പത്രപ്രവര്‍ത്തകന് പോലീസ് മര്‍ദനം: ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു

June 13, 2013 കേരളം

പാലക്കാട്: ദിനകരന്‍ ദിനപത്രത്തിന്റെ ജില്ലാ ലേഖകന്‍ എല്‍ ശിവമുരുകനെ ചിറ്റൂര്‍ എസ് ഐ ശശിധരന്‍ മര്‍ദിച്ച സംഭവത്തില്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ എസ് പി അന്വേഷണം തുടങ്ങി. ഉത്തരമേഖലാ എ ഡി ജി പി ശങ്കര്‍റെഡ്ഡി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിവൈ എസ് പിക്ക് അന്വേഷണച്ചുമതല നല്‍കിയത്. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ പത്രപ്രവര്‍ത്തകനെ അകാരണമായി മര്‍ദിക്കുകയും ഒരു രാത്രി സ്റ്റേഷനില്‍ തടഞ്ഞു വെക്കുകയും ചെയ്ത സംഭവം ഉന്നതോദ്യോഗസ്ഥനേക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രസ്ക്ളബ് ഭാരവാഹികള്‍ ജില്ലാ പോലീസ് മേധാവി രാജ്പാല്‍മീണക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് ഭാരവാഹികള്‍ എ ഡി ജി പിയെ ബന്ധപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. ക്രൈംഡിറ്റാച്ച്മെന്റ് ഡിവൈ എസ് പി വിജയപ്പന്‍ സംഭവത്തില്‍ തെളിവെടുപ്പു തുടങ്ങി. ജൂണ്‍ നാലിനാണ് ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന ശിവമുരുകനെ പോലീസ് ആക്രമിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം