ആരോപണ വിധേയരായ ഗണ്‍മാനെയും പിഎയെയും മുഖ്യമന്ത്രി മാറ്റി

June 14, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: സോളാര്‍ പ്ളാന്റ് തട്ടിപ്പിലെ മുഖ്യപ്രതി സരിത .എസ് നായരെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണമുയര്‍ന്ന പേഴ്സണല്‍ അസിസ്റന്റ് ടെന്നി ജോപ്പനെ മുഖ്യമന്ത്രി പേഴ്സണല്‍ സ്റാഫില്‍ നിന്ന് നീക്കി. സരിതയുമായി പലതവണ ഫോണില്‍ ബന്ധപ്പെട്ട ഗണ്‍മാന്‍ സലീം രാജിനെയും മാറ്റിയിട്ടുണ്ട്. നിയമസഭയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം അറിയിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച എഡിജിപി ഹേമചന്ദ്രന്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടനുസരിച്ചാണ് നടപടി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിക്കുകയും ചെയ്തു.

വ്യാഴാഴ്ചയും പ്രതിപക്ഷം നിയമസഭയില്‍ വിഷയം ഉന്നയിച്ചിരുന്നു. ഇതിനുശേഷം സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖമാണ് വിഷയം വീണ്ടും ആളിക്കത്തിച്ചത്. സരിത.എസ് നായരെക്കുറിച്ച് നേരത്തെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായിട്ടായിരുന്നു പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. രാവിലെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും ഇക്കാര്യം എഡിജിപി അന്വേഷിച്ചാല്‍ പോരെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ സരിതയെ അറസ്റ് ചെയ്തതിന് ശേഷമാണ് പി.സി ജോര്‍ജ് തന്നോട് വിഷയം പറഞ്ഞതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് ഉമ്മന്‍ചാണ്ടി മാറി നിന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സഭ ബഹിഷ്കരിച്ച് പുറത്തിറങ്ങിയ കോടിയേരി ആവശ്യപ്പെട്ടു. സരിതയെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പോലീസ് കസ്റഡിയിലായിരിക്കുമ്പോള്‍ പോലും അവര്‍ മൊബൈലില്‍ ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഒരു ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു.

അധികാരകേന്ദ്രങ്ങളുമായി അടുത്ത ബന്ധമുണ്ടായിട്ടാണ് പോലീസ് കസ്റഡിയിലായിരിക്കുമ്പോള്‍ പോലും അവര്‍ക്ക് ഫോണ്‍ ചെയ്യാനുള്ള സൌകര്യം ലഭിച്ചത്. ഇക്കാര്യവും അന്വേഷിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. തട്ടിപ്പിനിരയായ പലരും പറയുന്നത് മുഖ്യമന്ത്രിയുടെ കത്തുണ്ടായിരുന്നതു കൊണ്ടാണ് പണം മുടക്കിയതെന്നാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസ് ഫോണില്‍ നിന്ന് ടെന്നി ജോപ്പന്‍ സരിതയെ ബന്ധപ്പെട്ടതാണ് ആരോപണം ഗൌരവസ്വഭാവം കൂട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എഴുപത് തവണ ഇയാള്‍ സരിതയെ വിളിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലീം രാജും ഇവരെ ഫോണില്‍ വിളിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സലീമിനെയും സസ്പെന്‍ഡ് ചെയ്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം