അങ്കസ്ഥല ദര്‍ശനം

June 18, 2013 സനാതനം

തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 23)

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍

സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

അജിനമതിമൃദുലമതുമുടയാടയാക്കിയോ-
രതിവിതതമങ്കസ്ഥലം കൈതൊഴുന്നേന്‍

ശിവന്റെ വസ്ത്രം തോലാണെന്നു പ്രസിദ്ധമാണ്. മാന്‍തോലാണെന്നും പുലിത്തോലാണെന്നും സങ്കല്പമുണ്ട്. സ്വാമിജിക്കു ലഭിച്ച ഈ ദര്‍ശനത്തില്‍ മാന്‍തോലാണ് ഉടുവസ്ത്രം. അതാണ് അജിതം. നിര്‍ഗ്ഗുണനും നിരാകാരനുമാണ് ശിവന്‍. അതിനാല്‍ കാലദേശപരിധികളും ശിവനില്ല. സച്ചിദാനന്ദസ്വരൂപനായ പരമാത്മാവ് താണ്ഡവം ചെയ്യുന്ന ശിവനായി പ്രത്യക്ഷദര്‍ശനമരുളുമ്പോള്‍ അകാരം കൈക്കൊള്ളുന്നു. അതിനായി കാലദേശങ്ങളെ അംഗീകരിക്കുന്നവനെപ്പോലെ പെരുമാറുന്നു. തന്റെതന്നെ മായാശക്തിയുടെ സഹകരണത്താലാണ് നിര്‍ഗ്ഗുണനിരാകാരനും ദേശകാലാതീതനുമായിരിക്കവേ സഗുണസാകാരനായി കാലദേശബോധമുളവാക്കിക്കൊണ്ട് താണ്ഡവം ചെയ്യാന്‍ ശിവനു സാധിക്കുന്നത്. അതിനാല്‍ താണ്ഡവ ശിവന്‍ മായയാല്‍ ചുറ്റുപ്പെട്ടവനാണെന്നു പറയണം. മായയുടെ ദൃശ്യാകാരമാണ് ശിവന്‍ ഉടുത്തിരിക്കുന്ന അജിതം. ശിവന്‍ പുലിത്തോലുടുത്തിരിക്കുന്നു എന്നു പറയുന്നതിന്റെ തത്ത്വവുമിതുതന്നെ. പരമാത്മാവിനെ വൈഷ്ണവ രൂപത്തില്‍ കാണുമ്പോള്‍ പീതാംബരധാരിയായി സങ്കല്പിക്കാറുള്ളതും അതുകൊണ്ടാണ്.

ഈ പ്രപഞ്ചം ശിവമയമാണ്. നല്ലതുമാത്രമല്ല ചീയതും ഈ ലോകത്തുണ്ട്. സത്യം പ്രത്യക്ഷമായിക്കണ്ട ഭാരതീയാചാര്യന്മാര്‍ ഈ ലോകത്ത് സാത്വികമായ പദാര്‍ത്ഥങ്ങള്‍പോലെ രാജസമായതും താമസമായതും ഈശ്വരമയമാണെന്നു പ്രഖ്യാപിച്ചു. ‘ധര്‍മ്മം നിന്‍പുരോഭാഗമധര്‍മ്മം പൃഷ്ടഭാഗം’ എന്നു കബന്ധന്‍ രാമനോടുപറയുന്നതു കേള്‍ക്കാം. സാത്വിക വസ്തുക്കളില്‍ ഈശ്വരചൈതന്യം പ്രകടമായി കാണുന്നു. രാജസത്തില്‍ അതിന്റെ പ്രാകട്യം കുറയുന്നു. താമസപ്രധാനമായവകളില്‍ കറുത്ത കണ്ണാടിയിലൂടെ കടന്നുവരുന്ന പ്രകാശംപോലെ ഈശ്വരചൈതന്യം നന്നേ മങ്ങിമാത്രമേ പ്രവഹിക്കുന്നുള്ളൂ. എങ്കിലും അതിനാസ്പദമായി ഈശ്വരന്‍ സ്ഥിതിചെയ്യുന്നില്ലെന്നു പറയാനാവുകയില്ല. രാവണന്റെ ഉള്ളിലും കുംഭകര്‍ണ്ണന്റെ ഉള്ളിലും അസംഖ്യേയമായ രാക്ഷസന്മാര്‍ക്കുള്ളിലുമിരിക്കുന്നത് ഭഗവത്‌ചൈതന്യംതന്നെയാണ്. മൃഗങ്ങളിലും പക്ഷികളിലും മരങ്ങളിലും കല്ലിലും പര്‍വതങ്ങളിലും സൂര്യചന്ദ്രാദികളിലുമിരിക്കുന്നതും അതുതന്നെ. ഈ മഹാതത്ത്വം വ്യക്തമാക്കാനാണ് ശിവന്‍ മാന്‍തോലുടുത്തിരിക്കുന്നത്. അതു മനസ്സിലായാല്‍ കല്ലിലും മുള്ളിലും പുല്ലിലും പുഴുവിലും പോലും ചിദാനന്ദരൂപം ദര്‍ശിച്ച് ജീവിതം ധന്യമാക്കാനാവും. അങ്ങനെയുള്ളയാള്‍ ഈ ലോകത്ത് ഒന്നിനെയും  വെറുക്കുന്നില്ല.

യസ്തു സര്‍വാണി ഭൂതാനി
ആത്മന്യേ വാനുപശ്യതി
സര്‍വ ഭൂതേഷു ചാത്മാനം
തതോന വിജ്ജൂഗുപ്‌സതേ

-ഈശാവാസ്യോപനിഷത്.

പ്രപഞ്ചശാസ്ത്രവും ഇവിടെ ഭഗവാന്‍ നമ്മെ പഠിപ്പിക്കുന്നു. സാത്വികഗുണത്തോടൊപ്പം രജോഗുണവും തമോഗുണവും അനിവാര്യമായും വേണം. എങ്കിലെ ലോകസൃഷ്ടിയും പ്രപഞ്ചനാടകവും സാദ്ധ്യമാവുകയുള്ളൂ. രജസ്സിനെയും തമസ്സിനെയും അതിനാല്‍ നിന്ദിച്ചു തള്ളിക്കളയാന്‍ പാടില്ല. എന്നാല്‍ അതിന്റെ പിടിയില്‍ പെട്ടുപോവുകയുമരുത്. ശരീരത്തെ ഇണക്കാനും പിണക്കാനും പാടില്ലെന്നു ഇക്കാര്യം കാവ്യാത്മകമായി ഗുരുപാദര്‍ പറയാറുണ്ട്.

ജഗദ്ഗുരുസ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍, പാദപൂജ

അതില്‍ ഭ്രമിച്ചു കുടുങ്ങുന്നത് ബുദ്ധിഹീനന്മാരുടെ കര്‍മ്മമാണ്. അവര്‍ ജനനങ്ങളില്‍നിന്ന് ജനനങ്ങളിലേക്കു വഴുതിവീണ് സംസാരചക്രത്തില്‍ നിലയില്ലാതെ ചുറ്റിക്കറങ്ങുന്നു. രജസ്സും തമസ്സും ലോകയാത്രയ്ക്കുള്ള ഉപകരണം മാത്രമാണെന്നും അതില്‍ കൂടുതല്‍ തനിക്ക് അതുമായി ബന്ധമില്ലെന്നും ലക്ഷ്യമെത്തിയാല്‍ ഉപേക്ഷിക്കാനുള്ളവയാണെന്നും തിരിച്ചറിയുന്നവനാണ് ബുദ്ധിമാന്‍. അതാണ് രജസ്തമസ്സുകളുടെ പ്രതീകമായ മാന്‍തോല്‍ (ജീവനുള്ള മാനല്ല) ഉടുത്തിരിക്കുന്നതിന്റെ അര്‍ത്ഥം. അതു തനിക്കുപുറമേയ്ക്കുള്ള അന്യപദാര്‍ത്ഥമാണ്. താനല്ല എന്ന് ഓരോ സാധകനും മനസ്സിലാക്കണം. താന്‍ ശിവനാണ്. മാന്‍തോല്‍ ശിവനല്ലല്ലൊ.

ഈ ദര്‍ശനം കര്‍മ്മയോഗത്തെയും പഠിപ്പിക്കുന്നു. നിരന്തരമായി അഭിമാനപൂര്‍വകം ചെയ്യുന്ന കര്‍മ്മങ്ങള്‍ ജീവന്മാരില്‍ കര്‍മ്മവാസനകളുണ്ടാക്കുന്നു എന്നു നമുക്കറിയാം. അവ വീണ്ടും പുതിയകര്‍മ്മങ്ങളിലേക്കും കര്‍മ്മവാസനകളിലേക്കും നയിക്കുന്നു. ഈ കര്‍മ്മചക്രത്തില്‍നിന്നു മുക്തനാകാന്‍ ഒളിച്ചോട്ടംകൊണ്ടു സാദ്ധ്യമല്ല. ബുദ്ധിയുക്തമായി കര്‍മ്മമനുഷ്ഠിക്കലാണ് ആചാര്യന്മാര്‍ ഇതിനു നിര്‍ദ്ദേശിക്കുന്ന പരിഹാരം അതാണു കര്‍മ്മയോഗം. വാസനാജന്യമായ കര്‍മ്മങ്ങളുടെ പ്രതീകമാണു മാന്‍. ഈ കര്‍മ്മം ഞാന്‍ ചെയ്യുന്നു അതിന്റെ ഫലം എനിക്കുവേണം തുടങ്ങിയ സങ്കല്പങ്ങളോടെ കര്‍മ്മം ചെയ്താല്‍ മാനിനു ജീവന്‍വയ്ക്കും. അതു ജീവന്മാരെ കര്‍മ്മബന്ധനങ്ങളിലേക്കു വലിച്ചിഴക്കും. ഇതിനുവിപരീതമായി ഫലമാഗ്രഹിക്കാതെ ഈശ്വരാര്‍പ്പണമായി കര്‍ത്തവ്യമനുഷ്ഠിച്ചാല്‍ കര്‍മ്മവാസനകളാകുന്നമാനിനു കരുത്തു നഷ്ടപ്പെട്ട് വെറും തോലായിമാറും. അങ്ങനെ വാസനകളെ ദുര്‍ബലമാക്കി പ്രവൃത്തിപഥത്തില്‍ നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ മാന്‍തോലണിഞ്ഞു താണ്ഡവം ചെയ്യുന്ന ശിവദര്‍ശനം നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് ആ അരക്കെട്ടിനെ തൊഴുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം