ഡോ. എസ്.ബലരാമന്‍ അന്തരിച്ചു

June 18, 2013 കേരളം

Dr.S.Balaramanകൊല്ലം: മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ആക്ടിങ് ചെയര്‍മാനും കൊച്ചി സര്‍വകലാശാല മുന്‍ പ്രൊ.വൈസ് ചാന്‍സലറുമായ ഡോ. എസ്.ബലരാമന്‍ (74)അന്തരിച്ചു. തിങ്കളാഴ്ച 3.30ഓടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്. ചിന്നക്കട റെയില്‍വേ കോര്‍ണറിലെ എസ്.ബി.ഐ. ശാഖയില്‍നിന്ന് പണമെടുത്ത് ഇറങ്ങുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ പ്രൊഫ. ടി.സരസ്വതിയും ഒപ്പമുണ്ടായിരുന്നു. കൊല്ലം മുണ്ടയ്ക്കല്‍ സ്വരത്തിലായിരുന്നു താമസം.

1939 ഡിസംബര്‍ 1ന് തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വതന്ത്ര്യസമരസേനാനിയും ഡി.സി.സി. പ്രസിഡന്‍റുമായിരുന്ന വി.ശങ്കരന്റെ മകനായാണ് ജനിച്ചത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദം, കേരള സര്‍വകലാശാലയില്‍നിന്ന് മറൈന്‍ ബയോളജിയില്‍ പി.ജി., എം.ഫില്‍, പി.എച്ച്.ഡി. ബിരുദങ്ങള്‍ നേടി. വിവിധ എസ്.എന്‍. കോളേജുകളില്‍ അധ്യാപകനായും പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചു.

കേരള സര്‍വകലാശാല സെനറ്റിലും സ്റ്റുഡന്‍റ്‌സ് കൗണ്‍സിലിലും ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലാ പ്രോ.വൈസ് ചാന്‍സലര്‍, ആക്ടിങ് വൈസ് ചാന്‍സലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1998ലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി നിയമിതനായത്. 2003ല്‍ ആക്ടിങ് ചെയര്‍മാനായി വിരമിച്ചു. ഭാര്യ പ്രൊഫ. സരസ്വതി എസ്.എന്‍.കോളേജില്‍ ജന്തുശാസ്ത്രവിഭാഗം മേധാവിയായിരുന്നു. മക്കള്‍: ബിസ, സിബ. മരുമക്കള്‍: കിരണ്‍ വിശ്വനാഥ് (പ്രൊഫസര്‍, ബോഡോ യൂണിവേഴ്‌സിറ്റി, കാനഡ), പി.ബസന്ത് (സ്‌പെഷല്‍ കറസ്‌പോണ്ടന്‍റ് മാതൃഭൂമി, ന്യൂ ഡല്‍ഹി). ശവസംസ്‌കാരം ചൊവ്വാഴ്ച 5ന് പോളയത്തോട് ശ്മശാനത്തില്‍ നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം