സാങ്കേതിക പഠന രംഗത്ത് നൂതന പാഠ്യവിഷയങ്ങള്‍ വേണം – മുഖ്യമന്ത്രി

June 11, 2013 കേരളം

തിരുവനന്തപുരം: സാങ്കേതിക പഠന രംഗത്ത് നൂതന പാഠ്യവിഷയങ്ങള്‍, രക്ഷകര്‍ത്താക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ഇച്ഛാനുസരണം, കൊണ്ടുവരുന്നതിനും എഞ്ചിനീയറിങ് കോളേജുകളില്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനും എ.ഐ.സി.റ്റി.ഇ ശ്രദ്ധ ചെലുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സാങ്കേതിക പഠനകേന്ദ്രങ്ങള്‍ക്കായി തിരുവനന്തപുരത്ത് തുടങ്ങുന്ന ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ കാര്യാലയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജ് കാമ്പസില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതിക സര്‍വ്വകലാശാല ഉടന്‍ പ്രവര്‍ത്തനം തുടങ്ങും, ഐ.ടി., സയന്‍സ്, ഹെവി ഇന്‍ഡസ്ട്രി തുടങ്ങിയവയില്‍ പുതു തലമുറയ്ക്ക് കൂടുതല്‍ പഠന സൗകര്യവും പരിശീലനവും ആവശ്യമാണ്. പഠനരംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനും ഒരു കുടക്കീഴില്‍ തന്നെ വിവിധ പഠന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും എ.ഐ.സി.റ്റി.ഇ നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്ന കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോളിടെക്‌നിക്, എഞ്ചിനീയറിങ് കോളേജുകള്‍ക്കായി നാല്‍പ്പതോളം ബസുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവ ഉടന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് സമയബന്ധിതമായി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ മുന്‍നിശ്ചയിച്ചതുപോലെ എ.ഐ.സി.റ്റി.ഇ. കാര്യാലയത്തിന്റെ പണി 180 ദിവസം കൊണ്ട് പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

ചടങ്ങില്‍ കേന്ദ്രമാനവവിഭവശേഷി വികസന സഹമന്ത്രി ഡോ.ശശി തരൂര്‍ അദ്ധ്യക്ഷനായിരുന്നു. യുവാക്കള്‍ക്ക് സാങ്കേതിക പഠനത്തിന് സാഹചര്യമൊരുക്കി തൊഴില്‍ നേടാന്‍ സഹായിക്കുമെന്ന് മന്ത്രി ഡോ.ശശിതരൂര്‍ പറഞ്ഞു. വൊക്കേഷണല്‍ ട്രെയിനിങ് കമ്മ്യൂണിറ്റി കോളേജുകള്‍ എന്നിവ കൂടുതല്‍ സ്ഥാപിക്കുന്നത് ഈ ലക്ഷ്യത്തിനു വേണ്ടിയാണ്. മാവോയിസ്റ്റ് തീവ്രവാദത്തിന് വഴിതെളിയിക്കുന്ന സാഹചര്യങ്ങളില്‍ നിന്നും മാറ്റി യുവതലമുറയെ രാജ്യപുരോഗതിയില്‍ പങ്കാളികളാക്കാന്‍ നൂതന സാങ്കേതിക വിദ്യാഭ്യാസം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.റ്റി.ഇ. കാര്യാലയം സംസ്ഥാനത്ത് തുടങ്ങാന്‍ സൗകര്യമൊരുക്കിയത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പറഞ്ഞു. സാങ്കേതിക സര്‍വകലാശാലയും, എഞ്ചിനീയറിങ് കോളേജുകളില്‍ പോളിടെക്‌നിക് പഠനം സാധ്യമാവുന്നതും മറ്റും ഈ രംഗത്ത് മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി അറിയിച്ചു. എ.ഐ.സി.റ്റി.ഇ. ചെയര്‍മാന്‍ ഡോ.എസ്.എസ്.മാന്‍ത, മെമ്പര്‍ സെക്രട്ടറി ഡോ.കെ.പി.ഐസക്, ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.ജെ.ലത, അഡീഷണല്‍ സെക്രട്ടറി എം.ഷെറീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം