അഡ്വാനി രാജി പിന്‍വലിച്ചു

June 12, 2013 പ്രധാന വാര്‍ത്തകള്‍

L.K.Advani4ന്യൂദല്‍ഹി: പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ രാജിവച്ച നടപടി മുതിര്‍ന്ന നേതാവ്‌ എല്‍.കെ. അഡ്വാനി പിന്‍വലിച്ചതായി ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ്‌ സിംഗ്‌, സുഷമാ സ്വരാജ്‌, നിതിന്‍ ഗഡ്കരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ഭാഗവതുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ അഡ്വാനി രാജി പിന്‍വലിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന്‌ രാജ്നാഥ്‌ സിംഗ്‌ പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക്‌ മോഹന്‍ ഭാഗവത്‌ അഡ്വാനിയോട്‌ സംസാരിക്കുകയും ബിജെപി പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനം അംഗീകരിച്ച്‌ ദേശീയ താത്പര്യങ്ങള്‍ക്കനുസരിച്ച്‌ പാര്‍ട്ടിയെ നയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഭാഗവതിന്റെ ഉപദേശം കൈക്കൊണ്ട്‌ അഡ്വാനി രാജി പിന്‍വലിക്കാന്‍ സന്നദ്ധനായെന്നും രാജ്നാഥ്‌ സിംഗ്‌ പറഞ്ഞു.

പാര്‍ട്ടിയെക്കുറിച്ച്‌ അദ്വാനി പ്രകടിപ്പിച്ച ഉത്കണ്ഠ അതേ അളവില്‍ ഉള്‍ക്കൊണ്ട്‌ പരിശോധിക്കുമെന്ന്‌ അദ്ദേഹത്തിന്‌ ഉറപ്പു നല്‍കിയതായും സിംഗ്‌ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചുമതല ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിക്ക്‌ നല്‍കിയ തീരുമാനം മാറ്റില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ അഡ്വാനി പ്രകടിപ്പിച്ച ഉത്കണ്ഠ പാര്‍ട്ടി വൃത്തങ്ങള്‍ കണക്കിലെടുക്കണമെന്ന്‌ അഡ്വാനിയുമായി ഏറെ അടുപ്പമുള്ള ജസ്വന്ത്‌ സിംഗ്‌ ആവശ്യപ്പെട്ടു. അദ്ദേഹം ഉയര്‍ത്തിയ ആവശ്യങ്ങള്‍ പാര്‍ട്ടിക്കും രാജ്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്നവയാണ്‌. അവയ്ക്ക്‌ ശരിയായ പരിഹാരം ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പാര്‍ട്ടി തീര്‍ച്ചയായും ആ വിഷയങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യും, ജസ്വന്ത്‌ സിംഗ്‌ കൂട്ടിച്ചേര്‍ത്തു.

ഈ സാഹചര്യത്തില്‍ അഡ്വാനിയെപ്പോലുള്ള മുതിര്‍ന്ന നേതാവിന്റെ മാര്‍ഗനിര്‍ദേശം പാര്‍ട്ടിക്ക്‌ വളരെ ആവശ്യമാണെന്ന്‌ മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി. പാര്‍ട്ടി എംപി ഉമാ ഭാരതി അദ്വാനിയെയും പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജിനെയും ഇന്നലെ രാവിലെ പ്രത്യേകം പ്രത്യേകം കണ്ട്‌ ചര്‍ച്ച നടത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍