അഡ്വാനിയെ അനുനയിപ്പിക്കാന്‍ ശ്രമം തുടരുന്നു

June 11, 2013 ദേശീയം

ന്യൂഡല്‍ഹി: പാര്‍ട്ടി പദവികള്‍ രാജിവെച്ച് ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയ മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയെ അനുനയിപ്പിക്കാന്‍ തലസ്ഥാനത്ത് ശ്രമങ്ങള്‍ തുടരുന്നു. രാവിലെ അഡ്വാനിയെ കാണാന്‍ മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗും ഭാര്യയുമെത്തി. ഇരുവരും അരമണിക്കൂറോളം അഡ്വാനിയുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് മുന്‍ അധ്യക്ഷന്‍ നിധിന്‍ ഗഡ്കരി, മുതിര്‍ന്ന നേതാവ് ഉമാ ഭാരതി എന്നിവരും അഡ്വാനിയുമായി ചര്‍ച്ച നടത്തി. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ തയാറല്ലെന്ന് നിലപാടില്‍ തന്നെയാണ് അഡ്വാനി. അഡ്വാനി രാജിവെച്ച വിഷയത്തില്‍ ആര്‍എസ്എസ് അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് വ്യക്തമാക്കി. വിഷയം ആര്‍എസ്എസുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഡ്വാനിയെ വൈകീട്ട് ആര്‍എസ്എസ് നേതാക്കള്‍ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അപമാനം സഹിച്ച് പാര്‍ട്ടിയില്‍ തുടരാന്‍ താത്പര്യമില്ലെന്നാണ് അഡ്വാനിയുടെ നിലപാട്. തന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് പാര്‍ട്ടി യാതൊരു പരിഗണനയും നല്‍കുന്നില്ലെന്ന് അദ്ദേഹത്തിന് പരാതിയുണ്ട്. ആര്‍എസ്എസ് അനാവശ്യമായി ബിജെപിയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നതിലും അഡ്വാനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. തനിക്കെതിരേ ചില നേതാക്കള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അഡ്വാനി നേതൃത്വത്തെ അറിയിച്ചു. അനുനയ ശ്രമവുമായി തിങ്കളാഴ്ച വൈകീട്ട് ബിജെപി പാര്‍ലമെന്റി ബോര്‍ഡ് അംഗങ്ങള്‍ അഡ്വാനിയുടെ വസതിയില്‍ എത്തിയിരുന്നു. രാജി തീരുമാനം പിന്‍വലിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടങ്കിലും അദ്ദേഹം വഴങ്ങിയില്ല. ചൊവ്വാഴ്ച രാവിലെ പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് രാജസ്ഥാനിലേക്ക് പോയി. വൈകീട്ട് തിരിച്ചെത്തി അദ്ദേഹം വീണ്ടും അഡ്വാനിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം