ക്ഷമയോടെ നിയമനടപടികളെ നേരിടും: ശ്രീശാന്ത്

June 12, 2013 പ്രധാന വാര്‍ത്തകള്‍

sreiകൊച്ചി: 27 ദിവസം നീണ്ടുനിന്ന നിയമ യുദ്ധത്തിനൊടുവില്‍ ജയില്‍ മോചിതനായ ശ്രീശാന്ത് വീട്ടിലെത്തി. വാതുവയ്പ് കേസില്‍ പതിനാലു ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ഇന്നലെ രാത്രി 8.10 നാണ് ശ്രീശാന്ത് തിഹാര്‍ ജയില്‍ നിന്നു മോചിതനായത്. തിങ്കളാഴ്ച മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ച പതിനെട്ടു പേര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യത്തിനും പുറമേ രാജ്യം വിട്ടുപോകരുത് എന്ന വ്യവസ്ഥയോടും കൂടിയാണ് ജാമ്യം.

തൃപ്പൂണിത്തുറയില്‍ സഹോദരിയുടെ വീട്ടിലെത്തിയ ശ്രീശാന്തിനെ അച്ഛന്‍ ശാന്തകുമാരന്‍ നായരും അമ്മ സാവിത്രി ദേവിയും ചേര്‍ന്ന് സ്വീകരിച്ചു. കഴിഞ്ഞതൊക്കെ മറക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യമാണെന്നും ശ്രീശാന്ത് പറഞ്ഞു. ഒരു ശത്രുവിനുപോലും ഇങ്ങനെയൊന്നും സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ക്ഷമയോടെ നിയമനടപടികളെ നേരിടും. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ട്. കളിയിലേക്ക് തിരികെ വരണമെന്നാണ് ആഗ്രഹം. സത്യം മുഴുവന്‍ പുറത്തുവന്ന ശേഷം തനിക്കെതിരെ നടന്ന ഗൂഢാലോചനയെക്കുറിച്ച് പ്രതികരിക്കാം. ആരെയും കുറ്റപ്പെടുത്തുന്നില്ല. ഡല്‍ഹി പൊലീസ് അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ശ്രീശാന്ത് തൃപ്പൂണിത്തുറയിലെ വീട്ടില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ 9.20ന്   കൊച്ചിയിലെത്തിയ ശ്രീശാന്തിന് ആരാധകരും നാട്ടുകാരും ചേര്‍ന്ന് വന്‍ സ്വീകരണം ഒരുക്കിയിരുന്നു. രാവിലെ ആറുമണിയോടെയാണ് ശ്രീശാന്ത് ഡല്‍ഹിയില്‍ നിന്ന് തിരിച്ചത്. ഡല്‍ഹി- കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു യാത്ര. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ശ്രീശാന്തിനെ, സേവ് ശ്രീശാന്ത് സംഘടനയുടെ ഭാരവാഹികള്‍ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്.

നിയമവഴിയിലൂടെ നിരപരാധിത്വം തെളിയിച്ച് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ഡല്‍ഹിയില്‍ വച്ച് ശ്രീശാന്ത് പറഞ്ഞു. അതിനായി ക്ഷമയോടെ കാത്തിരിക്കും. ഇന്നുമുതല്‍ പരിശീലനം തുടങ്ങുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍