തെറ്റു കാണിച്ചവര്‍ ആരായാലും രക്ഷപ്പെടില്ലെന്നു മുഖ്യമന്ത്രി

June 20, 2013 കേരളം

CMതിരുവനന്തപുരം: തെറ്റു കാണിച്ചവര്‍ ആരായാലും രക്ഷപ്പെടില്ല എന്നാല്‍ ഫോണ്‍ വിളിച്ചതിന്റെ പേരില്‍ ആര്‍ക്കെതിരേയും നടപടിയെടുക്കാനാകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഫോണ്‍ വിളിക്കുന്നതു തെറ്റാണെന്നു കരുതുന്നില്ല. ഫോണ്‍ വിളിച്ചവരെപ്പറ്റി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണു സ്റാഫ് അംഗങ്ങളെ മാറ്റിനിര്‍ത്തിയത്.

സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. താന്‍ സ്ഥലത്തുള്ളപ്പോഴും ഇല്ലാത്തപ്പോഴും വന്ന ഫോണ്‍ കോളുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. റിപ്പോര്‍ട്ട് വന്നശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ഫോണ്‍വിളിയല്ല എന്തു ചെയ്തു എന്നാണു നോക്കേണ്ടത്,  മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പഞ്ചായത്ത് സെക്രട്ടറിയെയും വില്ലേജ് ഓഫീസറെയുംപോലെ പെരുമാറുന്നു എന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. അവര്‍ക്കു തന്നെ പുച്ഛമാണ്. പാവപ്പെട്ടവരുടെ പരാതികള്‍ കേള്‍ക്കാനാണു താന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ജനസമ്പര്‍ക്ക യാത്രയുമായി ബന്ധപ്പെട്ട് 46 ഉത്തരവുകളാണു പുറത്തിറക്കിയത്. എല്ലാ കാര്യങ്ങള്‍ക്കും ഉത്തരവു പുറപ്പെടുവിക്കാന്‍ കഴിയില്ല. ചില കാര്യങ്ങള്‍ക്കു മന്ത്രിസഭയുടെ അനുമതി ആവശ്യമായി വരും.

70 മുതല്‍ താന്‍ ജനപ്രതിനിധിയാണ്. പത്താം പ്രാവശ്യമാണു നിയമസഭയിലെത്തുന്നത്. ജനങ്ങളെ ഒരിക്കല്‍ കബളിപ്പിക്കാന്‍ കഴിയും. എപ്പോഴും പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷത്തിന്റെ വിശേഷണങ്ങള്‍ അലങ്കാരമായി എടുക്കുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കറിയാം. ഒരു കാര്യത്തിലും മറ്റുള്ളവര്‍ക്കുമേല്‍ പഴിചാരി താന്‍ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭ തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്ന പ്രതിപക്ഷത്തിന്റെ സമീപനം ശരിയല്ല. 13-ാം നിയമസഭ 124 ദിവസം സമ്മേളിച്ചതില്‍ 34 ദിവസം പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. ജനാധിപത്യമെന്നാല്‍ ചര്‍ച്ചയാണ്. അതാണു പ്രതിപക്ഷം തുടര്‍ച്ചയായി ഇല്ലാതാക്കുന്നത്. പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ സമര്‍ഥിക്കാന്‍ കഴിയാതെ വരുമ്പോള്‍ സഭ സ്തംഭിപ്പിക്കുകയെന്ന തന്ത്രമാണു പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. ഇതു ഭീരുക്കളുടെ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം