദ്രവെച്ചു. ഈ ഗ്രൂപ്പില്‍ പെട്ട മറ്റ് അഞ്ച് ഷാപ്പുകള്‍ കൂടി പൂട്ടുമെന്ന് സ്ഥലത്തെത്തിയ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറും അറിയിച്ചു.

പൊലീസും എക്‌സൈസും ഷാപ്പില്‍ നിന്ന് മദ്യ സാമ്പിളുകള്‍ ശേഖരിക്കുകയും അവശേഷിച്ച മദ്യം കൂടുതല്‍ പരിശോധനകള്‍ക്കായി പിടിച്ചെടുക്കുകയും ചെയ്തു. കോന്നി റേഞ്ചിലുള്ള മുഴുവന്‍ ഷാപ്പുകളിലും ഇന്ന് മുതല്‍ പരിശോധന നടത്താനും എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം