പുസ്തകവായനയിലൂടെ ലഭിക്കുന്ന അറിവ് സോഷ്യല്‍ മീഡിയ നല്‍കില്ല: മന്ത്രി കൊടിക്കുന്നില്‍ സുരേഷ്

June 20, 2013 കേരളം

ആലപ്പുഴ: പുസ്തകം വായിക്കുമ്പോള്‍ ലഭിക്കുന്ന അറിവ് സോഷ്യല്‍ മീഡിയയില്‍നിന്ന് ലഭിക്കില്ലെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് വി.എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച വായനാദിനം- വായനവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യല്‍ മീഡിയയിലൂടെ വളരാനാണ് ഇന്നത്തെ തലമുറയ്ക്ക് താല്‍പ്പര്യം. പുസ്തകം വായിക്കുമ്പോള്‍ ലഭിക്കുന്ന അറിവ് സോഷ്യല്‍ മീഡിയയില്‍നിന്ന് ലഭിക്കില്ല. പുസ്തകങ്ങളിലേക്കും വായനയിലേക്കും പുതുതലമുറ മടങ്ങിവരണം. വായനാശീലം അകലുന്നത് സാമൂഹിക-സാംസ്കാരിക അധപതത്തിനു കാരണമാകും. വായനയിലൂടെയേ പുരോഗതി സാധ്യമാകൂവെന്ന ചിന്തയില്‍നിന്നാണ് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ തുടക്കം. വായനവളര്‍ത്താന്‍ പി.എന്‍. പണിക്കര്‍ നല്‍കിയ സംഭാവകള്‍ അവിസ്മരണീയമാണ്. വായിച്ച് വളരാനുള്ള മലയാളികളുടെ പഴയകാല സ്വഭാവം തിരിച്ചുകൊണ്ടുവരാന്‍ കഴിയണം. വായനയാണ് വിദ്യാഭ്യാസ ജീവിതത്തിലെ ഏറ്റവും മഹത്തരമായ പ്രവൃത്തി-അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികള്‍ പുസ്തകങ്ങളുടെ കളിക്കൂട്ടുകാരാകണമെന്നും വായനയിലൂടെ ലഭിക്കുന്ന അറിവുകള്‍ സാമൂഹിക-സാംസ്കാരിക മുന്നേറ്റത്തിനു പ്രയോജപ്പെടുത്തണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ചെങ്ങന്നൂര്‍ നഗരസഭാധ്യക്ഷ ശോഭ വര്‍ഗീസ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ വിദ്യാഭ്യാസ-സാംസ്കാരിക മേഖലയില്‍ മികച്ച സംഭാവന നല്‍കിയ പ്രൊഫ. വി. രാധാമണി കുഞ്ഞമ്മയെയും മലയാളത്തില്‍ മികച്ചനിലയില്‍ ഫയലുകള്‍ കൈകാര്യംചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനുള്ള ജില്ലാതല ഭരണഭാഷാ പുരസ്കാരത്തിന് അര്‍ഹനായ കളക്ട്രേറ്റിലെ എം. സെക്ഷനിലെ ക്ളര്‍ക്ക് എന്‍. ഹരിദാസിനെയും കേന്ദ്രമന്ത്രി ആദരിച്ചു.

ചെങ്ങന്നൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കലാധരന്‍, നഗരസഭാംഗങ്ങളായ ശ്രീദേവി ബാലകൃഷ്ണന്‍, സുജ ജോണ്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍കുമാര്‍, ചുനക്കര ജാര്‍ദ്ദന്‍ നായര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ റ്റി.ജെ. അന്നമ്മ, പി.റ്റി.എ. പ്രസിഡന്റ് എ. ശശി, ഡോ. എന്‍. സുരേഷ് കുമാര്‍, തഹസില്‍ദാര്‍ അബ്ദുള്‍ ഹക്കിം, രാജേഷ് പൈ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം