അറുപത്തിയൊന്നാമത് നെഹ്രുട്രോഫി ജലോല്‍സവം

June 17, 2013 മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: അറുപത്തിയൊന്നാമത് നെഹ്രുട്രോഫി ജലോല്‍സവത്തോടുബന്ധിച്ചുള്ള മത്സരങ്ങള്‍ ഇത്തവണ മുന്‍കാലങ്ങളിലേതു പോലെ ഒറ്റദിവസമായി നടത്താന്‍ നെഹ്രുട്രോഫി ബോട്ട് റേസ് കമ്മിറ്റി ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

നെഹ്രുട്രോഫി ജലോല്‍സവത്തിനുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി, ഇന്‍ഫ്രാസ്ട്രെക്ചര്‍, കല്‍ച്ചറല്‍, സുവനീര്‍, ഫുഡ് ആന്‍ഡ് അക്കോമഡേഷന്‍, പബ്ളിസിറ്റി, ഐ.ടി. സപ്പോര്‍ട്ട്, ഫിനാന്‍സ് തുടങ്ങിയ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ ജലോത്സവത്തെ തുടര്‍ന്ന് കൊല്ലം ജീസസ് ബോട്ട് ക്ളബ്ബിന്റെ ക്യാപ്റ്റന്‍ സന്തോഷ് അടൂരാന്‍, ജീസസ് ബോട്ട് ക്ളബ്ബ്, കുട്ടാട് ബോട്ട് ക്ളബ്ബ് എന്നിവര്‍ക്കെതിരേ എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്ത നടപടികള്‍ ജനറല്‍ ബോഡി അംഗീകരിച്ചു. നടപടി നേരിട്ട ക്ളബ്ബുകളുടെ ബോണസ് തുക 10 ശതമാനം കുറച്ചു നല്‍കാനും സന്തോഷ് അടൂരാണ് ആജീവാന്ത വിലക്കേര്‍പ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു.

നിലവിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. കമ്മിറ്റികള്‍ ബജറ്റ് തയ്യാറാക്കി ഫിനാന്‍സ് കമ്മിറ്റിയുടെ അംഗീകാരം നേടണമെന്നും ഇന്റേണല്‍ ചെക്കിങ് സമ്പ്രദായം നടപ്പില്‍ വരുത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ഡോ. ടി.എം. തോമസ് ഐസക് എം.എല്‍.എ., എ.ഡി.എം. കെ.പി. തമ്പി, ആര്‍.ഡി.ഒ. ഡൊമിനിക് ആന്റണി, നഗരസഭാധ്യക്ഷ, മുന്‍ എം.എല്‍.എ. കെ.കെ. ഷാജു, ബോട്ട് റേസ് കമ്മിറ്റി അംഗങ്ങള്‍, ജപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍