ഗര്‍ഗ്ഗഭാഗവതസുധ – നിത്യബ്രഹ്മചാരിയും നിത്യോപവാസിയും

June 19, 2013 സനാതനം

ചെങ്കല്‍ സുധാകരന്‍

28. നിത്യബ്രഹ്മചാരിയും നിത്യോപവാസിയും
ഗര്‍ഗ്ഗഭാഗവതത്തില്‍ പലതരം ഗോപീയൂഥങ്ങളുടെ കഥ സൂചിപ്പിച്ചിട്ടുണ്ട്. കോസലവാസിനികള്‍, ഗാന്ധാരവാസിനികള്‍, മിഥിലാവാസിനികള്‍, ശ്രുതിരൂപകന്‍ എന്നിങ്ങനെ. വേദക്കാതരായ ഭഗവാനില്‍ അനുരക്തരായ ശ്രുതികള്‍, ഭഗവാന്‍ തങ്ങള്‍ക്കു പതിയായി വരണമെന്നാഗ്രഹിച്ചു. അവരുടെ മനോരഥം ദ്വാപരയുഗത്തില്‍ ഫലിക്കുമെന്ന് കൃഷ്ണന്‍ അനുഗ്രഹിച്ചു. അതിന്‍ഫലമായി ശ്രുതികളെല്ലാം ഗോപികമാരായി വൃന്ദാവനത്തില്‍ അവതരിച്ചു. അവര്‍ ശ്രുതിരൂപാഗോപികള്‍ എന്നറിയപ്പെട്ടു.

KRI-1-1ഒരു ദിവസം ഗോപികമാര്‍ – ശ്രുതിരൂപാഗോപികള്‍ – ‘രാസലീലയ്ക്കു വൈകിയ രാജീവലോചനനെ’ കാത്തിരിക്കുകയായിരുന്നു.  അന്ന് ശ്രീകൃഷ്ണന്‍ പതിവിലേറെ വൈകി. ഒടുവില്‍ ഭഗവാനെത്തി. അദ്ദേഹത്തെ സല്‍ക്കരിച്ചാദരിച്ചശേഷം ഗോപികള്‍ ചോദിച്ചു: ‘ഭഗവാനേ, ചന്ദ്രോദയം കാത്തിരിക്കുന്ന ചകോരങ്ങളെപ്പോലെ ഞങ്ങള്‍, അങ്ങയെ കാത്തിരിക്കുകയായിരുന്നു. എന്താണിത്രയും വൈകിയത്? ‘പ്രിയസഖികളേ,’ ഭഗവാന്‍ മറുപടി പറഞ്ഞു തുടങ്ങി. ‘ഗുരുവായ ദുര്‍വ്വാസാവ്മഹര്‍ഷി യമുനാതടത്തിലെ ഭാണ്ഡീരവനത്തിലെത്തിയിട്ടുണ്ട്. ഞാന്‍ ഗുരുനാഥന്‍തന്നെയാണ്. അജ്ഞാനാന്ധനായ വ്യക്തിയെ ജ്ഞാനാഞ്ജനശലാകയാല്‍ നേത്രോന്മീലനം നടത്തുന്നതും സാക്ഷാല്‍ ഗുരുനാഥന്‍ തന്നെയാണ്. അതിനാല്‍, ഗുരുപൂജാരതനായ ഞാന്‍, ഭവതിമാരുടെ അടുക്കലേക്ക് വരാന്‍ വൈകി.’

ഇതുകേട്ട് ഗോപികമാര്‍ അദ്ഭുതാധീനരായി. എന്നിട്ട്, ശ്രീകൃഷ്ണ ഭഗവാനോട് തങ്ങള്‍ക്കും ഗുരുനാഥനെ ദര്‍ശിക്കണമെന്ന ആഗ്രഹം അറിയിച്ചു.

‘പരിപൂര്‍ണ്ണതമസ്യാപി
ദുര്‍വാസാസ്‌തേ ഗുരു: സ്മൃതാ:
അഹോ തദ്ദര്‍ശനം കര്‍ത്തും
മനോ നശ്ചോദ്യതം പ്രഭോ.’
(പരിപൂര്‍ണ്ണതമനായ അങ്ങേക്കും ഗുരുവായ ദുര്‍വ്വാസാവ്  മഹര്‍ഷിയെ ഞങ്ങള്‍ക്കു കാണാനാഗ്രഹമുണ്ട.) ‘പക്ഷേ, ഈ അര്‍ത്ഥരാത്രിയില്‍ ഞങ്ങളുടെ മനോരഥം എങ്ങനെ സാധിക്കാനാണ്? നിറഞ്ഞൊഴുകുന്ന യമുനയെ എങ്ങനെ കടക്കാനാകും?’
‘നിങ്ങളുടെ ആഗ്രഹം ഞാന്‍ സഫലമാക്കിത്തരാം. കാളിന്ദി കടക്കുവാനുള്ള മാര്‍ഗവും പറഞ്ഞുതരാം’ ‘ഭഗവാന്‍ ഗോപികമാരെ അറിയിച്ചു. അദ്ദേഹം തുടര്‍ന്നു: ‘നിങ്ങള്‍ യമുനാതീരത്തെത്തിയിട്ടിങ്ങനെ പറയുക-

‘യദികൃഷ്‌ണോ ബാലയതീഃ
സര്‍വ്വദോഷ വിവര്‍ജിതഃ
തര്‍ഹി നോ ദേഹി മാര്‍ഗം വൈ-
കാളിന്ദീ സരിതാം വരേ’
(സര്‍വ്വദോഷരഹിതനായ ശ്രീകൃഷ്ണന്‍ ബാലബ്രഹ്മചാരിയാണെങ്കില്‍, യമുനേ ഞങ്ങള്‍ക്ക് മാര്‍ഗം തന്നാലും) എന്ന്. അങ്ങനെയാണെങ്കില്‍ സുഖമായി മറുകരയിലെത്താന്‍ കഴിയും.’

ഗോപികമാര്‍ സന്തുഷ്ടരായി. അവര്‍ ഗുരുദേവനെ വണങ്ങാന്‍ തയ്യാറായി. പുഷ്പം, ഫലം, പലതരം ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ എന്നിവ ശേഖരിച്ച് യമുനാതടത്തിലെത്തി. ശ്രീകൃഷ്ണഭഗവാന്‍ നിര്‍ദേശിച്ചവിധം അവര്‍ യമുനയോട് പറഞ്ഞു. അദ്ഭുതം! യമുന രണ്ടായി പകുത്തുമാറി. ഗോപികളുടെ സുഖയാത്രയ്ക്ക് കാളിന്ദി സൗകര്യമുണ്ടാക്കി. അവര്‍ സസന്തോഷം നദികടന്ന് മറുകരയിലെ ഗുരുസന്നിധിയിലെത്തി. മഹര്‍ഷിയെ പ്രദക്ഷിണം ചെയ്തു വണങ്ങി. തങ്ങള്‍ കൊണ്ടു വന്ന ഭക്ഷണവിഭവങ്ങള്‍ കഴിക്കാന്‍ മുനിയെ പ്രേരിപ്പിച്ചു. അദ്ദേഹം നിര്‍ദ്ദേശിച്ചതനുസരിച്ച് ഗോപികള്‍, ആഹാരസാധനങ്ങള്‍ മുനിയുടെ വായിലേക്കു നിക്ഷേപിച്ചു. അദ്ദേഹമാകട്ടെ, അതെല്ലാം അതിവേഗം അകത്താക്കി. ഗുരുനാഥനെ സത്കരിക്കാന്‍ സാധിച്ചതില്‍ ആ വ്രജനാരിമാര്‍ പരിപൂര്‍ണ്ണമനോരഥരായി!

സംതൃപ്തരായ ഗോപാംഗനമാര്‍ മടങ്ങാനൊരുങ്ങി. യമുനയെ കടക്കുന്നതെങ്ങനെ? അവര്‍ക്ക് സംശയമായി. ഋഷിസന്നിധിയിലേക്കു വരുമ്പോള്‍ കൃഷ്ണനുപദേശിച്ച മന്ത്രവും യമുന മാര്‍ഗ്ഗം നല്‍കിയ വിവരവും അവര്‍ മഹര്‍ഷയെ ധരിപ്പിച്ചു. തങ്ങള്‍ക്കു മടങ്ങിപ്പോകാന്‍ ഏതെങ്കിലും ഉപായമുണ്ടാക്കണമെന്നഭ്യര്‍ഥിച്ചു. അപ്പോള്‍, ദുര്‍വ്വാസാവ് സന്തോഷപൂര്‍വം അവരോടിങ്ങനെ പറഞ്ഞു:

‘യദി ദുര്‍വ്വാ രസം പീത്വഗ
ദുര്‍വ്വാസാ കേവലം ക്ഷിതൗ
വ്രതീ നിരന്നോ നിര്‍വാരീര്‍-
വര്‍ത്തതേ പൃഥിവീതലേ
തര്‍ഹി നോ ദേവി മാര്‍ഗം വൈ!
കാളിന്ദീ സരിതാം വരേ!
ഇത്യുക്തേ വചനേ കൃഷ്ണാ
മാര്‍ഗ്ഗം വോ ദാസൃതി സ്വതഃ’
(ദുര്‍വ്വാരസംമാത്രം പാനം ചെയ്ത് അന്നപാനാദികളൊന്നും കൂടാതെ, വ്രതനിഷ്ഠനായ ദുര്‍വ്വാസാവ് ഇവിടെക്കഴിയുന്നു. അതിനാല്‍ ഹേ കാളിന്ദീ, ഞങ്ങള്‍ക്ക് മറുകരയിലെത്താന്‍ വഴി തരുക എന്നഭ്യര്‍ത്ഥിച്ചാല്‍ നിങ്ങള്‍ക്ക് മാര്‍ഗം ലഭിക്കുന്നതാണ്). മുനിവാക്യം സഫലമായി. ഗോപികമാര്‍ തടസ്സംവിനാ യമുനയെ കടന്നു. കൃഷ്ണനടുക്കലെത്തി. ഉണ്ടായ വിശേഷങ്ങളെല്ലം അറിയിച്ചു. അതിനുശേഷം, തങ്ങള്‍ക്കുണ്ടായ ഒരു സംശയം ഇല്ലാതാക്കിത്തരണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

‘കൃഷ്ണാ, നിങ്ങള്‍ രണ്ടുപേരുടേയും (ഗുരുശിഷ്യന്മാരുടെ) വാക്യങ്ങളില്‍ ഞങ്ങള്‍ക്കു സംശയമുണ്ട്. അങ്ങു പറഞ്ഞതും ഗുരു പറഞ്ഞതും അസത്യമാണ്. ഗോപീജാരനായിരുന്നിട്ടും ബ്രഹ്മചാരിയാണെന്ന് അവിടുന്നും ഞങ്ങള്‍ സമര്‍പ്പിച്ച ഭക്ഷണമെല്ലാം കഴിച്ചിട്ട്, മഹര്‍ഷീശ്വരന്‍, നിത്യോപവാസി എന്നും പറഞ്ഞ വാക്കുകള്‍ എങ്ങനെ സത്യമാകും?’

വ്രജവധുക്കളുടെ സംശയത്തിന് ഭഗവാന്‍ താത്ത്വികമായാണ് മറുപടി പറഞ്ഞത്. ‘ഞാന്‍ നിര്‍മ്മമനും നിരഹങ്കാരിയും സര്‍വ്വസമാനും സര്‍വപരനും നിര്‍ഗുണനുമാണ്. ജ്ഞാനികളും ഫലത്യാഗപൂര്‍വ്വം ആത്മാരാമന്മാരായി ശരീരം കൊണ്ട് കര്‍മ്മമാചരിക്കുന്നു. ഒപ്പം, അവര്‍ മനസാ നിഷ്‌കര്‍മ്മരുമായിരിക്കുന്നു. സംഗരഹിതനും ബ്രഹ്മാര്‍പ്പണവുമായി കര്‍മ്മം ചെയ്യുന്നവരെ പുണ്യപാപങ്ങള്‍ ബാധിക്കുകയില്ല. താമരയിലയില്‍ വെള്ളമെന്നപോലെ. ദുര്‍വ്വാസാവുമഹര്‍ഷി ഭോജന പ്രിയനായിരുന്നില്ല. കറുകച്ചാറുമാത്രം കഴിച്ചുകഴിയുന്ന മഹാവ്രതിയാണ്. ഭക്തരായ നിങ്ങളെ സന്തോഷിപ്പിക്കാന്‍മാത്രമാണ് സമര്‍പ്പിച്ചതെല്ലാം ഭക്ഷിച്ചത്! അവയൊന്നും അദ്ദേഹം ആഗ്രഹിച്ചതല്ല! അതിനാല്‍, ഞാന്‍ ബ്രഹ്മചാരിയും ഗുരുദേവന്‍ നിത്യോപവാസിയുമെന്നതില്‍ യാതൊരു പിഴവുമില്ല!’

ഗര്‍ഗ്ഗാചാര്യരുടെ പ്രതീകാത്മകരചനയ്ക്ക് മകുടോദാഹരണമായ കഥയാണ് മേല്‍വിവഹരിച്ചത്. ശ്രുതിരുപാഗോപികളാണല്ലോ രാസലീലയ്ക്കു വൈകിയ ശ്രീകൃഷ്ണഭഗവാനെ കാത്തിരുന്നത്! ശ്രുതി വേദമാണ്. വേദമോ ജ്ഞാനവും. ജ്ഞാനിയായ വ്യക്തി ഭഗവാനെ കാത്തിരിക്കുന്നു എന്നുസാരം! ഭക്തിനിര്‍ഭരരായ ഗോപികള്‍ ഓരോ നിമിഷവും ഓരോ യുഗംപോലെ തള്ളിനീക്കി. ഭഗവാനെ ‘ഒരു നേരമെങ്കിലും കാണാതെ വയ്യാ’ എന്ന അസഹനാവസ്ഥ ഭക്തനുമാത്രം അനുഭവവേദ്യമാകുന്ന രഹസ്യമാണ്.

‘ഗുരുസാക്ഷാര്‍ പരബ്രഹ്മഃ’ എന്ന തത്ത്വം ഭഗവദ്വാക്യത്തിലൂടെ അറിഞ്ഞിട്ടുള്ള ഗോപികമാര്‍ക്ക് സ്വാഭാവികമായും ബ്രഹ്മജിജ്ഞാസ ഉണര്‍ന്നു. അത് സാക്ഷാല്‍ക്കരിക്കാനുള്ള മാര്‍ഗ്ഗാന്വേഷണമായിരുന്നു അടുത്തത്. യമുന അവരുടെ ഉദ്ദേശ്യസാധ്യത്തിന് തടസ്സമെന്നവര്‍ കണ്ടു. അതു തരണം ചെയ്യാന്‍ മറ്രാരെയാണാശ്രയിക്കുക: ശ്രീകൃഷ്ണ ഭഗവാനെയല്ലാതെ. വ്രജാംഗനമാരില്‍ നിഷ്‌കളങ്കസ്‌നേഹം ചൊരിഞ്ഞിട്ടുള്ള കൃഷ്ണന്‍ ഉപായം ഉപദേശിച്ചു. ‘ബാലയതിയും നിത്യബ്രഹ്മചാരിയുമായ കൃഷ്ണന കല്പിക്കുന്നു. യമുനേ, മാര്‍ഗ്ഗം തരുക’ എന്നാവശ്യപ്പെടാന്‍. അവര്‍ അതനുസരിച്ചു. യമുന മാര്‍ഗ്ഗവും നല്‍കി. ബ്രഹ്മചാരിയായ യതി നേരാംവഴി കാട്ടിക്കൊടുക്കുന്ന ഗുരുവാണ്. എങ്ങനെയായാല്‍ ബ്രഹ്മപ്രാപ്തിയുണ്ടാകുമോ ആ മാര്‍ഗമാണ് ഗുരു ചൂണ്ടിക്കാട്ടുന്നത്. ഗുരുപദേശത്തെ ലബ്ധകന്‍ അവിശ്വസിക്കുകയില്ല.

ഈ കഥയില്‍ യമുന സംസാരപ്രതീകമാണ്. അതിനെ കടന്നാലേ ബോധസ്വരൂപമായ ബ്രഹ്മത്തെ സമീപിക്കാനാവൂ! ഗോപികള്‍ മഹാഭാഗ്യശാലികളാകയാല്‍ അവര്‍ക്ക് ദുര്‍വ്വാസാവിന്റെ ദര്‍ശനം ലഭിച്ചു. കൃഷ്ണന്‍ ഉപദേശിച്ച മന്ത്രം ഉരുവിട്ടപ്പോള്‍തന്നെ നദി സ്വയം ഒഴുക്കുനിറുത്തി വഴി നല്‍കി. തത്ത്വം ശരിയായറിഞ്ഞ വ്യക്തികള്‍ ശ്രദ്ധാമാര്‍ഗ്ഗത്തിലൂടെ ലക്ഷ്യം പ്രാപിച്ചു എന്നു സാരം!

കഥയിലെ മടക്കയാത്രയും ഇതേ രീതിയില്‍ കാണേണ്ടതാണ്. ദുര്‍വാസാവിന്റെ ഉപദേശം ഗോപികമാര്‍ക്ക് ഉപകരിച്ചു. മഹര്‍ഷിയും ശ്രീകൃഷ്ണനും നദികടക്കാന്‍തന്നെയാണ് സഹായിച്ചത്.ഭക്തരെ സംബന്ധിച്ചിടത്തോളം സംസാരനദി കടക്കുകയെന്നത് ഏറെ പ്രതീക്ഷിക്കുന്ന പുണ്യഫലപ്രാപ്തിയാണ്. ഗോപികമാരുടെ ആനന്ദത്തിന് കാരണവും.

ബാലയതിയും നിത്യബ്രഹ്മചാരിയുമായ കൃഷ്ണന്‍, നിത്യോപവാസിയായ ദുര്‍വ്വാസാവ്: രണ്ടുപേരും ആചാര്യത്വത്തിന് അര്‍ഹതയുള്ളവര്‍! ഒരാള്‍ നിത്യബ്രഹ്മചാരി! സദാബ്രഹ്മത്തില്‍ ചരിക്കുന്നവന്‍! സത്യജ്ഞാനിക്കേ സത്യത്തെ കാണിച്ചുകൊടുക്കാനാവൂ എന്ന രീതിയനുസരിച്ച് ബ്രഹ്മചാരിക്കേ ബ്രഹ്മദര്‍ശനം സാദ്ധ്യമാക്കാന്‍ കഴിയൂ! യഥാര്‍ഥ ബ്രഹ്മചാരി ബാഹ്യമായി ഏതു പ്രവൃത്തി ചെയ്താലും അതിന്റെ ഫലം അയാളെ സ്പര്‍ശിക്കുകയില്ല. ‘നാപ്‌നോതികില്ബിഷം’ എന്ന ഗീതാചാര്യന്‍ പറഞ്ഞിട്ടുണ്ടല്ലോ. അയാളുടെ കര്‍മ്മങ്ങള്‍ ‘പദ്മപത്രമിവാംഭസാ’ എന്നവണ്ണമാകായാല്‍ അയാളെ ബാധിക്കുയില്ല. സ്ഥിതപ്രജ്ഞരും അതിവര്‍ണ്ണാശ്രമികളുമായ യതീന്ദ്രന്മാര്‍ കര്‍ത്തൃത്വാഭിമാനമില്ലാത്തവരാണ്. തുരീയാവസ്ഥയില്‍ കഴിയുന്ന മുനിതന്നെയാണ് ശ്രീകൃഷ്ണന്‍! അദ്ദേഹം പ്രവൃത്തി ചെയ്യുന്നതായി കാണുന്നെങ്കില്‍ സദാനിവൃത്തനാണ്. അതുകൊണ്ട്, ശുചിത്രയനായ (മനോ വാക് കര്‍മ്മശൗചം) കൃഷ്ണന്റെ വാക്കുകള്‍ സത്യമായി ഭവിച്ചു.

ദുര്‍വ്വാസാവും ഗുരുനാമമന്വര്‍ത്ഥമാക്കിയ ശ്രേഷ്ഠനാണ്. ശിഷ്യരുടെ സംസാരപീഡ ഒഴിവാക്കാന്‍ സമര്‍ത്ഥനായ ഗുരു! ശിഷ്യചിത്തപഹാരിയായ ഗുരുവിനെ ശിഷ്യര്‍ അവിശ്വസിക്കേമ്ടതില്ല. ദുര്‍വ്വാസാവ് എന്ന നാമംതന്നെ അദ്ദേഹം ബ്രഹ്മജ്ഞനും സംസാരാബ്ധി കടന്നവനുമായെന്ന സൂചന തരുന്നു. ‘ദുഷ്ട ദുസ്സാധ്യോ വാ വാസയസ്യ’ എന്ന നിരുക്തിയനുസരിച്ച് അതിഥിയായി സ്വീകരിക്കാന്‍ അസാദ്ധ്യന്‍, അല്ലെങ്കില്‍ വസ്ത്രാദികളില്‍ ശ്രദ്ധയില്ലാത്തവന്‍ എന്നിങ്ങനെയാമര്‍ത്ഥം! രണ്ടാമത്തെ അര്‍ത്ഥം സ്വീകരിച്ചാല്‍ – ‘വസന’ത്തില്‍ ശ്രദ്ധയില്ലാത്തവന്‍ എന്നത് – ദേഹാഭിമാനമില്ലാത്തവന്‍ എന്ന ലാക്ഷണികാര്‍ഥം കിട്ടും. ‘വസന’ത്തെ ശരീരമായി ഗണിക്കാറുണ്ട്. വസ്ത്രം ശരീരത്തിനെന്നപോലെ ദേഹം ദേഹിക്ക് വസനമാണ്. വിദേഹനായ ജീവന്‍മുക്തനെന്ന അര്‍ത്ഥം കണ്ടെത്താം. ഈ ഗുരു സദാ നിവൃത്തനും കര്‍ത്തൃഭാവമില്ലാത്തവനുമാണ്. അതിനാല്‍തന്നെ ഭക്തരായ ശിഷ്യരെ സംസാരനദി (യമുന) കടക്കുന്നത് സഹായിക്കുവാന്‍ മഹര്‍ഷിക്കു സാധിച്ചു.

ശ്രീകൃഷ്ണനും ദുര്‍വ്വാസാവും ശ്രുതിരൂപാഗോപികളുടെ അദ്ധ്യാത്മജ്ഞാനം വളര്‍ത്തി സംസാരാതിവര്‍ത്തികളാക്കി. ഇവര്‍ക്ക് – ഗുരുക്കന്മാര്‍ക്ക് – ‘നാനവാപ്തമവാപ്തവ്യം’ എന്നിരിക്കിലും ‘വര്‍ത്ത ഏവച കര്‍മ്മണി’ എന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍, രാസമാടുമ്പോഴും ബ്രഹ്മചാരിയായിരിക്കാന്‍ കഴിയുന്നു. നിറയെ ഭക്ഷിക്കുമ്പോഴും നിത്യോപാവാസികയാകാന്‍ അവര്‍ക്ക് സാധിക്കുന്നു. ശ്രീകൃഷ്ണനും ദുര്‍വ്വാസാവും അസത്യഭാഷികളല്ലെന്ന സത്യം അറിഞ്ഞ് ഗോപികമാര്‍ ആനന്ദഭരിതരായി. ശ്രീകൃഷ്ണഭഗവാനെ വണങ്ങി സ്വഗൃഹങ്ങളിലേക്കവര്‍ പോയി.
ഇത്തരം നാളികേരപാകകഥകള്‍ ഇതിഹാസപുരാണങ്ങളില്‍ ധാരാളം കാണാം. സ്ഥൂലകഥയായ പുറന്തൊണ്ടും ഗഹനാര്‍ഥതലമായ ചിരട്ടയും കടന്നാലെ ആനന്ദരസം അനുഭവിക്കാന്‍ കഴിയൂ! സാമാന്യവായനക്കാര്‍ക്ക് സ്ഥൂലകഥാതലവും ജിജ്ഞാസുകള്‍ക്ക് സൂക്ഷ്മാര്‍ത്ഥതലവും ആനന്ദവും നല്‍കട്ടെ എന്നവും ഋഷീശ്വരന്മാരായ ഗ്രന്ഥകര്‍ത്താക്കളുടെ ഉദ്ദേശ്യം!
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013,

മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: malubenpublications@gmail.com

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം