വായനശാലകള്‍ സാംസ്‌കാരിക തീനാളങ്ങള്‍: ഡോ.എന്‍.എ.കരീം

June 20, 2013 കേരളം

തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക ജീവിതത്തിന്റെ തീനാളങ്ങളായിരുന്നു ഗ്രാമങ്ങളിലെ വായനശാലകളെന്ന് ഡോ.എന്‍.എ.കരീം അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പബ്ലിക് ലൈബ്രറി വായനാവേദിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ വായിച്ചുവളര്‍ന്ന കേരളം എന്ന വിഷയത്തില്‍ മുഖ്യപ്രഭാണം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്‍, അയ്യന്‍കാളി, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ നവോത്ഥാന നായകരുടെ ആശയങ്ങള്‍ സമൂഹത്തില്‍ എത്തിക്കുവാന്‍ ഗ്രാമീണ വായനശാലകള്‍  ഏറെ സഹായിച്ചു. വായനാശീലമാണ് നമ്മുടെ സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക് അടിത്തറയിട്ടത്.  സ്ത്രീകള്‍ക്ക് അക്ഷരജ്ഞാനം നല്‍കുവാന്‍ വായനശാലകള്‍ സഹായിച്ചു. ഗ്രാമത്തിലെ വായനാശാലയാണ് തന്റെ വിജ്ഞാനതൃഷ്ണയ്ക്ക് അടിത്തറ പാകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതുപോലും വായനയിലൂടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വായനാവേദിയുടെ ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രേറിയന്‍ പി. സുപ്രഭ നിര്‍വ്വഹിച്ചു. ടി.വിയും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇ-ബുക്കുകളുമെല്ലാം ഉണ്ടെങ്കിലും അവയ്‌ക്കൊന്നും വായനക്ക് പകരം വയ്ക്കാനാവില്ലെന്ന് ലൈബ്രറിയിലെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് അവര്‍ വ്യക്തമാക്കി. ഒരോ വര്‍ഷവും ലൈബ്രറി അംഗങ്ങളുടെ എണ്ണം കൂടിവരുന്നതായി ലൈബ്രേറിയന്‍ അറിയിച്ചു.

ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം.ആര്‍.തമ്പാന്‍ തുടര്‍ന്ന് പ്രഭാഷണം നടത്തി.പത്രവായന, സര്‍ഗ്ഗാത്മക സാഹിത്യം, വിജ്ഞാനശാസ്ത്രം എന്നിങ്ങനെ മൂന്നുതരം വായന ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വായനയിലൂടെയാണ് മഹാത്മാക്കളും സാമൂഹികമാറ്റവും ഉണ്ടാകുന്നതെന്ന് ഓര്‍മ്മിപ്പിച്ചു. സ്റ്റേറ്റ് ലൈബ്രേറിയന്‍ പി.കെ.ശോഭന, കഥാകൃത്ത് ബി.മുരളി തുടങ്ങിയവരും പ്രഭാഷണം നടത്തി. വായനാവേദി പ്രസിഡന്റ് കെ.ആര്‍.ക്ലീറ്റസ് അദ്ധ്യക്ഷ വഹിച്ചു. സെക്രട്ടി ആര്‍.ബിജു സ്വാഗതവും ജോയിന്റ് സെക്രട്ടറി കൃതജ്ഞതയും പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം