ശ്രീ ശങ്കരന്‍ ലൗകീക ദൃഷ്ടാന്തങ്ങളിലൂടെ – 19

June 12, 2013 സനാതനം

പണ്ഡിതരത്നം ഡോ. കെ. ചന്ദ്രശേഖരന്‍ നായര്‍

മനസ്സ് കാട്ടിക്കൂട്ടുന്ന കുഴപ്പങ്ങളാണ് ഈ ഉദാഹരണത്തിലൂടെ ആചാര്യന്‍ വെളിവാക്കുന്നത്

വായുനേവാഭ്രമണ്ഡലം (വിവേകചൂഡാമണി 80)

കാറ്റത്തെ മേഘം പോലെ
വേദാന്തതത്ത്വം അനുസരിച്ച് മനസ്സ് അവദ്യയാണ്. ഈ അവിദ്യയായ മനസ്സ് ആത്മാവിനെ മറയ്ക്കുന്ന പഞ്ചകോശങ്ങളില്‍ പ്രാധാന്യം ഉള്ളതാണ്. ആത്മാവിലുള്ള സകല അദ്ധ്യാരോപങ്ങള്‍ക്കും കാരണം ഈ മനസ്സാണ്. അജ്ഞാനാന്ധകാരത്തില്‍ ആണ്ടുകിടക്കുന്ന ഈ സമസ്തപ്രപഞ്ചത്തെയും ലോകര്‍ അറിയുന്നത് ഒരു മനോവ്യാപാരത്തിലൂടെയാണ്. ഇത് മനസ്സിനുള്ള ഒരു മാസ്മരശക്തിയാണ്.

സമസ്തലോകരും മനസ്സിന്റെ ഈ മാസ്മരശക്തിക്കു വശംവദര്‍ മാത്രമല്ല, അതിന്റെ അടിമകള്‍ കൂടിയാണ്. ലോകരിലുള്ള മനസ്സിന്റെ ഈ പ്രവൃത്തിയെയാണ് കൊടുങ്കാറ്റിനാല്‍ ചിന്നിച്ചിതറുന്ന മേഘത്തെപ്പോലെ എന്ന് ശ്രീ ശങ്കരന്‍ പറഞ്ഞത്.

മേഘം മുകളിലോട്ട് പോകുന്നത് വായുവിന്റെ ഗതി അനുസരിച്ചാണ്. മുകളിലോട്ട് പോകുന്നത് മാത്രമല്ല ചിന്നിച്ചിതറുന്നതും താഴെയ്ക്കു വീഴുന്നതുമെല്ലാം ശക്തമായ കാറ്റുകൊണ്ടുതന്നെ.

കാറ്റുകൊണ്ട് മേഘങ്ങള്‍ നാനാതരത്തില്‍പ്പെട്ട രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നത് നാം കാണുന്നുണ്ട്. ചിലപ്പോള്‍ അവ ഒരു പര്‍വതമെന്നോണം ആകാശത്തില്‍ ഒരു ഭാഗത്ത് തങ്ങിനില്ക്കുന്നതായി കാണാം. അടുത്ത ക്ഷണത്തില്‍ ആ പര്‍വതാകാരമായിരുന്ന മേഘം അനന്തമായ ഈ ആകാശത്ത് ചിന്നിച്ചിതറുന്നതായി കാണാന്‍ സാധിക്കുന്നു. ഭൂമിയില്‍നിന്ന് ആകാശത്തിലേക്ക് ഉയര്‍ത്തിയ ഈ കാറ്റുതന്നെ ഞൊടിയിടയില്‍ അതിനെ താഴെ പതിപ്പിക്കുകയും ചെയ്യുന്നുണ്ട്. മേഘങ്ങള്‍ വായുവിന്റെ അടിമകളായി മാറിപ്പോയതുകൊണ്ടാണ് അവയ്ക്ക് ഈ ഗതികേട് വന്നത്. ദ്രാഷ്ടാന്തികത്തില്‍ മനുഷ്യര്‍ മനസ്സിന്റെ അടിമകളാണ്. അജ്ഞാനത്തിന്റെ പരിവേഷത്തില്‍ മനസ്സ് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ ചില്ലറയൊന്നുമല്ല. അതു മനുഷ്യനെ ആഴത്തില്‍ ദുഃഖിപ്പിക്കുകയും അവന്റെ ജീവിതം ഭയാനമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. ശരിക്കുപറഞ്ഞാല്‍ മനുഷ്യന്റെ ദുഃഖം എന്ന് പറയുന്നത് മനസ്സിന്റെ ഒരു സൃഷ്ടിയാണ്. ഈ മനസ്സ് മനുഷ്യന്റെ നിയന്ത്രണത്തിലല്ലെങ്കില്‍ അത് അതിന്റെ ഉടമസ്ഥനെ തന്നെ അതിനിഷ്ഠൂരമായി പീഡിപ്പിക്കും. മനസ്സിന്റെ ഈ കരാളഹസ്തത്തില്‍നിന്നു മനുഷ്യന്‍ മോചിതനാകേണ്ടിയിരിക്കുന്നു.

മനുഷ്യനെ മൃഗമാക്കുന്നതും ശ്രേഷ്ഠനാക്കുന്നതുമെല്ലാം മനസ്സുതന്നെയാണ്. അതുകൊണ്ട് മനസ്സിനെ നിയന്ത്രിക്കാനും അടക്കിയിരുത്താനും സകല ദര്‍ശനങ്ങളും ഉപദശിക്കുന്നുണ്ട്.

സാധുവായ മനുഷ്യന്‍ മനസ്സിന്റെ ഒരു പാവതന്നെ. ഈ ഉദാഹരണത്തില്‍ മനസ്സ് അത്യന്തം നിഷ്ഠൂരമായ വായുപോലെയാണ് എന്നു പറഞ്ഞിരിക്കുന്നു. ദുഃഖിതരായ ആള്‍ക്കാര്‍ അവിചാരിതമായി അടിച്ചുമാറ്റപ്പെടുന്ന മേഖലകള്‍ പോലെയാണ്. മേഘത്തിന്റെ അധോഗതിയും ഉപരിഗമനവുമെല്ലാം വായുവിന്റെ ഔദാര്യത്തില്‍ അധിഷ്ഠിതമാണ്.

മനുഷ്യന്റെ സകല ചേഷ്ടകളും അവന്റെ മാനസികാവസ്ഥയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. മനസ്സ് അതിന്റെ ഉടമയെ നിഷ്ഠൂരമായി പീഡിപ്പിച്ചെന്നും ദേവതുല്യനായി ഉയര്‍ത്തിയെന്നും വരാം. മാത്രമല്ല രാക്ഷസനായി അധഃപതിപ്പിച്ചെന്നും വരാം. അതുകൊണ്ട് ഈ താന്തോന്നിയായ മനസ്സിന്റെ കരാളഹസ്തത്തില്‍നിന്നു മോചനം നേടിയേതീരൂ. മനസ്സിന്റെ അവസ്ഥയെ ആധാരമാക്കിയാണ് ഒരുവന്റെ ജീവിതം എന്നതുകൊണ്ട് അജ്ഞനായ മനുഷ്യന്‍ അക്രമിയായ മനസ്സിന്റെ കയ്യിലെ പാവയാണ്. ഇപ്രകാരമുള്ള ഈ മനസ്സിനുള്ള കഠോരമര്‍മ്മത്തിന്റെ പ്രതീകമായിട്ടാണ് ദുര്‍വൃത്തനായ വായുവിനെ അവതരിപ്പിച്ചിരിക്കുന്നത്.

നാനാവിധത്തിലുള്ള ദുഃഖത്തിന്റെ ഉമിത്തീയില്‍ നീറുന്ന മനുഷ്യന്റെ അവസ്ഥയെ ചിന്നിച്ചിതറപ്പെട്ട മേഘത്തിന്റെ അവസ്ഥയായും ആണ് ീ ദൃഷ്ടാന്തത്തില്‍ ആചാര്യന്‍ ചിത്രീകരിച്ചിരിക്കുന്നത്. ഓര്‍ക്കാപ്പുറത്തു നമ്മെ അപഥത്തിലേക്കു തള്ളിയിടുന്ന മനസ്സിന്റെ നൃശംസത വായുവിനാല്‍ അവിചാരിതമായി അനന്തമായ ആകാശത്തിന്റെ വിവിധഭാഗങ്ങളില്‍ ആട്ടിപ്പായിക്കപ്പെടുന്ന മേഘത്തിന്റെ ദഃസ്ഥിതിയില്‍ വ്യക്തമാക്കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം