ചരിത്രമുറങ്ങുന്ന പുലയനാര്‍കോട്ട

June 16, 2013 ലേഖനങ്ങള്‍

കുന്നുകുഴി എസ്.മണി

കുന്നുകുഴി എസ്.മണി

charithram-pb
വള്ളുവ രാജക്കന്മാരുടെ പ്രതാപമാര്‍ന്ന ഭരണാന്ത്യത്തിനുശേഷം തിരുവിതാംകൂറില്‍ പുലയനാര്‍കോട്ട ആസ്ഥാനമാക്കി ഭരണം കൈയ്യാളിയിരന്നത് പുലയഭരണാധികാരിയായ കോതല്‍ എന്ന രാജാവായിരുന്നു. പുലയ ഭരണകേന്ദ്രത്തിന്റെ ആസ്ഥാനമായി വിളങ്ങിയിരുന്ന പുലയനാര്‍കോട്ടയില്‍ കൊട്ടാരക്കെട്ടുകളുടെയും, കോട്ടമതിലിന്റെയും, ഒരു വന്‍കിണറ്റിന്റെയും അവശിഷ്ടങ്ങള്‍ ആയിരത്തിത്തൊള്ളായിരത്തിഎണ്‍പതുകളില്‍ പോലും അവിടെ കാണപ്പെട്ടിരുന്നു. ഇന്ന് അതൊക്കെ ആധുനിക ചരിത്രവിധ്വംസകന്മാര്‍ കൈയ്യേറി നശിപ്പിച്ചിരിക്കുകയാണ്.

വേളീക്കായലിന് അഭിമുഖമായിട്ടാണ് പുലയനാര്‍കോട്ട സ്ഥിതിചെയ്തിരുന്നത്. തലസ്ഥാനനഗരിയില്‍ നിന്നും  നാലുമൈല്‍ അകലെ വടക്കുപടിഞ്ഞാറുമാറി സമുദ്രതീരത്തോടു സമീപിച്ച് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു കുന്നിന്‍പ്രദേശമാണ് പുലയനാര്‍കോട്ട. പുലയ വംശജനായ കോതന്‍ എന്ന രാജാവ് ഭരണം നടത്തിയിരുന്നതിനാലാണ് കോട്ടയ്ക്ക് ആ പേര് സിദ്ധിക്കാന്‍ കാരണം. എന്നാല്‍ സജാതിയരായ ചില ചരിത്രകാരന്മാര്‍ ആ സത്യം നിക്ഷേപിക്കുന്നവിധം അവരുടെ ഗ്രന്ഥങ്ങളില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളത് ഖേദകരമെന്നേ പറയാന്‍കഴിയൂ. അവരില്‍ പ്രമുഖസ്ഥാനത്ത് ഏല്ക്കുന്നത് ശാമുവല്‍ വാര്‍ഡന്‍ എന്ന കുലശേഖരം ചേരനും, ടി.എച്ച്.പി.ചെന്താരശ്ശേരിയുമാണ്. ചെന്താരശ്ശേരിതന്റെ ആദ്യഗ്രന്ഥമായ കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകളിലും മറ്റൊരു ലഘുഗ്രന്ഥമായ ചേരനാട്ടു ചരിത്ര ശകലങ്ങളിലും പുലയന്നാര്‍കോട്ടയെ ചേരമന്നാര്‍ കോട്ടയായും, പിന്നിട്ടതിനെ വള്ളുവനാര്‍ കോട്ടയായും പ്രതിപാദിച്ചുപോന്നിട്ടുണ്ട്. കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകളുടെ ആദ്യപതിപ്പില്‍ പുലയനാര്‍കോട്ട എന്നുതന്നെ രേഖപ്പെടുത്തുന്നുണ്ട്.

ആയ് രാജ്യത്തെ ഒരു സമവന്തരാജ്യമായിരുന്നല്ലോ വള്ളുവനാട്. എന്നാല്‍ എ.ഡി. പത്താം ശതകത്തോടെ പാണ്ഡ്യരാജാക്കന്മാരുടെ ആക്രമണത്തെ ചെറുത്തു നില്ക്കാനാവാതെ വള്ളുവ രാജവംശം ചരിത്രത്തില്‍ നിന്നും മാറ്റപ്പെടുകയായിരുന്നു. പിന്നീട് വള്ളുവന്മാര്‍ക്ക് വേണാട് ഭാഗത്തേയ്ക്ക് ആരും രാജാധികാരത്തില്‍ വന്നില്ല. എ.ഡി.885-ലെ ആയ് രാജാവായ കരുന്തടക്കന്റെ ഹജൂര്‍ കച്ചേരി ചെമ്പുപട്ടയത്തില്‍ ആയ് രാജ്യത്തെ നാട്ടു രാജ്യങ്ങളെ സംബന്ധിച്ച് പരാമര്‍ശനങ്ങളാണ് ചെന്താരശ്ശേരിയെ വഴിതെറ്റിച്ചത്. ട്രാവന്‍കൂര്‍ ആര്‍ക്കിവീസ് സീരിയല്‍ 1 പേജ് 14-ല്‍ കാണുന്ന ‘അകനാഴികൈച്ചെന്ന ടൈക്കു ആട്ടിനപൂമി പൊഴിചൂഴ് നാട്ടുകുരാത്തൂരില്‍ ഇടൈക്കു രാത്തൂര്‍ വലയും കരൈയും’ എന്നതില്‍ നിന്നാ കുരാത്തൂര്‍ കുളത്തൂര്‍ ആണെന്ന നിഗമനത്തില്‍ പുലയനാര്‍ കോട്ട വള്ളുവനാര്‍ കോട്ടയെന്ന് ചെന്താരശ്ശേരി തെറ്റിദ്ധരിച്ചത്. അല്ലെങ്കില്‍ തന്നെ ആയ് രാജ്യത്തിന്റെ തലസ്ഥാനം വിഴിഞ്ഞമായിരിക്കെ സാമന്തരാജ്യം വടക്കുഭാഗത്തെ പുലയനാര്‍കോട്ട ആസ്ഥാനമായി വരുകയില്ല. ആ സമന്തരാജ്യം നെയ്യാറ്റിന്‍കര കുളത്തൂര്‍ ഭാഗത്ത് ആകാനാണ് ഏറെ സാദ്ധ്യത. പൊഴിചൂട് നാട് യഥാര്‍ത്ഥത്തില്‍ വേളീക്കായലിന്റെ തീരം മുതല്‍ പൂന്തുറ പൊഴിവരെ വ്യാപിച്ചു കിടക്കുന്ന ഭാഗമല്ല. മറിച്ച് നെയ്യാറ്റിന്‍കര കുളത്തൂര്‍ മുതല്‍ പൊഴിയൂര്‍ ഭാഗം വരെയുള്ള സ്ഥലമാകാനാണ് ഏറെ സാദ്ധ്യതയുള്ളത്. എന്തായാലും പുലയനാര്‍കോട്ട വള്ളുവനാര്‍ കോട്ടയല്ല. അങ്ങിനെ ആരെങ്കിലും ഊറ്റം കൊള്ളുന്നത് വെറുതെയാണ്.

‘ചേരസാമ്രാജ്യത്തിന്റെ വീരചരിത്രം ചരിച്ച ശാമുവല്‍ കുലശേഖര ചേരന്‍ വളരെ വിചിത്രമായ വാദഗതികളാണ് ഗ്രന്ഥത്തില്‍ ഉന്നയിച്ചിരിക്കുന്നത്. അന്ധമായ പുലയ വിരോധത്തില്‍ നിന്നും ഉടലെടുത്ത വാദഗതി പരിശോധിക്കാം. ‘ബി.സി.992- ല്‍ ഭരിച്ച കോതറാണി തെക്കേക്കര രാജ്ഞി പുലയ രാജ്ഞിയല്ല ചേരറാണിയാണ്. പുലയര്‍ ഈ രാജ്യം ഭരിച്ചിട്ടേയില്ല. ‘പുലയര്‍’ എന്നൊരു പുതിയ ജാതി രൂപം കൊണ്ടതു തന്നെ 8-ാം നൂറ്റാണ്ടിനു ശേഷമാണ്. ഹുലയ-ഹൊലയ-രാജാക്കന്മാരും ‘പുലയ’ രാജാക്കന്മാരല്ല. പുലയനാര്‍ കോട്ടയില്‍ പുലയ രാജാക്കന്മാര്‍, ആസ്ഥാനമാക്കി ഭരണം നടത്തിയെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അവര്‍ക്ക് ചരിത്രവുമായി ഒരു ബന്ധവുമില്ലെന്ന് പറയേണ്ടിവരും. പുലയര്‍ ഭരണം നടത്തിയെന്നോ, ഭരിച്ചിരുന്നു എന്നോ യാതൊരു ചരിത്ര രേഖകളിലും തെളിവു നല്‍കുന്നില്ല. ഐക്കരനാട് യജമാനന്മാര്‍ പുലയരല്ലെന്ന് അദ്ദേഹം തന്നെ കൊല്ലവര്‍ഷം 1096-ല്‍ തിരുവനന്തപുരത്ത് സമ്മേളിച്ച ഒരു മഹായോഗത്തില്‍ അസന്നിദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്കര നാടു യജമാനന്മാര്‍ പുലയരാണെന്ന് ഇവിടത്തെ ഇന്നത്തെ ആര്യന്മാരായ നമ്പൂതിരിമാര്‍ പറയുന്നു. അതിന്റെ വാസ്ഥവങ്ങളിലേയ്ക്ക് നാം കടക്കുന്നില്ല. നമ്മുടെ ഇന്നത്തെ രാജാവും, കുടുംബവും പുലയരാണെങ്കില്‍ മാത്രമേ ഐക്കര നാട്ടുയജമാനന്മാരും പുലയരാകുകയുള്ളൂ. ഇതായിരുന്നു പ്രഖ്യാപനം.

ഈ പേരുമാറ്റി പറയുന്ന പുലയനാര്‍ കോട്ടയുടെ പേര് ചേരമന്നാര്‍ കോട്ട (ഒരുവാതില്‍കോട്ട) അതിന് ഒരു വാതില്‍ ഉള്ളതിനാല്‍ ‘ഒരുവാതില്‍കോട്ട’ എന്നായിരുന്നു യഥാര്‍ത്ഥ പേര്. ഇതിനു മതിയായ രേഖകള്‍ തെളിവു നല്‍കുന്നുണ്ട്. 1.

ശാമുവലിന്റെ ‘ചേരസാമ്രാജ്യത്തിന്റെ വീരചരിതം’ വായിക്കുന്ന ഏതൊരാള്‍ക്കും അതിലെ വിചിത്ര ജല്പനങ്ങളും പുലയവിരോധവും പ്രകടമാകും. ചേരഭരണകാലത്ത് ഇവിടെ കേരളത്തില്‍ പുലയര്‍ ഇല്ലെന്ന് സാമുവല്‍പറയുന്നു. എന്നാല്‍ 1923-ല്‍ പ്രസിദ്ധീകരിച്ച എസ്.രാമനാഥ അയ്യരുടെ പ്രോഗ്രസ്സീവ് ട്രാവന്‍കൂര്‍ എന്ന ഗ്രന്ഥത്തില്‍ ഗോത്രങ്ങളെക്കുറിച്ചുള്ള ഖണ്ഡികയില്‍ ചേര്‍ന്ന സാമ്രാജ്യത്തിനു മുന്‍പുതന്നെ കേരളത്തില്‍ ആദിമ നിവാസികളില്‍പെട്ട പുലയര്‍ ഉണ്ടായിരന്നതായി തെളിവുകളോടെ വ്യക്തമാക്കുന്നുണ്ട്. മറ്റൊന്ന് ഐക്കരനാട് ജയമാനന്മാര്‍ എന്ന പേരില്‍ വേദിയില്‍ കൊണ്ടിയിരുത്തിയത് ചേര രാജവംശജനായി വേഷംകെട്ടിയ എറണാകുളം മുളവുകാട് ജോണ്‍കണ്ടക്ടര്‍ എന്ന അവശ ക്രൈസ്തവനെയാണ്. യഥാര്‍ത്ഥ ഐക്കരനാട് യജമാനന്‍ എന്ന് ചരിത്രരേഖകളില്‍ പ്രതിപാദിക്കുന്ന ആള്‍ കൊച്ചിന്‍ പുലയര്‍ മഹാസഭയുടെ സ്ഥാപക നേതാവായി രംഗത്ത് വന്ന കൃഷ്ണാദി ആശാനായിരുന്നുവെന്നകാര്യം അറിയാത്തവരാണ് ഇന്നത്തെ ചേരവര്‍വാദികളെന്ന് ആസമ്മേളനത്തില്‍ പങ്കെടുത്ത പി.കെ.ചോതി മരണാനന്തരം പ്രസിദ്ധീകരിക്കാന്‍ ഏല്പിച്ച ഡയറിക്കുറിപ്പില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ലേഖനങ്ങള്‍