വിദ്യാര്‍ഥികളില്‍ ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നതായി പരാതി

June 15, 2013 കേരളം

മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികളില്‍ ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നതായി പരാതി. വിദ്യാലയങ്ങളില്‍ പുകയില നിരോധ ബോര്‍ഡ് വയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും പാലിക്കപ്പെടുന്നില്ല. മണ്ണാര്‍ക്കാട് താലൂക്കിലെ വിദ്യാലയങ്ങളില്‍ വ്യാപക തോതിലാണ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത്. ഒമ്പത്, പത്ത് ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതത്രേ. സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനാല്‍ വരുംനാളുകളില്‍ പുകയില ഉപയോഗം വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് സൂചന. സ്കൂള്‍ മതിലില്‍നിന്ന് 92 മീറ്റര്‍ പരിധിക്കുള്ളില്‍ സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങള്‍ വില്പന നടത്താന്‍ പാടില്ലെന്നാണ് നിയമം. ഇതു ലംഘിച്ചാല്‍ നടപടിയെടുക്കുമെന്നും പിഴ ഈടാക്കുമെന്നും രേഖപ്പെടുത്തിയ ബോര്‍ഡാണ് സ്കൂള്‍ പരിസരത്ത് വയ്ക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം നല്കിയിരിക്കുന്നത്. സ്കൂള്‍ മതിലിനുപുറത്ത് കവാടത്തോടു ചേര്‍ന്ന് ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്ത് പാന്‍മസാലകളുടെ വിപണനം നടക്കുന്നതായി പരാതി ഉയര്‍ന്നതോടെ അന്വേഷണം ശക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഹൈസ്കൂള്‍, പ്ളസ് ടു വിദ്യാര്‍ഥികള്‍ വ്യാപകമായി ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതായി കണ്െടത്തിയത്. വിദ്യാര്‍ഥികള്‍ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരേ ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം