ഇന്‍ഫര്‍മേഷന്‍ യുഗത്തിലും വായന അനിവാര്യം: കേന്ദ്രമന്ത്രി ഡോ.ശശിതരൂര്‍

June 19, 2013 കേരളം

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ യുഗത്തിലും പുസ്തകവായന അത്യാവശ്യമാണെന്ന് കേന്ദ്രമാനവ വിഭവശേഷി സഹമന്ത്രി ഡോ.ശശിതരൂര്‍ പറഞ്ഞു. പി.എന്‍. പണിക്കര്‍ ഫൌണ്ടേഷന്‍, ഇന്‍ഫര്‍മേഷന്‍- പബ്ളിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായാദിനാചരണത്തിന്റെയും പി.എന്‍.പണിക്കര്‍ അനുസ്മരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരെയും സാക്ഷരരാക്കാന്‍ കഴിയുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകത. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശാസ്ത്രരംഗത്തേക്ക് കേരളത്തില്‍ പെണ്‍കുട്ടികള്‍ കൂടുതലായി മുന്നോട്ട് വരുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമൂഹം ദ്യശ്യമാധ്യമങ്ങളുടെ സ്വാധീന വലയത്തിലേക്ക് ഉള്‍വലിഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പുതുതലമുറയെ വായനയോടടുപ്പിക്കാന്‍ കഴിയണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. മലയാളം ഒന്നാംഭാഷയും ഭരണഭാഷയും ശ്രേഷ്ഠഭാഷയുമായി കഴിഞ്ഞ സാഹചര്യത്തില്‍ കേരളത്തെ വായനയിലേയ്ക്ക് മടക്കികൊണ്ട് വരാന്‍ സാധിക്കണമെന്ന് സാംസ്കാരിക മന്ത്രി കെ.സി.ജോസഫും അഭിപ്രായപ്പെട്ടു.

വായിക്കുക, വായിച്ചു വളരുക എന്ന പി.എന്‍. പണിക്കരുടെ സന്ദേശം പ്രാവര്‍ത്തികമാക്കാന്‍ പുതുതലമുറയ്ക്ക് കഴിയണമെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. യു.എന്‍.ഡി.പി. ഇന്ത്യ കണ്‍ട്രി ഡയറക്ടര്‍ ലിസി ഗ്രാന്റെ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി.

പാലോട് രവി എം.എല്‍.എ, വായനാദിന-വാരാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീര്‍ എന്‍. ബാലഗോപാല്‍, കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ലിസി ഗ്രാന്റെയും വിവിധ പുരസ്ക്കാരങ്ങള്‍ നേടിയ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. വിവിധ സ്കൂളുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചടങ്ങില്‍ കുട്ടികള്‍ വായനാദിന സന്ദേശം നല്‍കി. പതിടനെട്ടാമത് വായനോത്സവത്തിന്റെ ഭാഗമായി രാവിലെ 10.30 ന് ദര്‍ബാര്‍ ഹാളില്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ വായനാദിനാഘോഷവും വൈകിട്ട് 3 ന് കനകക്കുന്ന് കൊട്ടാരത്തില്‍ വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍ എന്ന ശില്പശാലയും നടന്നു. ഇതോടൊപ്പം ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന പുസ്തകപ്രദര്‍ശന വില്പന മേളയും കുട്ടികളുടെ കലാപരിപാടികളും നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം