ലൈംഗികാരോപണം: മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ടു

June 21, 2013 കേരളം

തിരുവനന്തപുരം: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ പരാതി പരിഹാര സെല്ലിലെ ജീവനക്കാരന്‍ ഗിരീഷ് കുമാറിനെ പിരിച്ചുവിട്ടു. കോള്‍ സെന്ററില്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. ഫോണില്‍ നിരന്തരം വിളിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

തന്റെ ജോലിയുമായി ബന്ധപ്പെട്ടാണ് പരാതിക്കാരി മുഖ്യമന്ത്രിയുടെ പരാതി സെല്ലിലേയ്ക്ക് വിളിച്ചത്. തുടര്‍ന്ന് ഗിരീഷ് കുമാര്‍ പരാതിക്കാരിയുടെ മൊബൈല്‍ നമ്പറിലേക്ക് നിരന്തരം വിളിച്ചു. മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള അവസരം ഒരുക്കി തരാമെന്ന് പറയുകയും ഇതിനായി തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് ഗിരീഷിന്റെ സുഹൃത്തുക്കള്‍ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയെന്നും പരാതിക്കാരി വ്യക്തമാക്കി.

തുടര്‍ന്ന് മെയ് 25 നാണ് പരാതിക്കാരി മുഖ്യമന്ത്രിയ്ക്ക് ഇമെയില്‍ വഴി പരാതി അയച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു മാസത്തേക്ക് ഒരു അറിയിപ്പുമുണ്ടായില്ലെന്നും പരാതിക്കാരി പറഞ്ഞു.

വീണ്ടും അവഹേളിക്കുന്ന വിധത്തില്‍ പരാതിക്കാരിയുടെ പേര് ഉള്‍പ്പെടെ വെളിപ്പെടുത്തിക്കൊണ്ടാണ് ജീവനക്കാരനെ പിരിച്ചുവിട്ട പത്രക്കുറിപ്പ് പുറത്തിറക്കിയത്. ലൈംഗികാരോപണ കേസുകളില്‍ പരാതിക്കാരിയുടെ പേര് രഹസ്യമായി സൂക്ഷിക്കണമെന്ന നിബന്ധന പാലിച്ചില്ല. കൊല്ലം സ്വദേശിയായ ജീവനക്കാരിയുടെ പേര് സഹിതമാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം