ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അത്യന്താധുനിക സുരക്ഷാ ഉപകരണങ്ങളെത്തി

June 22, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

slider-guruvayurഗുരുവായൂര്‍: സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ  ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതിനുള്ള സുരക്ഷാ ഉപകരണങ്ങള്‍ എത്തി. സുരക്ഷാ ഉപകരണങ്ങളില്‍ ഏറ്റവും മികച്ച ബാഗേജ് സ്കാനറുകളാണ് സ്ഥാപിക്കാനായി എത്തിച്ചിട്ടുള്ളത്. പൂനെയിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നാണ് സ്കാനറുകള്‍ കൊണ്ടു വന്നത്. സുരക്ഷാഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനായി ദേവസ്വം, സര്‍ക്കാരിലേക്ക് രണ്ടര കോടി രൂപ നല്‍കിയിരുന്നു. പോലീസിലെ വിദഗ്ധ സംഘമാണ് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നത്. സുരക്ഷ ശക്തമാക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരം സുരക്ഷ ശക്തമാക്കുന്നത്. അതീവദേവസ്വം ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള സ്കാനറുകള്‍ ഉടന്‍ ക്ഷേത്രകവാടങ്ങളില്‍ സ്ഥാപിക്കും. സ്കാനറുകള്‍ സ്ഥാപിക്കുന്നതോടെ ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുപോകുന്ന സാധനങ്ങള്‍ പരിശോധിക്കാനാവും. ഇപ്പോള്‍ പോലീസുകാര്‍ ഭക്തരുടെ ബാഗുകള്‍ ഉള്‍പ്പെടെയുള്ളവ കൈയില്‍ വാങ്ങി പരിശോധിച്ച ശേഷമാണ് ക്ഷേത്രത്തിനകത്തേക്ക് കടത്തി വിടുന്നത്.

പോലീസുകാര്‍ ഭക്തരുടെ ദേഹത്ത് സ്പര്‍ശിച്ചു നടത്തുന്ന പരിശോധന സംബന്ധിച്ച് നിരവധി പരാതിയുണ്ടായിരുന്നു. എന്നാല്‍ സ്കാനര്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ പോലീസുകാരുടെ പരിശോധന ഒഴിവാക്കാനാവും. കഴിഞ്ഞ മാസം ക്ഷേത്ര സുരക്ഷയുമായി ബന്ധപ്പെട്ട് ഡിജിപി കെ.എസ്. ബാലസുബ്രമഹ്ണ്യത്തിന്റെ അധ്യക്ഷതയില്‍ ഗുരുവായൂരില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. ക്ഷേത്രത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ അതിവേഗം സ്ഥാപിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചിരുന്നു. ബാഗേജ് സ്കാനറുകള്‍ക്കു പുറമേ ഹാന്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍, ക്ഷേത്രത്തിനുള്ളിലും പുറത്തുമായി കൂടുതല്‍ നിരീക്ഷണ കാമറകള്‍, ഡോര്‍ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍ തുടങ്ങിയ ഉപകരണങ്ങളാണ് അടുത്ത ഘട്ടത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം