വിനോദ സഞ്ചാരത്തിന് ശിക്കാരവള്ളം ഉപയോഗിക്കുന്നത് 30 ദിവസത്തേയ്ക്ക് നിരോധിച്ചു

June 13, 2013 മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ശിക്കാര വള്ളങ്ങളും (യന്ത്രം ഘടിപ്പിച്ച ചെറുവള്ളം) ഇതര ചെറു വഞ്ചികളും ജില്ലയിലെ ജല തടാകങ്ങളില്‍ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി സഞ്ചാരികളെ കൊണ്ടുപോകുന്നത് 30 ദിവസത്തേയ്ക്ക് നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ഉത്തരവായി.

1973 ലെ ക്രിമിനല്‍ നടപടി നിയമ സംഹിത, സെക്ഷന്‍ 144(1), (2) പ്രകാരമാണ് ഈ നടപടി. ഇത്തരം വള്ളങ്ങളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളോ രജിസ്ട്രേഷനോ ഇല്ലാതെ സഞ്ചാരികളെ കൊണ്ടുപോകുന്നതിനാല്‍ പലവിധ അപകടങ്ങളും സംഭവിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കാലവര്‍ഷത്തോടുബന്ധിച്ച് അപ്രതീക്ഷിതമായി ഉണ്ടാകുന്ന ശക്തമായ കാറ്റിലും മഴയിലും ഇത്തരം വള്ളങ്ങള്‍ അപകടത്തില്‍ പെടുന്നതായും നീന്തല്‍ വശമില്ലാത്ത വിനോദ സഞ്ചാരികള്‍ക്ക് അപകടം നേരിടുന്നതായും ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെയും നേരിട്ട് ലഭ്യമായ മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നിലവിലുള്ള സ്ഥിതിയിലും കാലവര്‍ഷ കാലാവസ്ഥയിലും ഇത്തരം വള്ളങ്ങളിലും ചെറു വഞ്ചികളിലും വിനോദ സഞ്ചാരം നടത്തുന്നത് സഞ്ചാരികളുടെയും വള്ളങ്ങളിലെ ജീവക്കാരുടെയും ജീവന് ഭീഷണിയാകുമെന്നതിനാലാണ് മേല്‍ നടപടി സ്വീകരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍