പനിച്ചു വിറയ്ക്കുന്ന കേരളം

June 14, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

പകര്‍ച്ചപ്പനി മൂലം ഒരോദിവസവും കേരളത്തില്‍ വിലപ്പെട്ട ജീവന്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞവര്‍ഷവും പനിമൂലം ഒട്ടേറെപ്പേരുടെ ജീവന്‍ നഷ്ടമായി. മൂന്നോ നാലോ വര്‍ഷം മുമ്പ് എച്ച് 1 എന്‍ 1 വൈറസ് മൂലമുള്ള പകര്‍ച്ചപ്പനി കേരളത്തില്‍ വ്യാപകമായപ്പോള്‍ ആദ്യഘട്ടത്തില്‍ എന്തുചെയ്യണമെന്നു പോലുമറിയാതെ ആരോഗ്യരംഗം അന്ധാളിച്ചുനിന്നു. എന്നാല്‍ അടിയന്തിര നടപടികളിലൂടെ ഈരോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞു. തൊട്ടടുത്തവര്‍ഷവും ഇത് ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളത് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയും സ്വീകരിച്ചിരുന്നു. തൊട്ടടുത്ത വര്‍ഷങ്ങളില്‍ കൊതുകുമൂലമുള്ള ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ വ്യാപകമായി വ്യാപിച്ച് ജനങ്ങളുടെ ജീവനെടുക്കാന്‍ തുടങ്ങി.

ആരോഗ്യരംഗത്ത് വികസിത രാജ്യങ്ങളോടൊപ്പം എത്തിയെന്ന് അനുമാനിക്കുന്ന കേരളത്തിന്റെ സ്ഥിതി ഇന്ന് അത്ര ശോഭനമല്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പുപോലും മറ്റു രോഗങ്ങള്‍മൂലം മരണങ്ങള്‍ ധാരാളം ഉണ്ടാകുമായിരുന്നെങ്കിലും പനിമരണങ്ങള്‍ അപൂര്‍വ്വമായിരുന്നു. ആ സ്ഥാനത്താണ് ഇന്ന് കേരളം തന്നെ പനിച്ചുവിറയ്ക്കുന്നു എന്ന് പറയാവുന്ന നിലയിലെത്തിയത്. കൊതുകും എലിയും മൂലമാണ് ഇന്ന് പനി വ്യാപകമായിരിക്കുന്നത്. ഡെങ്കിമൂലമാണ് മരണങ്ങളിലേറെയും.

പരിസര ശുചിത്വത്തിന്റെ അഭാവമാണ് പകര്‍ച്ചപ്പനിക്ക് മൂലകാരണമെന്ന് പകല്‍പോലെ വ്യക്തമാണ്. ഡെങ്കിപരത്തുന്ന കൊതുകിനു വളരാനുള്ള സാഹചര്യം എവിടെയും സുലഭമാണ്. അതുപോലെതന്നെയാണ് എലി പെറ്റുപെരുകുന്നതും. ശുദ്ധജലത്തില്‍മാത്രമേ ഡെങ്കിപരത്തുന്ന കൊതുകകള്‍ വളരൂ. പ്രധാനമായും വീട്ടിലെ ഫ്രിഡ്ജ്, ചെടിച്ചട്ടികള്‍ മുതലായവയിലൂടെയാണ് ഇത് മുട്ടയിട്ടുപെരുകുന്നത്. മാത്രമല്ല ഇത്തരം കൊതുകുകള്‍ പകല്‍മാത്രമേ മനുഷ്യരെ കടിക്കുകയുള്ളൂ. ഈ കൊതുകകള്‍ 200 മീറ്റര്‍ പരിധിക്കുള്ളില്‍മാത്രമേ സഞ്ചരിക്കാറുമുള്ളൂ. ഈ സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കുന്നതുള്‍പ്പെടെ കേരളീയര്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ ഡെങ്കിപരത്തുന്ന കൊതുകുകളെ നിശേഷം ഇല്ലാതാക്കാന്‍ കഴിയും.

ഇക്കാര്യത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നില്ല എന്നത് ഖേദകരമാണ്. ഇതിനുപുറമേ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിലുംമറ്റും മഴവെള്ളം കെട്ടിനിന്ന് ഡെങ്കികൊതുകുകള്‍ക്ക് മുട്ടയിട്ടുപെരുകാനുള്ള സാഹചര്യവും ഉണ്ട്. ആഹാരാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതുമൂലം യഥേഷ്ടം ഭക്ഷണം ലഭിക്കുന്നതിനാല്‍ എലിയും വര്‍ദ്ധിക്കുന്നു. ഇതിന്റെ മൂത്രം കലരുന്ന വെള്ളത്തില്‍ ചവിട്ടിയാല്‍പോലും എലിപ്പനി പടരാന്‍ സാദ്ധ്യതയുണ്ട്.

മാലിന്യ സംസ്‌കരണം എന്ന കീറാമുട്ടിക്ക് ശാശ്വതപരിഹാരം കാണാതെ പകര്‍ച്ചപ്പനിയില്‍നിന്നു കേരളത്തെ മോചിപ്പിക്കാന്‍ കഴിയില്ല. കഴിഞ്ഞ ഒന്നുരണ്ടു പതിറ്റാണ്ടുകൊണ്ടു രൂപപ്പെട്ടുപോയ പ്ലാസ്റ്റിക് മാലിന്യങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍തന്നെ പരമാവധി സംസ്‌കരിക്കാനുള്ള ലക്ഷ്യബോധമുണ്ടാകുകയും വേണം. സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ പൊതുനിരത്തുള്‍പ്പെടെ എവിടെയും ഉപേക്ഷിക്കാമെന്ന കേരളീയരുടെ മനോഭാവത്തിനാണ് ആദ്യം മാറ്റം വരേണ്ടത്. മാലിന്യംമൂലം തങ്ങള്‍ക്ക് അനുഭവപ്പെടുന്ന ദുര്‍ഗന്ധമോ ആരോഗ്യപ്രശ്‌നമോ ഒന്നും മറ്റുള്ളവര്‍ക്കും ഉണ്ടാകുമെന്ന് ചിന്തിക്കാനുള്ള സാമൂഹ്യബോധം കേരളീയര്‍ക്ക് ഇന്ന് നഷ്ടമായി എന്നുവേണം വിശ്വസിക്കാന്‍. ഫഌറ്റുകളിലേയും ഹോട്ടലുകളിലേയും മാലിന്യങ്ങളൊക്കെ ദേശീയപാത ഉള്‍പ്പെടെയുള്ള കാണുന്ന സ്ഥലങ്ങളിലൊക്കെ നിക്ഷേപിക്കുന്ന രീതിയും കണ്ടുവരുന്നു. ഇതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചോ പകര്‍ച്ചവ്യാധികളെക്കുറിച്ചോഒന്നും ഇത്തരക്കാര്‍ അല്പംപോലും ആശങ്കാകുലരല്ല എന്നത് വളരെ ഗൗരവപൂര്‍വ്വം കാണേണ്ടതാണ്.

മാലിന്യപ്രശ്‌നത്തില്‍ സാമൂഹ്യബോധത്തില്‍ അധിഷ്ഠിതമായ പുതിയ ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തിക്കൊണ്ടുമാത്രമേ കേരളത്തിനി മുന്നോട്ടുപോകാനാകൂ. ഇക്കാര്യത്തില്‍ വലിപ്പച്ചെറുപ്പമില്ലാതെ ഓരോവ്യക്തിക്കും നിര്‍ണായകപങ്കുവഹിക്കാനുണ്ട്. പൗരബോധത്തെയും മാലിന്യസംസ്‌കരണത്തെയും കുറിച്ചൊക്കെ സ്‌കൂള്‍തലംമുതലേ കുട്ടികളെ ബോധവാന്മാരാക്കേണ്ടിയിരിക്കുന്നു. അതുപോലെ പ്ലാസ്റ്റിക്കിനോടു വിടപറഞ്ഞുകൊണ്ട് ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്താനുതകുന്ന ബാഗുകളുംമറ്റും ഉപയോഗിക്കാനുള്ള പ്രചാരണം നടത്തുകയുംവേണം. മാലിന്യപ്രശ്‌നം പരിഹരിച്ചാല്‍ മാത്രമേ കേരളം ഇപ്പോള്‍ നേരിടുന്ന ഡെങ്കിപ്പനിയും എലിപ്പനിയുംപോലുള്ള വ്യാധികളില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയൂ.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍