ഉത്തരേന്ത്യയില്‍ കനത്ത മഴ: വെള്ളപ്പൊക്കത്തില്‍ മരണം 200 കവിഞ്ഞു

June 20, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരണം 200 കവിഞ്ഞു. നിരവധി പേരെ കാണാതിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വിനോദ സഞ്ചാരികളും തീര്‍ത്ഥാടകരുമുള്‍പ്പെടെ 70,000ത്തോളം പേര്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി കുടങ്ങിക്കിടക്കുകയാണ്.

ഉത്തരാഖണ്ഡിലാണ് മഴക്കെടുതിയില്‍ ഏറ്റവുമധികം ആളുകള്‍ മരിച്ചത്. മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡിന് ആയിരം കോടി രൂപയുടെ ദുരിതാശ്വാസം പ്രഖ്യാപിച്ചിരുന്നു.

പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളായ കേദാര്‍നാഥിലും ബദരിനാഥിലും കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താന്‍ 60,000ത്തോളം വരുന്ന സൈനികരെ അയച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടന്ന 10,000ത്തോളം പേരെ ഇതിനകം രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനായി  22 ഹെലികോപ്റ്ററുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ ഇറക്കാനാവാത്ത സാഹചര്യമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇടക്കിടെ തടസ്സപ്പെടുകയാണ്. സംസ്ഥാനത്തെ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. നിരവിധി പ്രദേശങ്ങളില്‍ റോഡും വീടുകളും ഒലിച്ചുപോയി. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി സംസ്ഥാനത്ത് 40 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ബുധനാഴ്്ച്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.

ഹിമാചല്‍ പ്രദേശിലും മഴക്കെടുതി രൂക്ഷമാണ്. കിന്നാവൂരില്‍ കുടുങ്ങിക്കിടക്കുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള 1,700 പേരില്‍ 76 പേരെ രക്ഷപ്പെടുത്തി. കിന്നാവൂരില്‍ കുടങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്. സംഗ്ലയില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയുള്ള രക്ച്ചം ഗ്രാമത്തില്‍ വിദേശീയര്‍ ഉള്‍പ്പെടെ 20 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. സംഗ്ലയില്‍ നിന്നും രക്ച്ചയിലേക്കുള്ള റോഡ് ഗതാഗതം പലയിടങ്ങളിലും തടസ്സപ്പെട്ടിരിക്കുകയാണ്.

ഡല്‍ഹിയില്‍ യമുനാ നദി കരകവിഞ്ഞൊഴുകുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഉസ്മന്‍പുര്‍, യമുന ബസാര്‍, ഭജന്‍പുര ശാസ്ത്രി പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നും 5,000ത്തോളം പേരെ ഒഴിപ്പിച്ചു. ഇവര്‍ക്കായി 900ത്തോളം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്.

കാലവര്‍ഷം കനത്തതോടെ കേരളത്തിലും വന്‍നാശനഷ്ടമുണ്ടായി. കടല്‍ക്ഷോഭത്തില്‍ തിരുവനന്തപുരത്ത് 800ഓളം പേര്‍ക്ക് വീടുകള്‍ നഷ്ടമായി.

രാജ്യത്ത് 3 കോടി ജനങ്ങള്‍ പ്രതിവര്‍ഷം പ്രളയ ദുരിതം നേരിടുന്നതായി ദേശീയ ജല കമ്മീഷന്‍ പുറത്തിറക്കിയ കണക്കുകളില്‍ പറയുന്നു. പ്രളയം 3.78 മില്യണ്‍ ഹെക്ടര്‍ കൃഷിഭൂമി നശിക്കാന്‍ ഇടയാകുന്നു. മഴക്കെടുതിയില്‍ പ്രതിവര്‍ഷം ശരാശരി 1,700 പേര്‍ മരിക്കുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം