ആരു വിചാരിച്ചാലും തന്നെ ജനമനസുകളില്‍ നിന്ന് ഇറക്കിവിടാനാകില്ല: ചെന്നിത്തല

June 10, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുramesh-chennithala-2വനന്തപുരം: ആരു വിചാരിച്ചാലും തന്നെ ജനമനസുകളില്‍ നിന്ന് ഇറക്കിവിടാനാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. തിരുവനന്തപുരം പ്രസ്ക്ളബ്ബില്‍ സമകാലീന രാഷ്ട്രീയവും കേരള വികസനവും എന്ന വിഷയത്തില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് കേരളത്തിലുണ്ടായ വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. കരുണാകരനാണ് ഇരുപത്തിയേഴാം വയസില്‍ തന്നെ മന്ത്രിയാക്കിയത്. അന്ന് അദ്ദേഹത്തിന് തന്നിലുണ്ടായിരുന്ന വിശ്വാസം മൂലമാണ് അതിനു മുതിര്‍ന്നത്. പിന്നീട് ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയും തനിക്ക് ഏറെ അവസരങ്ങള്‍ നല്‍കി. അവരെ വഞ്ചിക്കാതെ, അവര്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് കഠിനാധ്വാനത്തിലൂടെ മുന്നോട്ടുപോയതിനാലാണ് തന്നെ തേടി കൂടുതല്‍ പദവികള്‍ വന്നത്. ആരു വിചാരിച്ചാലും തന്നില്‍ അവര്‍ പുലര്‍ത്തിയ ആ വിശ്വാസം തകര്‍ക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച വിവാദത്തില്‍ കെപിസിസി പ്രസിഡന്റെന്ന നിലയില്‍ അഭിപ്രായം പരസ്യമായി പറയാന്‍ കഴിയാത്ത നിയന്ത്രണങ്ങള്‍ തനിക്കുണ്ടെന്നും ഹൈക്കമാന്‍ഡ് പരിഗണിക്കുന്ന ഒരു വിഷയത്തില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ തനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. അത് പറയേണ്ട വേദിയില്‍ പറയും. കേരളത്തില്‍ നടന്ന വിവാദം താന്‍ നിര്‍ബന്ധപൂര്‍വം മന്ത്രിപദവി ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഉണ്ടായതല്ല. ഇത്തരമൊരു സാഹചര്യം ഉണ്ടായതില്‍ തനിക്ക് വിഷമമുണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വിഷമമുണ്ടാക്കുന്ന തരത്തില്‍ വിഷയം മാറിയെങ്കില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ മാധ്യമങ്ങളെ പഴിക്കുന്നില്ലെന്ന് പറഞ്ഞ ചെന്നിത്തല അനൌദ്യോഗികമായ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ നടന്നുവെന്നത് വസ്തുതയാണെന്നും കൂട്ടിച്ചേര്‍ത്തു. താങ്കള്‍ക്ക് യഥാര്‍ഥത്തില്‍ മന്ത്രിയാകാന്‍ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് വിഷയം ഹൈക്കമാന്‍ഡിന്റെ പരിഗണനയില്‍ ആയതിനാല്‍ മറുപടി പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ് ചെന്നിത്തല ക്ഷമാപണം നടത്തി ഒഴിഞ്ഞു. ഒരു സമുദായ സംഘടനയോടും കൊമ്പുകോര്‍ക്കുകയോ ഏറ്റുമുട്ടുകയോ ചെയ്യുക എന്നത് കോണ്‍ഗ്രസിന്റെ സമീപനമല്ലെന്നും ഈ സമീപനം തന്നെ തുടരുമെന്നും എന്‍എസ്എസുമായുള്ള തര്‍ക്കം ചൂണ്ടിക്കാട്ടിയപ്പോള്‍ ചെന്നിത്തല പറഞ്ഞു. അവര്‍ പറയുന്ന എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അഭിപ്രായങ്ങള്‍ കേള്‍ക്കും. സുകുമാരന്‍ നായര്‍ക്കെതിരേ ആലപ്പുഴ ഡിസിസി പ്രമേയം പാസാക്കിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഡിസിസിക്ക് പ്രമേയം പാസാക്കാനുള്ള അധികാരമുണ്ടെന്നും അവര്‍ അത് അയച്ചുതന്നിരുന്നതായും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തനാണോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാവര്‍ക്കും തൃപ്തിയാണല്ലോയെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. നിലവിലെ വിഷയങ്ങള്‍ കോണ്‍ഗ്രസില്‍ ഒരു പ്രതിസന്ധിയും സൃഷ്ടിക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല വിവാദ വിഷയങ്ങളില്‍ നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം