ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വീഴ്ചപറ്റി: സുശീല്‍ കുമാര്‍ ഷിന്‍ഡെ

June 22, 2013 ദേശീയം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വീഴ്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വീക്ഷിക്കാന്‍ സംസ്ഥാനത്ത് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏകോപനത്തിന്റെ കുറവുണ്ടായി. പലയിടത്തും കുടുങ്ങിയിരിക്കുന്ന 40,000 ത്തോളം പേരെ രക്ഷിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും ഇവരെ രക്ഷപെടുത്താന്‍ മൂന്ന് ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ ഷിന്‍ഡെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കേന്ദ്രം രക്ഷാപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിത മേഖലയില്‍ നിന്ന് കണ്ടെടുത്ത ചില മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം വികൃതമാണെന്നും ഡിഎന്‍എ പരിശോധന നടത്തി ആളുകളെ തിരിച്ചറിയാനുള്ള സൌകര്യങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം