വി.സി ശുക്ല അന്തരിച്ചു

June 11, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി.സി ശുക്ല (84) അന്തരിച്ചു. മെയ് 25ന് ഛത്തീസ്ഗഢില്ലെ ബസ്തറില്‍ കഴിഞ്ഞ മാസമുണ്ടായ മാവോവാദി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം  29 ആയി.

റായ്പൂരില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയില്‍ എത്തിച്ച ശുക്ലയുടെ ആരോഗ്യനിലയില്‍ കഴിഞ്ഞയാഴ്ച നേരിയ പുരോഗതി ഉണ്ടായിരുന്നു. എന്നാല്‍ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതോടെ മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തില്‍ നെഞ്ചിലും വയറിലുമായി തറച്ചിരുന്ന മൂന്നു വെടിയുണ്ടകള്‍ റായ്പുരിലെ ആസ്പത്രിയില്‍ നീക്കം ചെയ്തിരുന്നെങ്കിലും കഷ്ണങ്ങള്‍ അവശേഷിച്ചിരുന്നു. അവ മേദാന്തയിലാണ് നീക്കം ചെയ്തത്.

ഒന്‍പത് തവണ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1957 ല്‍ മഹാസമുന്ദ് മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി ലോക്‌സഭാംഗമായത്. 1966 ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയിലാണ് കേന്ദ്രമന്ത്രിയായത്. അടിയന്തരാവസ്ഥാ കാലത്ത് വാര്‍ത്താവിതരണ മന്ത്രിയായിരുന്നു.   ധനം, ആഭ്യന്തരം, പ്രതിരോധം, സിവില്‍ സപ്ലൈസ്, വിദേശകാര്യം, ജലവിഭവം എന്നീ സുപ്രധാന വകുപ്പുകളും കൈകാര്യം ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍