ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകര്‍ക്കുനേരെ അക്രമവും മോഷണവും വ്യാപകം

June 23, 2013 ദേശീയം

utharakhand-flood3ഡെറാഡൂണ്‍: പ്രളയത്തില്‍ മലമടക്കുകളില്‍ കുടുങ്ങിക്കിടക്കുന്ന തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും എതിരെ വ്യാപകമായ ആക്രമണമാണ് നടക്കുന്നതെന്നു റിപ്പോര്‍ട്ട്. പ്രളയം പോലുള്ള ദുരന്തസ്ഥലങ്ങളില്‍ തീര്‍ത്ഥാടകരുടെ വിലയേറിയ വസ്തുക്കളും പണവും കൊള്ളയടിക്കുന്ന കുറ്റവാളികള്‍ ഉണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സൈന്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെങ്കിലും ചില ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ എത്താന്‍പോലും രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല.  എന്നാല്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ഉത്തരാഖണ്ഡ് ഡിജിപി സത്യവ്രത് ബന്‍സാല്‍ അറിയിച്ചു. ശവശരീരങ്ങളില്‍ നിന്നുപോലും വിലപിടിച്ച സാധനങ്ങള്‍ മോഷ്ടിക്കപ്പെടുന്ന വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ശവശരീരത്തില്‍നിന്നും സ്വര്‍ണ്ണവും പണവും അപഹരിച്ച ഒരാളെ ഉഖിമത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതുകൂടാതെയാണ് വെള്ളത്തിനും ഭക്ഷണ സാധനങ്ങള്‍ക്കും തീപിടിച്ച വിലയാണ് ഈടാക്കുന്നത്. ഒരു കുപ്പി വെള്ളത്തിന് നൂറ് രൂപയും ബിസ്കറ്റിന് ഇരുനൂറ് രൂപയുമാണ് പ്രളയബാധിത മേഖലയില്‍ വിലയീടാക്കിയതായും വാര്‍ത്തയുണ്ട്. പ്രളയം ബാധിച്ച് എല്ലാം നഷ്ടപ്പെട്ട തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും നാട്ടുകാരുടെ കൊള്ളയടിക്കും അക്രമത്തിനും കൂടി ഇരയായുകയാണ്. ദുരന്തം സംഭവിച്ചതിനുശേഷം രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് രക്ഷപ്പെട്ട് തിരിച്ചെത്തുന്നവര്‍ പരാതിപ്പെടുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം