സോളാര്‍ തട്ടിപ്പ്: അഞ്ച് കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി

June 19, 2013 കേരളം

തിരുവനന്തപുരം: സോളാര്‍ പ്ളാന്റ് തട്ടിപ്പില്‍ ഇതുവരെ ലഭ്യമായ കണക്കനുസരിച്ച് അഞ്ച് കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പതിനഞ്ച് കേസുകളാണ് മൊത്തം രജിസ്റര്‍ ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സോളാര്‍ പ്ളാന്റ് അഴിമതിയില്‍ 10,000 കോടി രൂപയുടെ അഴിമതിക്കായിരുന്നു നീക്കമെന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ അഭിപ്രായം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 10,000 കോടി രൂപയുടെ അഴിമതി നടന്നതായി ചാനല്‍ അഭിമുഖത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. പി.സി ജോര്‍ജ് നിയമസഭയില്‍ ഇക്കാര്യം വിശദീകരിക്കാന്‍ ഇരുന്നതാണെന്നും എന്നാല്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും പരാതികള്‍ വന്നാല്‍ അതനുസരിച്ച് കേസ് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റു ചെയ്തവര്‍ ആരാണെങ്കിലും ഈ സര്‍ക്കാരിന്റെ കാലത്ത് രക്ഷപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം