എന്‍എസ്എസ് എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കും

June 22, 2013 കേരളം

ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റിക്ക് 2013-2014 വര്‍ഷം 105 കോടി രൂപയുടെ വരവും അത്രയും തന്നെ രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. പെരുന്ന എന്‍എസ്എസ് പ്രതിനിധി സഭാമന്ദിരത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരാണു ബജറ്റ് അവതരിപ്പിച്ചത്. വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, കാര്‍ഷികം, സ്ത്രീ ശാക്തീകരണം, ആതുര സേവനം എന്നീ മേഖലകള്‍ക്കു മുന്‍തൂക്കം നല്‍കുന്ന പദ്ധതികളാണു ബജറ്റിലുള്ളത്. തിരുവനന്തപുരത്ത് എന്‍ജിനിയറിംഗ്, മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ തുടങ്ങും. ഓരോ കരയോഗത്തിലും അധ്യാത്മിക പഠനകേന്ദ്രവും കുമ്മണ്ണൂരില്‍ ഡീ അഡിക്ഷന്‍ സെന്ററും തുടങ്ങും. പെരുന്നയിലെയും പന്തളത്തെയും ആശുപത്രികള്‍ സൂപ്പര്‍ സ്പെഷാലിറ്റികളാക്കി ഉയര്‍ത്തും.

ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ അടുത്ത ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്ന മന്നം ജയന്തി സമ്മേളനത്തില്‍ തുടക്കംകുറിച്ച് 2015 ജനുവരി രണ്ടിനു സമാപിക്കും. കെട്ടിടങ്ങളില്ലാത്ത കരയോഗങ്ങള്‍ക്കും യൂണിയനുകള്‍ക്കും മന്ദിരങ്ങള്‍ നിര്‍മിക്കും.

59 താലൂക്ക് യൂണിയനുകളിലെ വനിതാ സാശ്രയസംഘങ്ങളുടെ 19000മായി വര്‍ധിപ്പിക്കും. അംഗങ്ങളുടെ എണ്ണം 3.50 ലക്ഷമായി ഉയര്‍ത്തും. ഈ സംഘങ്ങളുടെ ക്രയവിക്രയ തുക 707 കോടിയില്‍നിന്നു 900 കോടിയായി ഉയര്‍ത്താനും തീരുമാനമുണ്ട്.

കഴിഞ്ഞ വര്‍ഷം 1630 കരയോഗങ്ങളില്‍ എച്ച്ആര്‍ സെല്ലുകള്‍ രൂപീകരിച്ചു. അടുത്ത വര്‍ഷം 5,600 കരയോഗങ്ങളിലും എച്ച്ആര്‍ സെല്ലുകള്‍ സ്ഥാപിക്കും. സമ്മേളനത്തില്‍ പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. നേതാക്കള്‍ മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം