ജെഡിയു എന്‍ഡിഎ വിട്ടു

June 17, 2013 ദേശീയം

പാറ്റ്ന: നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിഷേധിച്ചു ജനതാ ദള്‍-യുണൈറ്റഡ് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് എന്‍ഡിഎ വിട്ടു. ഇന്നലെ പാറ്റ്നയില്‍ ചേര്‍ന്ന ജെഡിയു യോഗമാണു നിര്‍ണായക തീരുമാനമെടുത്തത്. ജെഡിയു നേതൃത്വത്തിലുള്ള ബിഹാര്‍ മന്ത്രിസഭയില്‍നിന്നു 11 ബിജെപി മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണറോടു ശിപാര്‍ശ ചെയ്ത മുഖ്യമന്ത്രി നിതീഷ്കുമാര്‍ ബുധനാഴ്ച വിശ്വാസവോട്ട് തേടും. ജെഡിയു പ്രസിഡന്റ് ശരദ് യാദവ് എന്‍ഡിഎ കണ്‍വീനര്‍സ്ഥാനം ഒഴിയാനും തീരുമാനിച്ചു. പതിനേഴു വര്‍ഷമായി ബിജെപിയുമായി സഖ്യത്തിലായിരുന്നു ദേശീയ ജനാധിപത്യ സഖ്യത്തിലെ (എന്‍ഡിഎ) രണ്ടാമത്തെ വലിയ കക്ഷിയായ ജെഡിയു. ഒഡീഷയിലെ സാമുദായിക കലാപങ്ങളില്‍ പ്രതിഷേധിച്ച് 2009 ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ബിജു ജനതാ ദള്‍(ബിജെഡി) എന്‍ഡിഎ വിട്ടിരുന്നു.

17 വര്‍ഷം നീണ്ട എന്‍ഡിഎ ബന്ധം ഉപേക്ഷിക്കുകയാണെന്നു ശരദ് യാദവും നിതീഷ്കുമാറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടിസ്ഥാനതത്ത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന് ഇരുനേതാക്കളും പറഞ്ഞു.എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച ജെഡിയു തീരുമാനം ദുഃഖകരവും ദൌര്‍ഭാഗ്യകരവുമെന്നാണു ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് വിശേഷിപ്പത്. സഖ്യം അവസാനിപ്പിച്ച ജെഡിയു നടപടിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ബിജെപി ബിഹാറില്‍ ബന്ദ് ആചരിക്കും. വിശ്വാസവോട്ട് തേടാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനും ഗവര്‍ണറോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡിയടക്കമുള്ള ബിജെപി മന്ത്രിമാര്‍ ഏതാനും ദിവസങ്ങളായി ഓഫീസുകളില്‍ എത്തുകയോ ഔദ്യോഗികചുമതലകള്‍ നിര്‍വഹിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. നരേന്ദ്ര മോഡിയെ ബിജെപി ഉയര്‍ത്തിക്കാട്ടുന്നതിനെ എക്കാലവും നിതീഷ്കുമാറും ജെഡിയുവും എതിര്‍ത്തിരുന്നു. നിതീഷ്കുമാറിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ബിഹാറില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍നിന്നു നരേന്ദ്ര മോഡിയെ ബിജെപി ഒഴിവാക്കിയിരുന്നു. എന്‍ഡിഎ വിടാനുള്ള ജെഡിയു തീരുമാനം ദുഃഖകരമെന്നാണ് എന്‍ഡിഎ ഘടകകക്ഷികളായ ശിരോമണി അകാലിദളും ശിവസേനയും വിശേഷിപ്പിച്ചത്. അതേസമയം ബിജെപിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് എസ്എഡി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദല്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം