മാധ്യമങ്ങള്‍ ജുവനൈല്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം: ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്

June 15, 2013 കേരളം

തിരുവനന്തപുരം: വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ജുവനൈല്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മാധ്യമങ്ങള്‍ക്ക് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദ്ദേശം.  കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ നിയമനടപടിയ്ക്ക് വിധേയരാകുകയോ ചെയ്യുന്ന 18 വയസിനുതാഴെയുളള കുട്ടികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുമ്പോള്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട്, സെക്ഷന്‍ 21 ലെ വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിക്കണം.  കുട്ടികളുടെ പേര്, ചിത്രം, വിലാസം തുടങ്ങി അവരെ തിരിച്ചറിയുന്ന യാതൊരുവിധ വിവരങ്ങളും വാര്‍ത്തകളില്‍ ഉള്‍ക്കൊളളിക്കരുത്.  തിരുവനന്തപുരം ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്നും രക്ഷപ്പെട്ട കുട്ടികളെ സംബന്ധിച്ച് അടുത്തിടെ ഒരു സ്വകാര്യ ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു.  ഇതിനെതിരെ തിരുവനന്തപുരം സ്വദേശിയായ അഡ്വ. ജെ. സന്ധ്യ നല്‍കിയ പരാതിയിന്മേലാണ് ബോര്‍ഡിന്റെ പരാമര്‍ശം.  പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് എം.ബി. സ്‌നേഹലത, അംഗങ്ങളായ എന്‍. രാധാകൃഷ്ണന്‍ നായര്‍, ഫിലോമിന സെഡ്രിക് എന്നിവര്‍ അടങ്ങുന്ന തിരുവനന്തപുരം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റേതാണ് നിര്‍ദ്ദേശം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം